Jun 2, 2012

കഴിഞ്ഞ തൃശ്ശൂപൂരത്തിന് .


അപ്രതീക്ഷിതമായതു സംഭവിച്ചുകൊണ്ട് യാത്രകളെന്നും വിസ്മയിപ്പിക്കുന്നു. എന്നത്തെയും പോലെ വര്‍ണവിസ്മയങ്ങള്‍ കാണാനാണ് ഈ കഴിഞ്ഞ തൃശൂര്‍പൂരത്തിനും പോയത്.
മഠത്തില്‍ വരവും ,ഇലഞ്ഞിത്തറമേളവും കഴിഞ്ഞു ഉച്ചയോടെ തെക്കോട്ടിറക്കം. എഴുനൂറ്റിപത്തുരൂപ കൊടുത്തു ഞാന്‍ പുതിയതു വാങ്ങിയ എന്റെ ഫിഷറിന്റെ ചെരിപ്പാ പൊട്ടിപോയതു തെക്കോട്ടിറങ്ങിയപ്പോള്‍..തെക്കോട്ടെടുക്കുമ്പോള്‍ അതിലും വലുതു നഷ്ടമാവുമല്ലോ എന്നോര്‍ത്തപ്പോള്‍ അതൊക്കെ ക്ഷമിച്ചു.

 
പിന്നെയെന്തിനാ നിരാഷിക്കണേ കുടമാറ്റമല്ലെ വരുന്നേ പിന്നാലെ അപ്പോള്‍ അതിനുവേണ്ടി എന്തും സഹിക്കാന്‍ തയ്യാറാ അതൊരു വികാരന്നെ തൃശൂര്‍ക്കാരന്റെ വികാരം. വടക്കുംനാഥനു മുന്‍പില്‍ ആയിരങ്ങള്‍ക്കു നടുവില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണുകയെന്നത് ഒരുസുഖാ ഒരു നിര്‍വൃത്യാ ഇടയ്ക്കു നമ്മള്‍ക്കും സുഖികെണ്ടേന്നു.

  
മൂന്നു മണികൂര്‍ നീണ്ട സാഹസമായിരുന്നു കുടമാറ്റം.
ഈ വര്‍ഷം പാറമേക്കാവ് പൊരിച്ചു എന്തൂട്ടാ കുടകള്. ബലൂണ്‍ കുട,അയ്യപ്പന്‍കുട അങ്ങനെ ഒരുപാടെണ്ണം പിന്നെ തിരുവമ്പാടി കുറച്ചു പുറകിലേക്ക് പോയിരുന്നാലും എല്‍ ഇ ഡി കുട അവരു തകര്‍ത്തു. പിന്നെ എന്തൊക്കെയോ കാണിച്ചു പക്ഷേയാ ആന പുറത്തിരികണ കൊശവന്‍മാരു മര്യാദയ്ക്കു കുടപിടിക്കാതെ എല്ലാം കൊളമാക്കി ആ എന്നാലും സംഭവം മൊത്തത്തില്‍ കേമായി കിടുക്കി. ആ വിസ്മയത്തിനുശേഷം വര്‍ണവിസ്മയം.

വെടിക്കെട്ട് മൂന്നു മണിക്കാണ് അന്നിട്ട്‌ ഉറങ്ങി എഴുന്നേറ്റ് വന്നപ്പോഴോ രണ്ടേ മുക്കാലായി പിന്നെ ഹങ്ക് എടുത്തു എണ്‍പതു നൂറില്‍ പെടച്ചു വിട്ടു. ഒരുകണക്കിനു കുറ്റിതിരുകി നടുവിലാല്‍ പരിസരത്ത് എത്തിയെന്നു പറഞ്ഞാമതി.
വെടിക്കെട്ടു കാണണമെങ്കില്‍ ശരിക്കും അവിടെനിന്നു കാണണം രണ്ടു കൂട്ടരുടേയും കൂട്ടപൊരിച്ചില്‍ നല്ലമെനക്ക്‌ കാണാം.

