Aug 9, 2012

ശ്രീ വടക്കുംനാഥന്‍തൃശൂരിനെ(തൃശ്ശിവപേരൂര്‍) കുറിച്ചു പറഞ്ഞാല്‍ ഉടനെ മനസ്സില്‍ ഓടിയെത്തുന്ന കാര്യങ്ങളാണ് തൃശ്ശൂര്‍പൂരവും വടക്കുംനാഥനും.തൃശ്ശൂര്‍ പൂരത്തിന്റെ പ്രസിദ്ധി പൂരത്തിനെകുറിച്ചുള്ള അറിവുകള്‍ എല്ലാവരിലും എളുപ്പമാക്കി. എന്നാല്‍ വടക്കുംനാഥന്‍ ക്ഷേത്രത്തെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍തേടിയുള്ള എന്റെ യാത്രയില്‍ ചില പുതിയ അറിവുകള്‍ ലഭികുകയുണ്ടായി.

വടക്കുംനാഥനെ കുറിച്ചു കൂടുതല്‍ അറിയാന്‍ പ്രേരിപ്പിച്ചതു അവിടേക്കുള്ള ആദ്യദര്‍ശന യാത്രയുടെ ഓര്‍മ്മ തന്നെയായിരുന്നു. മറ്റു ക്ഷേത്രങ്ങളിലെ പോലെയല്ല വടക്കുംനാഥനില്‍തൊഴെണ്ടുന്ന രീതി തികച്ചും വ്യത്യസ്തമാണു അതനുസരിച്ച് ദേവന്മാരെ വന്ദിക്കണമെന്നാണ് പഴമക്കാരും ക്ഷേത്രവിശ്വാസവും  പറയുന്നത്.അല്ലാത്തപക്ഷം ഗുണത്തിനു പകരം ദോഷമാണ് ഫലം അതുകൊണ്ട് തന്നെ ആദ്യദര്‍ശനത്തിനു പരമശിവന്‍ ചേട്ടന്റെ സഹായമുണ്ടായിരുന്നു അദ്ധേഹമെല്ലാം ഭംഗിയായി വിവരിച്ചു തന്നു. കൂടുതല്‍ വിവരങ്ങള്‍ തേടിയുള്ളയാത്രയില്‍ പല പുത്തനറിവുകളും ലഭിച്ചു.

അതു ക്രോഡികരിച്ചൊരു  കൊച്ചുകുറിപ്പ് തയ്യാറാക്കി ഇതിലെ പുത്തന്‍  അറിവുകള്‍ക്കും ഓരോ വാക്കുകള്‍ക്കും വരികള്‍ക്കും ഞാന്‍ മറ്റുള്ളരുപാടു പേരോട് കടപെട്ടിരിക്കുന്നു തെറ്റുകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി ഞാന്‍ മാത്രവും.

തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ വടക്കുംനാഥന്‍ ക്ഷേത്രത്തിനു തൃശൂരുമായി വളരെഅധികം ചരിത്രപ്രധാനമായ ബന്ധമാണുള്ളത്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ചത് . ക്ഷേത്ര വിസ്തൃതിയില്‍ കേരളത്തിലെ ഇതരക്ഷേത്രങ്ങളെ അപേക്ഷിച്ച് വിശാലമായ ക്ഷേത്രമതിലകം ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. 108 ശിവാലയ സ്തോത്രത്തില്‍ ഒന്നാംസ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് വടക്കുംനാഥ ക്ഷേത്രം.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂര്‍ നഗരിയുടെ തൊടുകുറിയായ വടക്കുനാഥന്‍ ക്ഷേത്ര നിര്‍മ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചന്‍റെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചന്‍റെ കാലം ഏഴാം നൂറ്റാണ്ടിലാകയാല്‍ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വര്‍ഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.കൃത്യമായി പറയാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്നാല്‍ വിശ്വാസം പരശുരാമനാല്‍ സ്ഥാപിക്കപ്പെട്ടതാണെന്നാണ്  ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തെപറ്റി ഭക്തിജനകവുമായ ഒരു ഐതിഹ്യമുണ്ട്. പരശുരാമന്റെ അപേക്ഷപ്രകാരം ഭക്തജനങ്ങളുടെ രക്ഷയ്ക്കായി ഒരിക്കല്‍ പരമശിവന്‍ ഋഷഭത്തിന്റെ പുറത്തേറി യാത്രപുറപ്പെട്ടുവെത്രെ.യാത്ര അവസാനിച്ചിടത്ത് വാഹനം കുന്നായി രൂപപ്പെടുകയും ഭഗവാന്‍ ലിംഗരൂപത്തില്‍ പരശുരാമന്‌ പ്രത്യക്ഷപ്പെടുകയും ചെയ്ത സ്ഥലമാണ് വടക്കുനാഥക്ഷേത്രത്തിലെ ശ്രീമൂലസ്ഥലമെത്രെ.

വളരെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പുരാതനക്ഷേത്രമാണിത്‌, വാസുകി, അശ്വത്ഥാമാവ്‌, വെണ്മണി നമ്പൂതിരിപ്പാട്‌, ശങ്കരാചാര്യര്‍ വില്വമംഗലം സ്വാമിയാര്‍ തുടങ്ങിയവരുടെ വടക്കുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകള്‍ സുപ്രസിദ്ധങ്ങളാണ്‌. ശങ്കരാചാര്യരുടെ മാതാപിതാക്കള്‍ ദീര്‍ഘകാലം വടക്കുനാഥനെ ഭജിച്ചതിന്റെ ഫലമായിട്ടാണ്‌ ആചാര്യ സ്വാമികള്‍ ജനിച്ചതെന്ന്‌ ഐതിഹ്യം പറയുന്നു. സ്വാമികളുടെ സ്മാരകമായി ക്ഷേത്രമതില്‍ക്കകത്ത്‌ ശംഖ്‌ ചക്രങ്ങള്‍ സ്ഥാപിച്ച്‌ ആരാധിച്ചുവരുന്നു. അടുത്ത കാലത്ത്‌ ആചാര്യപാദകരുടെ വിഗ്രഹം പ്രത്യേകം ശ്രീകോവില്‍ നിര്‍മ്മിച്ച്‌ അതില്‍ പ്രതിഷ്ഠിക്കുകയുണ്ടായി.

വടക്കുംനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തികള്‍ മൂന്നാണ്. ശ്രീപരമശിവന്‍, ശ്രീരാമസ്വാമി, ശങ്കരനാരായണമൂര്‍ത്തി . ശിവപെരുമാള്‍ഏറ്റവും വടക്കുഭാഗത്തും ശ്രീരാമന്‍ ദക്ഷിണഭാഗത്തും മദ്ധ്യത്തില്‍ ശങ്കരനാരായണസ്വാമിയും കുടികൊള്ളുന്നു. വടക്കുഭാഗത്തുള്ള ശിവപെരുമാള്‍ക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം പ്രാധാന്യവും, പ്രശസ്തിയും. വടക്കെ അറ്റത്തുള്ള ശിവന്റെപേരില്‍  അറിയപ്പെട്ടക്ഷേത്രം പിന്നീട് വടക്കുംനാഥക്ഷേത്രമായതായും കരുതുന്നു.ക്ഷേത്രത്തിനകത്ത് വലിയ നമസ്കാരമണ്ഡപങ്ങളുള്ള വലിയ വട്ടശ്രീകോവിലിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാട്ടഭിമുഖമായാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് പരമശിവന്‍ , ശങ്കരനാരായണന്‍, ശ്രീരാമന്‍. ശിവന്റെ പിറകില്‍  കിഴക്കോട്ട് ദര്‍ശനമായി പാര്‍വ്വതിയുമുണ്ട്. അതുമൂലം അനഭിമുഖമായ ഈ പ്രതിഷ്ഠകള്‍ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ കാണപ്പെടുന്നു പിന്നെ ഗണപതിയും.

ശിവന്‍ രൗദ്രഭാവത്തിലാണ് ഇവിടെ വാഴുന്നത്. പടിഞ്ഞാറേച്ചിറ എന്നപേരില്‍ ഭഗവാന്റെ രൗദ്രത കുറയ്ക്കാനായി ഒരു വലിയ ചിറ ഭഗവാന്റെ ദര്‍ശനവശമായ പടിഞ്ഞാറുഭാഗത്ത് നിര്‍മ്മിച്ചിട്ടുണ്ട്. ഇതും പോരാതെ വന്നപ്പോഴാണ് മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനെ പ്രതിഷ്ഠിച്ചത്. ശൈവ-വൈഷ്ണവശക്തികള്‍ കൂടിച്ചേര്‍ന്നു ശങ്കരനാരായണനുമുണ്ടായി.