അങ്ങനെ പൂരപ്രേമികള്‍ കാത്തിരുന്ന ആനിമിഷം ഒടുവില്‍  വന്നെത്തി. ആയിരമായിരം കാതുകളെയും തൃശൂരിനെയും പ്രകമ്പനം കൊള്ളിച്ച കരിമരുന്നുപ്രയോഗം ഒറിജിനല്‍ സാമ്പിള്‍ വെടിക്കെട്ടിന്റെ അത്രേം പോരാന്നാണ് എനിക്ക് തോന്നിയെ എന്നാലും ചെവിയൊക്കെ അടഞ്ഞുതരിപ്പായി അതുമതി.കൂട്ടപോരിച്ചില്‍ കഴിഞ്ഞവിടന്നു പിന്നെ  കരിമരുന്നിന്റെ കലകളായിരുന്നു ഒരു വര്‍ഷത്തെ ഒരുപാടുപേരുടെ കഷ്ട്പാടിന്റെ ഫലം. പൂരപ്പറമ്പില്‍ ഉയരുന്ന കൈയടിയില്‍. .**,ഓരോ വര്‍ഷവും വ്യത്യസ്ത കുടകളും വര്‍ണവിസ്മയവും തീര്‍ക്കുന്ന ഒരുപാടു കലാകാരന്‍മാര്‍ അവര്‍ ശരിക്കും ആ കൈയടി അര്‍ഹിക്കുന്നു. 
ആ ഗഡികളെ ഞങ്ങളു നമിക്കുന്നു അതില്‍അഭിമാനം കൊള്ളുന്നു.


വെടിക്കെട്ട് കഴിയുന്നത്തോടെ നേരം പുലരും നേരം പുലരുന്നതോടെ തൃശൂര്‍പൂരം അവസാനിക്കുകയാണ് പകല്‍പൂരത്തിനായി.

തൃശൂര്‍ക്കാരന്റെ പൂരത്തിനായി സൂര്യന്‍ ചൂട്ടുമായി സ്വരാജ്‌ റൌണ്ട് മുഴുവന്‍ വെളിച്ചം വിതറുന്നു . ഞാന്‍ വെടിക്കെട്ട് കഴിഞ്ഞു എന്റെ കുടിയിലേക്ക് പോന്നു പകല്‍പൂരത്തിനും വരണേ... നമ്മള്‍ക്ക് വേറെ എന്തൂട്ടാ പണിസ്റ്റാ പൂരമാണോ ,ഉത്സവമാണോ ,ചെണ്ട പുറത്തു കോല് വീണോ മ്മള് അവിടെയുണ്ട്. എന്തുടെന്നുപറയാനാ  കാലത്ത് കുളിച്ചു കൂടെ വരാമെന്നും പറഞ്ഞുപ്പോയ ഓരോരുത്തന്‍മാരെ നോക്കിയിരിന്നു ഓരോ നേരമായി അവസാനം അവിടെയെത്തിയപ്പോള്‍ ഉച്ചര ഉച്ചേ കാലായി ശക്തന്‍സ്റ്റാന്‍ഡില്‍ ഇറങ്ങി നടത്തം തുടങ്ങിയപ്പോള്‍ തന്നെ ഒരു മെസ്സേജ് വന്നു ഫോണില്‍ പിറകെ കോളും പൂരപറമ്പില്‍ ആന ഇടഞ്ഞു വെന്നു...

അവരോടു എങ്ങനെ ഇടയാതിരിക്കും ശക്തനില്ലിപ്പോ ബസില്‍ വന്നുപുലി ഇറങ്ങിയത് ആന അതറിഞ്ഞു കാണും അതല്ലേ ആന ഇടഞ്ഞതെന്നും പറഞ്ഞു  പൂരപറമ്പിലെക്കോടി.