വട്ടശ്രീകോവിലില്‍  മൂന്നാമത്തെ അറയായ ഗര്‍ഭഗൃഹത്തിനുള്ളില്‍ നെയ്യ് കൊണ്ട് മൂടി ജ്യോതിര്‍ലിംഗമായി ദര്ശനമരുളുന്നു. ജ്യോതിര്‍ലിംഗത്തില്‍  ഏകദേശം എട്ടൊമ്പതടി ഉയരത്തില്‍  25 അടിയോളം ചുറ്റളവില്‍  നെയ്മല സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. ശിവലിംഗം കാണാന്‍ കഴിയാത്ത ഏകക്ഷേത്രം കൂടിയാണ് വടക്കുംനാഥക്ഷേത്രം.നെയ്യ് മലയില്‍ ദര്‍ശനത്തിനുവേണ്ടി ചന്ദ്രക്കലകള്‍ ചാര്‍ത്തുന്നുണ്ട്.
ഉപദേവതകളായി ചുറ്റമ്പലത്തിനു പുറത്ത് വേട്ടേക്കരന്‍, ഗോശാലകൃഷ്ണന്‍, പരശുരാമന്‍, അയ്യപ്പന്‍, നാഗദേവതകള്‍, ശിവഭൂതഗണങ്ങളായ‍ നന്തികേശ്വരന്‍,ഋഷഭന്‍,സിംഹോദരന്‍ എന്നിവരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. 

ക്ഷേത്രത്തിനകത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. ശ്രീ ശങ്കരാചാര്യരുടെ സമാധിയും പ്രതിഷ്ഠയും ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മഹാവിഷ്ണുവിന്റെ ആയുധങ്ങളായ ശംഖചക്രങ്ങളുമുണ്ട്.

വടക്കുകിഴക്കുഭാഗത്തായി അര്‍ജജുനന്റെ വില്‍ക്കുഴി കാണാവുന്നതാണ്. വടക്കുഭാഗത്തായി ആനകൊട്ടില്‍ സ്ഥിതിചെയ്യുന്നു.ക്ഷേത്രത്തിനുപുറത്തായി പടിഞ്ഞാറ് ഭാഗത്ത് നടുവിലാല്‍ ഗണപതിപ്രതിഷ്ഠയുണ്ട്,തെക്കുഭാഗത്തായി മണികണ്ഠനാലില്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പിതാവായ മഹാദേവന് അഭിമുഖമായാണ് ഇരുവരും വാഴുന്നത്. രണ്ട് ക്ഷേത്രങ്ങളും ഒരു നൂറ്റാണ്ടില്‍ ത്താഴെക്കാലത്തെ മാത്രം പഴക്കമുള്ളവയാണ്.
   
തൃശൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരായിരുന്നു ആദ്യകാലത്തെ ക്ഷേത്രഭരണക്കാര്‍. അവരില്‍ അനൈക്യം വളര്‍ന്നപ്പോള്‍ 'യോഗാതിരിമാര്‍' എന്നറിയപ്പെടുന്ന പ്രതിപുരുഷന്മാരില്‍ ക്ഷേത്രഭരണം നിക്ഷിപ്തമായി. കാലക്രമേണ യോഗാതിരിമാരെ കണ്ടെത്താന്‍ കഴിയാതെ വരികയും അതോടെ നാട്ടുരാജാക്കാന്മാര്‍ ഭരണം ഏറ്റെടുക്കുകയും ചെയ്തു.1950-ലെ പതിനഞ്ചാം നമ്പര്‍ ആക്‌ട് പ്രകാരം വടക്കുനാഥന്‍ ക്ഷേത്രം കൊച്ചിദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണുള്ളത്. ഗോപുരങ്ങളും ക്ഷേത്രമതില്‍ക്കെട്ടും പുരാവസ്‌തുവകുപ്പ്‌ ഏറ്റെടുത്തിട്ടുണ്ട്‌.

ശ്രീകോവിലുകളെ ചുറ്റി വിസ്തൃതമായ ചുറ്റമ്പലവും വിളക്കുമാടവുമുണ്ട്. അതിവിശാലമായ തിരുമുറ്റമുള്ള ക്ഷേത്രവളപ്പ് 10 ഏക്കറോളം വിസ്തൃതിയുള്ളതാണ്. അതിനുചുറ്റും ഗംഭീരമായ ചുറ്റുമതിലാണ്. മതിലില്‍  നാലുഭാഗത്തായി മൂന്നുനിലകളുള്ള കൂറ്റന്‍ ഗോപുരങ്ങളാണ്. ഇതിലെ ആനവാതിലുകള്‍ ദര്‍ശനീയങ്ങള്‍  തന്നെയാണ്.ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയുടെ വടക്കുഭാഗത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. കേരളത്തിലെ ഏറ്റവും വലുതും ലക്ഷണമൊത്തതുമായ കൂത്തമ്പലമാണിത്. ചെമ്പ് മേഞ്ഞ ഈ നാട്യഗൃഹത്തില്‍ 23½ മീറ്റര്‍  നീളവും 17½ മീറ്റര്‍  വീതിയുമുണ്ട്.ക്ഷേത്രത്തിന് ചുറ്റുമുള്ള ഭീമാകാരമായ മതില്‍ക്കെട്ട്‌, ഉത്തുംഗങ്ങളായ നാല്‌ ഗോപുരങ്ങള്‍, ശില്‍പചാതുരിയാര്‍ന്ന കൂത്തമ്പലം, വട്ടു ശ്രീകോവിലുകള്‍, വിസ്താരമേറിയ മതില്‍ക്കകം, ഇവയെല്ലാം വടക്കുന്നാഥന്‍ ക്ഷേത്രം ഒരു മഹാദേവക്ഷേത്രമാണെന്ന്‌ വിളംബരം ചെയ്യുന്നു. ആയിരം വര്‍ഷങ്ങളോളം പഴക്കമുള്ളവയാണ്‌ വടക്കുനാഥനിലെ ചുവര്‍ചിത്രങ്ങളെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ആരാണീ ചിത്രങ്ങള്‍ വരച്ചതെന്ന് ഇന്നും അറിവായിട്ടില്ല.