മനസ്സില്‍ അങ്ങനെയൊന്നും സംഭവിക്കല്ലേയെന്നു പ്രാര്‍ത്ഥിച്ചു ചെന്നു കണ്ടപ്പോള്‍ സംഭവം സത്യാട്ടാ ആന പറമ്പിലുക്കിടന്നോടുന്നു. സത്യത്തില്‍ ആ നേരത്താണ് നേരം വൈകിച്ചവന്‍മാരോട് അല്പം ബഹുമാനം തോന്നിയത്.
പക്ഷേ ആന അങ്ങനെ കൊലവേറി നടത്തിയെന്നു തോന്നിയില്ല അവിടെ ആളുകള്‍ നടത്തിയ ഓട്ടമാണ് ഓട്ടം  ആന ശരിക്കും ഒന്നു കല്‍പ്പിച്ചു ഇടഞ്ഞിരുന്നെങ്കില്‍  എല്ലാവരും മറക്കാന്‍ ശ്രമിക്കുന്ന പൂരമായിരുന്നെനെ ആ വര്‍ഷത്തെ. എല്ലാം വടക്കുംനാഥന്‍ കാത്തു പിന്നെ ആനയെ തളച്ചു ശുദ്ധിയും പൂജകളും കഴിഞ്ഞു വീണ്ടും പൂരചടങുകള്‍ തുടങ്ങിയപ്പോള്‍ രണ്ടു മൂന്ന് മണിയായി.
കാതടയ്കുന്ന നാലു ദിക്കുകളെയും പ്രകമ്പനം കൊളിച്ച പകല്‍ വെടിക്കെട്ടോടെ, അമിട്ടിനോപ്പം പൊട്ടിവിരിയുന്ന കുടകള്‍ പെറുക്കാന്‍ പൂരപറമ്പില്‍ ആളുകള്‍ ഓടി നടകുന്ന കാഴ്ച്ചയോടെ ആ  പൂരവും കാലയവനികയിലേക്ക് കാലെടുത്തുവച്ചുനടക്കാന്‍ തുടങ്ങി. എല്ലാ വിസ്മയവും കഴിഞ്ഞെന്നു കരുതിയിരികുമ്പോള്‍ വീണ്ടും എന്തോ ചീഞ്ഞുനാറുന്നു അതെ വിശന്നിട്ടു മനുഷ്യന്റെ
കുടലു കരിയുന്ന മണം.
പൂരപറമ്പിലൂടെ ഹോട്ടലുകള്‍ തേടി നടക്കാന്‍ തുടങ്ങി.
അപ്പോള്‍ മുതലേ പൂരപറമ്പു വീണ്ടും പഴയ തേക്കിന്‍ക്കാടിനെ ആവാഹിക്കാന്‍ തുടങ്ങിയിരുന്നുതേക്കിന്‍ ചുവട്ടില്‍ കുശലവുമായി ഒരുപാടുപേര്‍ ,വര്‍ത്തമാനം ,ചീട്ടുകളി അങ്ങനെ തൃശ്ശൂര്‍ വീണ്ടും പൂരലഹരിയില്‍ നിന്നും അടുത്ത പൂരകാലത്തിലേക്കുള കാത്തിരിപ്പിലായി. 
ആളൊഴിഞ്ഞ പൂരപറമ്പും ചോറില്ലാത്ത ഹോട്ടലും കണ്ടു  മനുഷ്യന്റെ കണ്ണില്‍ അശ്രുനിറഞ്ഞുവീണു. ഒരല്‍പം ചോറിനുവേണ്ടി മനുഷ്യന്‍റൌണ്ട് മൊത്തം കറങ്ങി അപ്പോഴാണ് ഒരു കാര്യമെനിക്കു മനസിലായതു കേരളത്തിലെ ജനങളുടെ ഒരു തീറ്റയെ പ്രേതെകിച്ചു തൃശ്ശൂരിലെ ഒരൊറ്റ ഹോട്ടലില്‍ ഫുഡില്ല. ഒടുവില്‍ നമ്മളു ഫുഡ്സുളോരു ഹോട്ടല്‍ കണ്ടുപിടിച്ചു.

വിശന്നു വലഞ്ഞു ഒരുവിധത്തില്‍ എന്തെങ്കിലും കിട്ടിയാ മതിയെന്നായി "ചേട്ടാ എന്തൂട്ടാ കഴിക്കാന്‍ സംഭവം അവിടെയപ്പോ  ബിരിയാണിയെ ഉള്ളു പൂരം അല്ലെ സംഭവം കളറായി കൂട്ടെന്ന് ഇടയ്ക്കു നമ്മള്‍ക്കും സുഖികെണ്ടേന്നു.