പ്രധാന വാതിലിന്റെ ചുവരില്‍ വരച്ചുവച്ചിട്ടുള്ള നടരാജനൃത്തവും ശ്രീരാമപ്രതിഷ്ഠയുടെ ഗര്‍ഭഗൃഹത്തിന്റെ ചുമരിലുള്ള നരസിംഹവും ഭക്തജനങ്ങളെയും കലാസ്വാദകരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. നരസിംഹത്തിന്റെ ചിത്രം വരക്കുമ്പോള്‍ കൃഷ്ണ മണികള്‍ വരച്ചപ്പോള്‍ തന്നെ കണ്ണുകളില്‍നിന്ന്‌ അഗ്നി പ്രവഹിച്ച് തെക്കേ ഗോപുരത്തില്‍ അഗ്നിബാധയുണ്ടായെന്ന്‌ ഐതിഹ്യങ്ങള്‍ പറയുന്നു.
 
പത്തരമാറ്റിന്റെ തിഴക്കത്തോടെയുള്ള വാല്‍ക്കണ്ണാടിയും അതിനു പിറകില്‍ സൗന്ദര്യത്തിന്റെ നിറകുടമായി നില്‍ക്കുന്ന മോഹിനിയുടെ ചിത്രവും ഏറെ ആസ്വാദ്യകരമാണ്. ഈ ചിത്രത്തിന് പിന്നിലും ഒരു കഥയുണ്ട്. വെണ്‍മണി ഇല്ലത്തെ ഒരുണ്ണിയെ കൂട്ടുകാര്‍ മോഹിനീരൂപത്തിലുള്ള യക്ഷിയുടെ ചിത്രംകാട്ടി കൊതിപ്പിച്ചെത്രെ. യക്ഷിയുടെ സൌന്ദര്യത്തില്‍ മയങ്ങിയ ഉണ്ണി യക്ഷിയെ ഉണ്ണി പാണിഗ്രഹണം ചെയ്തു. ഉണ്ണിയില്‍ സം‌പ്രീതയായ യക്ഷി നല്‍‌കിയ വരം വെണ്മണി ഇല്ലയും വിദ്യയുടെ ഇരിപ്പിടം ആകട്ടെ എന്നായിരുന്നു. തുടര്‍ന്നാണെത്രെ വെണ്‍മണികവികള്‍ ജനിച്ചത്! വെണ്മണിയില്ലത്തെ ആ ഉണ്ണിയെ മോഹിപ്പിച്ച മോഹിനിയാണെത്രെ വടക്കുനാഥ ക്ഷേത്രത്തിലെ ചുവര്‍ചിത്ര മോഹിനി.

കേരളത്തില്‍ കാണപ്പെടുന്ന കൂത്തമ്പലങ്ങളില്‍ ഏറ്റവും വലുത് വടക്കുനാഥ ക്ഷേത്രത്തിലാണുള്ളത്. പണ്ട്‌ കൂത്തമ്പലത്തിന്റെ ഉത്തരത്തില്‍ പ്രധാനപ്പെട്ട സ്ഥാനത്ത് ചെറിയൊരു ഉളിവയ്ക്കുക പതിവായിരുന്നു. ഉത്തരത്തിന്‌ കേടു സംഭവിച്ചാല്‍ ഉളി താഴെ വീഴുകയും കേടിനെ പറ്റി മനസിലാവുകയും ചെയ്യുമല്ലോ എന്ന യുക്തിയായിരുന്നു ഇതിന് പിന്നില്‍. ഈ ഉളി 1050-ല്‍ താഴെ വീണു. കൂത്തമ്പലം പുതുക്കിപ്പണിയാന്‍ വെള്ളിനേഴി ജാതദേവന്‍ നമ്പൂതിരിയെയാണ് രാജാവ് നിയോഗിച്ചത്.
 
ഉത്തരത്തിന്റെ സവിശേഷതകള്‍ മനസിലാക്കാന്‍ മൂന്നു ദിവസത്തോളം ഈ നമ്പൂതിരി മലര്‍ന്നുകിടന്നെത്രെ. കൂത്തമ്പലത്തിന്റെ മാതൃക ഉണ്ടാക്കിനോക്കുന്നില്ലേ രാജാവിന്റെ ചോദ്യത്തിന്‌ 'എല്ലാം അകത്തുണ്ട്‌ പുറത്തൊന്നും വേണ്ട എന്നായിരുന്നു മറുപടി. എന്തായാലും നമ്പൂതിരിയുടെ കരവിരുതില്‍ 23.5 മീറ്റര്‍ നീളവും 17.5 മീറ്റര്‍ വീതിയുമുളള കൂത്തമ്പലം 1055 ചിങ്ങം ഒന്നിന്‌ പണി പൂര്‍ത്തിയായി.
ചുറ്റമ്പലത്തിനകത്ത്‌ ശിവനെന്നു സങ്കല്‍പിക്കപ്പെടുന്ന വടക്കുന്നാഥന്‍, ശങ്കരനാരായണ സ്വാമി, ശ്രീരാമസ്വാമി എന്നീ ദേവന്മാരെ പശ്ചിമാഭിമുഖരായി പ്രതിഷ്ഠിച്ചിരിക്കുന്നു. വടക്കുന്നാഥന്റെ പിന്‍ഭാഗത്ത്‌ അതേ ശ്രീകോവിലില്‍ കിഴക്കോട്ടഭിമുഖമായി ശ്രീപാര്‍വ്വതിയേയും തെക്കുഭാഗത്ത്‌ പ്രത്യേക ശ്രീകോവിലില്‍ പൂര്‍വ്വാഭിമുഖമായിത്തന്നെ ഗണപതിയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പുരാതന ചിത്രകലയുടെ മാതൃകകള്‍ ശ്രീകോവിലിന്റേയും മറ്റും ഭിത്തികളില്‍ കാണാവുന്നതാണ്‌. ചുറ്റമ്പലത്തിന് പുറത്ത്‌, ഗോശാലകൃഷ്ണന്‍, നന്ദികേശ്വരന്‍, പരശുരാമന്‍, സിംഹോദരന്‍, ശ്രീ അയ്യപ്പന്‍ എന്നീ ഉപദേവന്മാരുമുണ്ട്‌.

ഉത്സവമില്ലാത്ത ദേവനാണ് വടക്കുംനാഥന്‍. വടക്കുംനാഥന്‍ ക്ഷേത്രത്തിലെ ദേവന്മാര്‍ക്ക് ഉത്സവാഘോഷമോ പുരമോ ഇല്ല. പണ്ട് കാലത്ത് ഉത്സവമുണ്ടായിരുന്നെന്നും അത് പിന്നീട് മുടങ്ങിയെന്നും പറയുന്നു.ധമാസത്തില്‍ തിരുവാതിര ദിവസവും തുടര്‍ന്നുവരുന്ന മൂന്ന് തിങ്കളാഴ്ചകളിലുമായി നടത്തുന്ന നെയ്യ്‌-കരിക്ക്‌ അഭിഷേകം,ശിവരാത്രി എന്നിവായാണ്‌ പ്രധാന വിശേഷങ്ങള്‍. നെയ്യഭിഷേകത്തോട് അനുബന്ധിച്ച്‌ ഒട്ടാകെ 101 "മഗ്‌" നെയ്യും (1 മഗ്‌, ഉദ്ദേശം 2 ഇടങ്ങഴി) 1008 കരിക്കും വടക്കുന്നാഥന്‌ അഭിഷേകം ചെയ്യപ്പെടുന്നു. ശിവരാത്രി ദിവസം പ്രത്യേക പൂജകളും സന്ധ്യക്ക്‌ ലക്ഷദീപവും, 1001 കതിനാവെടിയും രാത്രിയില്‍ സമീപത്തുള്ള ക്ഷേത്രങ്ങളില്‍ നിന്ന്‌ എഴുന്നള്ളിച്ചു വരുന്ന 11 ദേവീ ദേവന്മാരെ അണിനിരത്തിയുള്ള വിളക്കുമാണ്‌ വിശേഷാല്‍ പരിപാടികള്‍. 

തൃശൂര്‍ പൂരം വടക്കുനാഥന്റെ മുറ്റത്താണ്‌ നടക്കുന്നതെങ്കിലും പൂരത്തിന്‌ പ്രത്യേക പൂജകളോ ആഘോഷങ്ങളോ ക്ഷേത്രത്തില്‍ പതിവില്ല പൂരത്തിലെ പ്രധാനികളായ പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗക്കാരുടെ പരസ്പരമുള്ള മല്‍സരത്തിന്‌ വടക്കുംനാഥന്‍ സാക്ഷിയെന്നു വിശ്വാസം.