ഓര്‍ഡറേല്ലാം കൊടുത്തു വെള്ളവും കുടിച്ചു ഇരിക്കുമ്പോഴാണ് എനിക്ക് ഈ ഫുഡ്‌നു വേണ്ടിയുള്ള  അലഞ്ഞു തിരിയല്‍ എന്തിന്നായിരുന്നുവെന്നു ബോധ്യമായത്. വിഷാദത്തിന്റെയും നിരാശയുടെയും പടുകുഴിയില്‍ വീണുപൊട്ടി തകര്‍ന്നിരിക്കുന്ന എന്റെ മനസ്സിലെ എന്റെ കലയെ വായനോട്ടത്തെ വീണ്ടും പരമോന്നതിയില്‍ എത്തിക്കാന്‍ ഓരുവള്‍......

നീണ്ട നാലഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം എന്നെകൊണ്ടു  അങ്ങനെ നോക്കിയിരിക്കാന്‍ തോന്നിച്ചവളുടെ പേരറിയില്ല നാളറിയില്ല നാടറിയില്ല...പക്ഷേ ഞങ്ങള്‍ അസ്സലായി പരസ്പ്പരം എന്ത് ഇപ്പൊ മാഷിനു തോന്നിയില്ലേ അതന്നെ. ഞാന്‍ ഇരിക്കുന്നതിനും മറുവശത്ത് അമ്മയോടും അച്ഛനോടും പിന്നെ ആരുടെയോക്കെയോ കുറെ ക്ടാങ്ങളുടെ കൂടെ ആ അവള്‍........
ആദ്യമൊക്കെ ഞാന്‍ വെറുതെയാണ് നോക്കിയതെങ്കിലും  അവള്‍ക്കു എന്നെ അവളിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞു.

ഭയങ്കരി തന്നെ ഞാന്‍ ഇമവെട്ടാതെ പഴയ പ്രതാപം വീണ്ടെടുത്തു എന്റെ ഗുരുക്കന്‍മാരെയും ശിഷ്യരെയും മുപ്പത്തി മുക്കോടി വായനോക്കിയവരെയും മനസ്സില്‍ ധ്യാനിച്ച്‌ 
അവളിലേക്ക് തന്നെ നോക്കിയിരുന്നു. ഒടുവില്‍ എപ്പോഴോ അവളും വീണു ഗഡീ........

അവള്‍ക്കു നോക്കാതിരിക്കാന്‍ കഴിയില്ല കാരണം എന്നെ ചില നേരത്തു സമ്മതിക്കണം പിന്നെ അവിടെ നിന്നും കണ്ണുകൊണ്ട് അസ്ത്രാഭ്യാസമായിരുന്നു. ഒരു മഹാഭാരതയുദ്ധം തന്നെ അവളുടെ കണ്ണുകള്‍ക്ക് മീതെ എന്റെ ഭാണങ്ങളെ തടുക്കാന്‍ എന്തോ ഒരു കവചമുന്‍ണ്ടായിരുന്നു അതൊരു കണക്കിനു വളരെ നല്ലതാ എങ്ങോട്ടാണു നോക്കുന്നതുയെന്നു ആള്‍ക്കുമാത്രെ അറിയൂ കാണുന്ന ആര്‍ക്കും ഒന്നും മനസിലാവില്ല.

അപ്പൊ വിചാരിയ്ക്കും  അവള്‍  എന്നെ തന്നെയാണോ നോക്കിയതെന്നു എന്താ ഉറപ്പെന്ന്. ഉറപ്പാ കാരണം അതൊക്കെ  പരീക്ഷിച്ചു മനസിലാക്കിയട്ടാണ് എല്ലാം തുടങ്ങിയത്.

എന്നാല്‍ അതിനിടയില്‍ ഹോട്ടലില്‍ ഞങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ടു ശ്വാസം നിലച്ചുപോകുന്ന ദാരുണമായ ഒരു സംഭവം നടന്നു ഹോട്ടലാകെ നിശബ്തമായ പ്രതീതി എന്താകാര്യം ?ബിരിയാണി കഴിഞ്ഞുവെന്നു സത്യം ഹോട്ടലാകെ പരന്നു.
ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങളെ  അവിടെനിന്നും എഴുന്നേറ്റു പോകാന്‍ അവളു സമ്മതിക്കണ്ടേ
എന്താ ആ ഒരു നോട്ടം ഹോ.. 