സാംസ്കാരിക നഗരമായ തൃശൂരിന്റെ മധ്യത്തില്‍ 64 ഏക്കറോളം വരുന്ന തേക്കിന്‍കാട്‌ മൈതാനത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന വടക്കുന്നാഥ ക്ഷേത്രം ഏറെഭക്തരെ ആകര്‍ഷിക്കുന്നുണ്ട്. സമുദ്രനിരപ്പില്‍നിന്നും ഇരുന്നൂറടി ഉയരത്തില്‍ പതിനെട്ട്‌ ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം കേരളത്തിലെ ശ്രീമൂലസ്ഥാനമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
വടക്കുംനാഥക്ഷേത്രദര്‍ശനം നടത്തുമ്പോള്‍  പാലിക്കേണ്ട ചില ചിട്ടകളും ക്രമങ്ങളുമുണ്ട് വടക്കുംനാഥന്‍  ക്ഷേത്രദര്‍ശനം തൊഴേണ്ട രീതികള്‍  ആദ്യം ശ്രീമൂലസ്ഥാനത്ത് തൊഴുക. 
പടിഞ്ഞാറേ ഗോപുരത്തിനുപുറത്ത് കിഴക്കോട്ട് ദര്‍ശനമായാണ് ശ്രീമൂലസ്ഥാനം. ഇവിടെയാണ് പരശുരാമന്‍ ശിവപ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യമുണ്ട്. അതിനാല്‍ ആ പേരു വന്നു, ഇവിടെ ദിവസവും വിളക്കുവയ്ക്കാറുണ്ട്. എന്നിട്ട് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്ന് കൂത്തമ്പലത്തിനടുത്ത് കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് പ്രദക്ഷിണമായി വടക്കേ നടയിലെത്തിയശേഷം അവിടെയുള്ള ഒരു ചെറിയ കോവിലില്‍  കാണപ്പെടുന്ന ശിവഭൃത്യനായ ഋഷഭനെ തൊഴുക. ഋഷഭന്‍ സദാ ധ്യാനനിമഗ്നനാണ്.ഋഷഭന്‍ നഗ്നനുമാണെന്നാണ് സങ്കല്‍പ്പം. അതിനാല്‍ നമ്മുടെ വസ്ത്രത്തില്‍ നിന്നും ഒരു നൂലെടുത്തുവച്ച്, കൈകൊട്ടി ഉണര്‍ത്തിയശേഷം മാത്രമേ വന്ദിക്കാവൂ അതാണ് വിശ്വാസം.

തുടര്‍ന്ന് വടക്കുവശത്തുള്ള ഓവിനരികിലൂടെ വടക്കുന്നാഥനുമുന്നിലെത്തുക. വടക്കുന്നാഥനെ ദര്‍ശിച്ചശേഷം പടിഞ്ഞാറേ നാലമ്പലക്കെട്ടില്‍ കാണപ്പെടുന്ന അനന്തപത്മനാഭനെയും ശിവന്റെവാഹനമായ നന്തികേശ്വരനെയും വന്ദിക്കുക. തുടര്‍ന്ന് വീണ്ടും നാലമ്പലത്തിനകത്തുകടന്ന് വടക്കുന്നാഥനെ വന്ദിച്ചശേഷം കിഴക്കേനടയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള പാര്‍വതിയെയും തെക്കുപടിഞ്ഞാറുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഗണപതിയെയും വന്ദിക്കുക. പിന്നീട് ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാല്‍ കിഴക്കോട്ട് തിരിഞ്ഞുനിന്ന് സൂര്യനമസ്കാരം നടത്തേണ്ടതുമുണ്ട്.

പിന്നെ നാലമ്പലത്തിനുപുറത്തുകടന്നാല്‍ വടക്കുകിഴക്കേമൂലയില്‍ പടിഞ്ഞാട്ട് ദര്‍ശനമായിവാഴുന്ന പരശുരാമനെയാണ് ആദ്യം വന്ദിക്കേണ്ടത്. പിന്നീട് വടക്കുന്നാഥനു പിന്നില്‍ പടിഞ്ഞാട്ട് ദര്‍ശനമായി വാഴുന്ന ശിവഭൃത്യനായ സിംഹോദരനെ വന്ദിക്കുക. 
സിംഹത്തിന്റേതുപോലുള്ള വയറോടുകൂടിയവന്‍ എന്നാണ് സിംഹോദരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ഈ പ്രതിഷ്ഠയ്ക്കുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്.സിംഹോദരന്‍ ശിവപുരത്തു നിന്നും  ഋഷഭാദ്രിയിലേക്കുപോയ വിവരമറിഞ്ഞ് ശിവനും പാര്‍വതിയും അവിടേക്ക് പുറപ്പെട്ടു. വഴിയരികില്‍ അവര്‍ വിശ്രമിച്ച സ്ഥലത്താണ് ഇന്ന് പൂങ്കുന്നം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഋഷഭാദ്രിയിലെത്തിയപ്പോഴേക്കും അവിടെ സിംഹോദരന്‍ ഉറച്ചുകഴിഞ്ഞിരുന്നു. ഒടുവില്‍ ശിവപാര്‍വതിമാരും അവിടെ ഉറച്ചു.
ഇവിടെനിന്നും ഒരല്പം വടക്കുപടിഞ്ഞാറുമാറി നാലമ്പലച്ചുവരില്‍ ഒരു വലിയ ദ്വാരമുണ്ട്. ഇതിലൂടെ വടക്കുന്നാഥനെ ദര്‍ശിച്ചശേഷം വടക്കുകിഴക്കോട്ട് തിരിഞ്ഞുനിന്ന് ക്ഷേത്രേശനെ കാശീവിശ്വനാഥനായി സങ്കല്പിച്ചുകൊണ്ട് തൊഴുക.