അതുകൊണ്ടു ബിരിയാണിയ്ക്കു പകരം കുറച്ചു ഫ്രൈഡ്‌ റൈസ് ഉണ്ടെന്നു കേട്ടപ്പോള്‍ അതോര്‍ഡര്‍ ചെയ്തു. ഒരുകണക്കിനു ഞങ്ങള്‍ക്കതു  കൂടുതല്‍ നേരം കണ്ണില്‍കണ്ണില്‍ നോക്കിയിരിക്കാന്‍ അവസരമായി.

"കണ്ണട ഉണ്ടെങ്കിലും അവളുടെ കണ്ണുകള്‍ എനിക്കു കാണാമായിരുന്നു മനസും" :) . അതു നല്ല മെനക്ക് നടക്കുന്നതിനിടയില്‍ ഫുഡ്‌ വന്നതും കഴിഞ്ഞതുമെല്ലാം ഞങള്‍ അറിഞ്ഞതെ ഇല്ല. എല്ലാം വളരെപ്പെട്ടനാണ് അവിടെ നടന്നു കൊണ്ടിരുന്നതു അതിനിടയ്ക്കു അവള്‍ തീറ്റയും കഴിഞ്ഞു കൈകഴുകിവന്നു അപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം മനസിലായതു. അവള്‍ നല്ല ബെസ്റ്റു തീറ്റക്കാരി കൂടിയാണ്‌..

അല്‍പനേരം കൂടികഴിഞ്ഞാല്‍ ഞങള്‍ പിരിയാന്‍ പോവുന്നുയെന്ന സത്യം അതു പെട്ടെന്നുതന്നെ ഞങ്ങളുടെ മനസിനെ പിടിച്ചുകുലുക്കി അല്ലെങ്കില്‍ ഞാന്‍ കൈകഴുകാന്‍ എണീറ്റപ്പോള്‍ അവള്‍ വീണ്ടും കൈകഴുകാന്‍ ഒരു ക്ടാവിനെയും കൊണ്ട് വരില്ലല്ലോ. ഇനിവേറെ നിങ്ങള്‍ എന്തുതന്നെ പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല അവളു എന്നെ കാണാന്‍ മാത്രമാണ് വീണ്ടും വാഷ്‌റൂമില്‍ വന്നത്. ഞാനും വേഗം വാഷ്‌ റൂമിലെക്കോടി.

അവിടെ അവളും കൂടെ ഒരു ചെറിയ ചിടുങ്ങു ക്ടാവും മാത്രം.
പൂരമായതു കൊണ്ടാണോന്നറിയില്ല അവിടെത്തെ പൈപ്പിലും വെള്ളമില്ല പക്ഷെ അവര്‍ ഒരു ബക്കറ്റില്‍ വെള്ളം കൊണ്ട് വച്ചത് ഇതിനായിരുന്നോ.... ഞാനും അവളും വെള്ളമെടുക്കാന്‍ ചെറിയൊരു കപ്പു ബക്കറ്റിലെക്കിട്ടു ഞങ്ങളുടെ കൈകള്‍ പരസ്പരം അറിയാതെ ഞങ്ങളുടെ ഹൃദയത്തില്‍ തൊട്ടു. ഞാന്‍ അവളുടെ അടുത്തു നിന്നും കണ്ണാടിയില്‍നോക്കി അവളും അവളുടെ കണ്ണുകളും അവിടെയും എന്നോടു കടംങ്കഥകള്‍ പറഞ്ഞു എന്റെ കൂടെ അവള്‍ നിന്നപ്പോള്‍ കൊടിമരത്തിനു താഴെ നിലവിളക്ക് വച്ചപോലെയുണ്ട്.

എന്റെ അത്രേം ഈ ഈ ഉയരം പോര..
അതു പണ്ട് മാമ്മന്റെ ഭാര്യമാരെ കളിയാക്കിയപ്പോള്‍ അവരു ശപിച്ചതാ. നീ കെട്ടുന്ന പെണ്ണിന്നു ഉയരമുണ്ടാവില്ലെന്ന്‍.. നീയും ഭാര്യയും നടന്നുപോകുമ്പോള്‍ ആളുകള്‍ അയ്യേന്നു പറയുമെന്നും  ഇനി അതെങ്ങാനും സത്യമാവുമോ ഈശ്വരാ അതു പോലെയാണെ ചിരിയും നോട്ടവും എനിക്ക് വയ്യ.

എന്തോ ഞാനോരു പാട്ടുമൂളി പേരറിയാത്തൊരു നൊമ്പരത്തെ സ്നേഹമെന്നരോ വിളിച്ചു.

അപ്പോഴേക്കും മ്മടെ പിള്ളേരും അവളുടെ അമ്മയുമൊക്കെ വന്നു ആ വാഷ്‌റൂം നിറഞ്ഞു. പിന്നെ കൈയും കഴുകി അവരുടെ പിന്നാലെ തന്നെ  കാഷ് പേ ചെയ്യാനും ഓടി. കൂടെ വന്നവരോടു പറഞ്ഞു ഡാ..... ഐ വില്‍ പേ ദി ബില്‍ ട്ടോ. ഗോവണിപടികള്‍ ഇറങ്ങി നടകുമ്പോള്‍ മനസ്സില്‍ വീണ്ടും ഒരു പാട്ട് 

"കണ്‍കള്‍ ഇരണ്ടാല്‍ എന്‍ കണ്‍കള്‍ ഇരണ്ടാല്‍ ഒരു സുബ്രമണ്യപുരം സ്റ്റൈല്‍.........

ആ തല ആട്ടലും ആ ചിരിയും നോട്ടവും അതനുഭവിക്കല്‍ ഒരു അടിപൊളി  കളറു പരിപാടിസ്റ്റാ. കാശുകൊടുത്തു കഴിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു അപ്പൊ പൂവല്ലേ ? മനസ്സില്‍ ഒരുചോദ്യം എവിടേക്ക് മനസ് പറഞ്ഞു അവള്‍ എവിടെക്കോ അവിടേക്ക്.
കൂടെയുള്ളവന്‍മാരെ പൂരം എക്സിബിഷന്‍ കാണാന്‍വിട്ടുഎന്നിട്ടു അതെ പൂരപറമ്പിലൂടെ അവരുടെ പുറകേ അവളെയും നോക്കി താഴെ ആളു വലിപ്പത്തിലുള്ള വെടിക്കെട്ടിനു വേണ്ടി കുഴിച്ച കുഴികളും നോക്കി നടന്നു അല്ലെങ്കില്‍ അതിലു വീണു കഴിയും എല്ലാം. 
ആ പൊരിവെയിലത്ത്‌ അവളുടെ പിറകേ നടക്കാന്‍ മാത്രം അവളു അത്രയും എന്താപറയാ ?
സുന്ദരിയൊന്നുമല്ല. പക്ഷേ ഒരുപാടു കാലമായി എന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന കലയെ നിമിഷങ്ങല്കുള്ളില്‍ എന്നിലേക്ക് തിരികെ തന്നവളോട് എന്തോ ഒരു ഇതു എന്തോ ഒന്ന്.
അതാണ് അല്ലാതെ ഛെ ഛെ നിങ്ങളീ  വിചാരിക്കുന്നപ്പോലെ ഏയ് അതൊന്നുമല്ല കാരണം അങ്ങനെ ആ നടത്തം ചെന്നവസാനിച്ചതു ശ്രീമൂലസ്ഥാനത്ത് .

അല്പം മുന്‍പു ഒരാനയിടഞ്ഞു ലോകം മുഴുവന്‍ കണ്ടസ്ഥലം അവിടെയപ്പോള്‍ ആരുമില്ല  ശാന്തം സുന്ദരം അങ്ങനെയൊരു സംഭവം നടന്നതായെ തോന്നുകയില്ലതൃശൂര്‍ അങ്ങനെയാണ് എല്ലാം വേഗത്തില്‍ മറക്കും പൊറുക്കും എല്ലാം പെട്ടനായിരിക്കും. ഭാഷപോലെ തന്നെ ചടപടെന്നു കാര്യങ്ങള്‍ നടക്കും. 