അവിടെത്തന്നെ തെക്കുകിഴക്കോട്ട് തിരിഞ്ഞുനിന്നുകൊണ്ട് ചിദംബരനാഥനായ നടരാജമൂര്‍ത്തിയെയും വന്ദിക്കുക. പിന്നീട് തെക്കുപടിഞ്ഞാറുഭാഗത്തെത്തിയാല്‍ ഒരു ആല്‍ത്തറയില്‍ കയറിനിന്ന് കൂടല്‍മാണിക്യസ്വാമിയെയും കൊടുങ്ങല്ലൂരമ്മയെയും ഊരകത്തമ്മയെയും വന്ദിക്കുക. അവിടെത്തന്നെ വടക്കോട്ട് തിരിഞ്ഞുനിന്ന് മുഖ്യപ്രതിഷ്ഠകളെ വന്ദിക്കുക. ഇതിന് പടിഞ്ഞാറുള്ള ആല്‍ത്തറയില്‍ മഹാഭാരതകര്‍ത്താവായ വേദവ്യാസനെ തൊഴുത് 'ഓം ഹരിശ്രീ ഗണപതയേ നമഃ' എന്ന മന്ത്രം എഴുതുക.ശ്രീ അയ്യപ്പനേയും സങ്കല്‍പ്പ ഹനുമാനേയും തൊഴണം. പിന്നീട് തെക്കുപടിഞ്ഞാറേമൂലയിലാണ്, മൃതസഞ്ജീവനിത്തറ. 

രാമരാവണയുദ്ധത്തിനിടയില്‍ രാവണപുത്രനായ ഇന്ദ്രജിത്തില്‍ നിന്നും പ്രഹരമേറ്റുവാങ്ങിയ ലക്ഷ്മണനെ രക്ഷിക്കാന്‍  മൃതസഞ്ജീവനിയുമായി ഹനുമാന്‍ ഹിമാലയത്തില്‍ നിന്നും ലങ്കയിലേക്കുപോകുന്ന വഴിയില്‍ മലയുടെ ഒരുഭാഗം ഇവിടെ അടര്‍ന്നുവീണുവെന്നും അങ്ങനെയാണ് ഇതുണ്ടായതെന്നും പറയപ്പെടുന്നു. അതിനാല്‍ ഇവിടെ ഹനുമാനെ സങ്കല്പിച്ച് വിളക്കുവെപ്പുണ്ട്. ഇവിടത്തെ പുല്ല് പറിച്ച് തലയില്‍തൊട്ടാല്‍ ഒരുവര്‍ഷത്തേക്ക് തൊടുന്നയാളുടെ ബന്ധുക്കളാരും മരിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

അയ്യപ്പനെയും സങ്കല്പഹനുമാനെയും വന്ദിച്ചശേഷം ഇതിനും തെക്കുപടിഞ്ഞാറ് കാണപ്പെടുന്ന വേട്ടയ്ക്കൊരുമകനെ വന്ദിക്കുക. വേട്ടേക്കരന്‍ എന്നും ഇതിനെ പറയാറുണ്ട്. കിരാതമൂര്‍ത്തിയായ പരമശിവനാണെന്നും അതല്ല അയ്യപ്പനാണെന്നും അതുമല്ല ശിവപുത്രനാണെന്നും വേട്ടയ്ക്കൊരുമകനെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. എന്തിരുന്നാലും ശിവലിംഗം പോലെയാണ് ഈ നടയിലെ വിഗ്രഹം. കിഴക്കോട്ടാണ് ദര്‍ശനം.