ഞാന്‍ അവിടെ ശ്രീമൂലസ്ഥാനത്തെ ആ ആലില്‍ ഇരുന്നു. തൂവാനത്തുമ്പികള്‍ സിനിമയില്‍ ലാലേട്ടന്‍ ചെരിഞ്ഞു ഇരുന്നു പാര്‍വതിയോട് ക്ലാരയെകുറിച്ചു പറയുന്ന ആ ആലില്‍ തന്നെ.
അവരു കുടുംബം മുഴുവന്‍ അവിടേക്ക് മാറി നിന്ന് ആരോടോ എന്തോ പറയുന്നു പക്ഷേ അവള്‍ എന്റെ കണ്‍വെട്ടത്തു തന്നെ ഞാന്‍ അവളുടെ കണ്ണുകളിലും .

അങ്ങനെ സമയം നാലാവറായി സൂര്യനൊപ്പം അവരും നടക്കുന്നു അവരുടെ ഒപ്പം ഞാനും അതു ചെന്നവസാനിച്ചതോ നെഹ്‌റു പാര്‍ക്കില്‍ അവസാന അങ്കം അവിടെയായിരുന്നു.

അവിടെ ചെന്നപ്പോള്‍ തോന്നി അതു ഇങ്ങനെയുള്ള പരിപാടികളുടെ സംഗമവേദിയാണോയെന്നാണ്. എന്റെ ഈശ്വര ഒന്നും പറയണ്ടാ അവിടെയൊക്കെ ചെന്നുപ്പെട്ട ഒരു കുട്ടി 
മാത്രമായി പോയി ഞാന്‍... നേരം വൈകാതെ തന്നെ ഞാന്‍ ബാലവേലകള്‍ ചെയ്തുതുടങ്ങി സന്ധ്യ ആയാല്‍ വെളിച്ചകുറവു വരും പിന്നെ കളി തുടരുക അതുണ്ടാവില്ല.

ഞാനവളെ കാണാതെ മാറിനടന്നു അവളുടെ കണ്ണുകള്‍ എന്നെ തേടുന്നതു മാറിനിന്നു കണ്ടു ഞെട്ടിപ്പൊട്ടിത്തെറിച്ചു. കേവലമൊരു ദിവസത്തെ കളിതമാശ മാത്രമാകാതിരിക്കാന്‍ വേണ്ടിയല്ലിതെന്നു ആരോ പറയും പോലെ പക്ഷെ പേരറിയതൊരു പെന്‍കിടാവ് നാടും അറിയില്ല, വീട് അറിയത്തെ ഇല്ല വീണ്ടും എങ്ങനെ? എപ്പോള്‍? എവിടെവച്ച് ?അറിയില്ല.

ഒടുവില്‍  ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ തോണൂരിലെ സിനിമകളിലെ പോലെ പേനക്കും പേപ്പറിനും നെട്ടോട്ടം ഒടുവില്‍ അവിടെകണ്ട കോടികണക്കിനു രൂപ വിലവരുന്ന ഒരു ലോട്ടറി വാങ്ങി ആ ടിക്കറ്റില്‍ അവിടെത്തെ പേനവാങ്ങി അത്രയും തന്നെ വില വരുന്ന എന്റെ നമ്പര്‍ അവള്‍ നോക്കികൊണ്ടിരിക്കെ തന്നെ എഴുതി. "എല്ലാം ഓരോ നമ്പരുകള്‍ അല്ലെ" 

അന്നിട്ടു പതിയെ എഴുന്നേറ്റു അവളുടെ മുന്‍പിലൂടെ ആ തിരക്കിലൂടെ നടന്നുനീങ്ങി...ചുരുട്ടികൂട്ടി സകല ദൈവത്തിനെയും വിളിച്ചു ഒറ്റയേറാ ടിക്കറ്റ്‌ നിലത്തേക്ക്. തിക്കിലുംതിരക്കിലുംപ്പെട്ടു പുറത്തേക്കുള്ള  വഴിയിലൂടെ മുന്നോട്ടു നീങ്ങുബോള്‍ അവസാനമായി മനസ്സില്‍ ഒന്നേ ആശിച്ചോളൂ അവള്‍ക്കു ആ ലോട്ടറി ടിക്കറ്റ്‌ കിട്ടണേ.

വീണ്ടും കണ്‍കള്‍ ഇരണ്ടാള്‍പാടിയും തലകള്‍ ആട്ടിയും ആ മുഖം അവസാനമായി കുറെ ബുഷു ചെടികള്‍ക്കുള്ളില്‍ മറഞ്ഞു അപ്പോള്‍ സമയം അഞ്ചരയോടടുക്കുന്നു. 

അവിടെ നിന്നും നടന്നു. ശക്തന്‍സ്റ്റാന്റിലേയ്ക്ക്. അവിടെനിന്നും ബസില്‍ വീട്ടിലേയ്ക്ക്. അപ്രതീക്ഷിതമായതു സംഭവിച്ചു ചിലപ്പോഴൊക്കെ ഓരോ യാത്രകളും നമ്മെ ഇങ്ങനെയൊക്കെ വിസ്മയിപ്പികും."നാളെയില്‍  ഈ ഒരു ചിന്ത ഒരുപക്ഷെ ഉണ്ടാവില്ല നാളെ ഇതെല്ലാം കഥകളാണ് ആരോടോ പറയാവുന്ന കഥകള്‍. ഇന്നലെയിലെ വിസ്മയങ്ങള്‍ നാളെ കഥകളാണ് ഞാനും 
നിങ്ങളും എല്ലാം ഒരിക്കല്‍ ഒരുകഥയാവും. "ബസിലെ ഡ്രൈവര്‍ വേഗത കുറച്ചില്ലായിരുന്നെങ്കില്‍ അന്നു തന്നെ കഥയും നാലുകോളം വാര്‍ത്തയും ആയേനെ ഞാന്‍.   
ഒന്നുമുണ്ടായില്ല  ആ യാത്ര വന്‍വിജയത്തോടെ അവസാനിക്കുമ്പോള്‍ രാത്രി എട്ടേകാല്‍..

അടുത്തപൂരത്തിനുള്ള ഒരുപാടു ചോദ്യങ്ങളും വിസ്മയങ്ങളും ബാക്കിവച്ചൊരു  തൃശൂര്‍പൂരം കൂടി മനസ്സില്‍നിന്നും കൊടിയിറങ്ങുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട പൂരം. 

അപ്പോളും എന്റെചിന്ത അവളു വിളിച്ചില്ലല്ലോ അവള്‍ക്കു ആ ലോട്ടറി ടിക്കറ്റ്‌ കിട്ടിയില്ലേ ? അതുപിന്നെ ആര്‍ക്കു കിട്ടി അതെവിടെ പോയി ? ആ ടിക്കറ്റിനു ഇനി ഫസ്റ്റ് പ്രെസ് അടിയ്ക്കുമോ ???.

അങ്ങനെ ഒരുപാട് ചോദ്യങ്ങളും സംഘര്‍ഷഭരിതമായ മൂഹുര്‍ത്തങ്ങളുമായി  ഒരു മാനസപുത്രിയോ ,കുങ്കുമപൂവോ കഴിയും പോലെ ആ ദിവസവും കാലത്തിന്റെ ഇരുട്ടറയിലേക്ക് നടന്നു നീങ്ങി. പക്ഷേ  നാളെയും കഴിഞ്ഞു മറ്റന്നാള്‍ കൂടല്‍മാണിക്യം ഉത്സവം കൊടികയറുകയെന്ന വികാരം വീണ്ടും മനസിനെ വിസ്മയിപ്പിച്ചു. ഇനി അങ്കം പൂരപറമ്പില്‍ നിന്നും ഉത്സവപ്പറമ്പിലേക്ക്.

4 comments:

 1. കലക്കീട്ടാ ഗഡീ ..പൂരം വിശേഷങ്ങള്‍ :)))))))))

  ReplyDelete
 2. നന്ദി കുഞ്ഞുമയില്‍ പീലി ..

  ReplyDelete
 3. വിഷമിക്കാതെ...പൂരം ഇനിയും വരുമല്ലോ...

  ReplyDelete
  Replies
  1. പൂരവും കുടമാറ്റവും ,വെടികെട്ടുമെല്ലാം ഇനിയും വരും പക്ഷെ ആ.. ആ.. കാത്തിരിപ്പാണ് പൂരം

   Delete