2005
വരെ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വടക്കുവശത്ത് തെക്കോട്ട് ദര്‍ശനമായാണ് വേട്ടയ്ക്കൊരുമകനെ പ്രതിഷ്ഠിച്ചിരുന്നത്. എന്നാല്‍  ആ സ്ഥാനം ശരിയല്ലെന്ന് 2005-ലെ ദേവപ്രശ്നത്തില്‍  പറഞ്ഞിരുന്നു. അതുമൂലമാണ് പുതിയ ശ്രീകോവില്‍ പണിതത്. ഇന്ന് അവിടെവച്ചാണ് ക്ഷേത്രത്തിലെ നിവേദ്യവസ്തുക്കളായ അപ്പം, പായസം തുടങ്ങിയവ വിതരണം ചെയ്യപ്പെടുന്നത്.ഇതിന് വടക്കുവശത്ത് നാഗദേവതകളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ കന്നിമാസത്തിലെ ആയില്യം നാളില്‍ സര്‍പ്പബലി നടത്താറുണ്ട്. ഇതിന് വടക്കുകിഴക്കുഭാഗത്ത് മഹാവിഷ്ണുവിന്റെ തിരുവായുധങ്ങളായ ശംഖചക്രങ്ങളുടെ രൂപങ്ങള്‍ കാണാം. രണ്ടുസ്ഥലങ്ങളിലും വന്ദിച്ചശേഷം ശങ്കരാചാര്യരെ വന്ദിക്കുക. അദ്ദേഹം ഇവിടെവച്ചാണ് സമാധിയായതെന്ന് പറയപ്പെടുന്നു. ആ സ്ഥാനത്താണ് പ്രതിഷ്ഠ.ഇങ്ങനെ ക്രമപ്രകാരം വന്ദിച്ചാല്‍  ദര്‍ശനം പൂര്‍ണമായി 3 കിലോമീറ്ററാണ്  പ്രദക്ഷിണമെന്നു പറയപെടുന്നു .വടക്കുംനാഥ ദര്‍ശനവേളയില്‍ ആര്‍ക്കും അറിഞ്ഞുകൊണ്ടൊരു തെറ്റും സംഭവിക്കാത്തിരികട്ടെ.
 {കടപ്പാട് :ചിത്രം ,വിവരങ്ങള്‍:ഗൂഗിള്‍, ഒരുപാട് പേര്‍  }

12 comments:

 1. അറിവും അനുഭവവും തുളുമ്പി നിൽക്കുന്ന രചന. നന്ദി.

  ReplyDelete
 2. പോയിട്ടില്ല
  കേട്ടിട്ടേയുള്ളു
  ഇപ്പോള്‍ കൂടുതല്‍ അറിഞ്ഞു

  ReplyDelete
  Replies
  1. പോകാമല്ലോ സമയം ഇഷ്ട്ടംപോലെ..

   Delete
 3. ക്ഷേത്രങ്ങളെ കുറിച്ച് ഉള്ള അറിവുകള്‍ എനിക്ക് എന്നും ഹരം തന്നെ .ഈ അറിവിന്‌ നന്ദി ,കാത്തി

  ReplyDelete
 4. കാര്യം ഞാന്‍ വട്ക്കുനാഥന്‍റെ നാട്ടില്‍ ആണെകിലും ഈ അറിവുകള്‍ പുതിയവയാണ്....അമ്പലംത്തിന്റെ ഉള്ളില്‍ കയറിയിട്ടില്ല ...പുറമേ നിന്ന് കാണാറുണ്ട്....പുതിയ അറിവുകള്‍ പകര്‍ന്ന പോസ്റ്റ്‌ നന്നായി ...ആശംസകള്‍...

  ReplyDelete
  Replies
  1. ഞാനും എനിക്കും,അകത്തുകയറി കഴിഞ്ഞപ്പോള്‍ അല്ലെ ഓരോ അറിവുകള്‍ കിട്ടുന്നത്. :)

   Delete
 5. പോയതായാണോർമ്മ... നന്നായി വിവരിച്ചു..

  കുറച്ചു കൂടി ചിത്രങ്ങൾ ചേർക്കാമായിരുന്നു

  ReplyDelete
 6. വടക്കും നാഥാ സര്‍വ്വം നടത്തും നാഥാ
  നിന്റെ നടയ്ക്കല്‍ ഞാന്‍ സാഷ്ടാങ്കം നമിക്കും ദേവാ..

  ഞാന്‍ നിരവധി പ്രാവശ്യം പോയിട്ടുണ്ട്. അതിസുന്ദരമായ ലേഖനം. നിരവധി പുതിയ അറിവുകള്‍..അഭിനന്ദനങ്ങള്‍ മാഷേ..

  ReplyDelete
  Replies
  1. സ്വാഗതം അപ്പോള്‍ തെറ്റില്ല എഴുതിയതില്‍ അല്ലെ :)

   Delete