പുസ്തക പരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുസ്തക പരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജനു 10

ഒരു വളഞ്ഞ വര

പുസ്തകപരിചയം-ഒരു വളഞ്ഞ വര
ബി.സി. മോഹന്‍


ബി.സി. മോഹന്‍  അയിലൂര്‍ 1966-ല്‍ പാലക്കാട് അയിലൂരിര്‍ ജനിച്ചു. 1986 മുതല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. (ഇപ്പോള്‍ ഡി.പി.ഇ.പി. ട്രെയ്‌നര്‍) തൃശൂര്‍ ആകാശവാണിയിലൂടെ ധാരാളം കഥകല്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.ഒരു വളഞ്ഞ വര, കറുത്തു കുറുകിയ കടല്‍, കൊസത്ത്‌,തുടങ്ങിയവ രചനകള്‍.‘96-ല്‍ പു.ക.സ.യുടെ ചെറുകഥാ ശതവര്‍ഷ ജില്ലാ പുരസ്‌കാരം ’ഒരു വളഞ്ഞ വര‘ എന്ന കഥയ്‌ക്കും ’93-ല്‍ അധ്യാപകര്‍ക്കുളള ‘ചെറിയാന്‍ മത്തായി’ സ്‌മാരക സംസ്‌ഥാനതല പുരസ്‌കാരം ‘കറുത്തു കുറുകിയ കടല്‍’ എന്ന കഥയ്‌ക്കും ലഭിച്ചു. 

2006 - ല്‍ പ്രസിദ്ധീകരിച്ച ഒരു വളഞ്ഞ വര എന്ന കഥാസമാഹാരത്തിലെ കഥകള്‍ പലതും പല കാലത്തും കഥാകാരന്‍ എഴുതിയട്ടുള്ളവയാണ് .ഈ കഥകളുടെ കാലിക പ്രാധാന്യമാണ് ഈ പരിചയപ്പെടുത്തലിനാധാരം. സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കേണ്ടിവരുമ്പോള്‍ ഈ കഥാകാരനെ സംബന്ധിച്ചടത്തോളം എഴുത്ത് ഒരു ഇടപെടലാണ് .അതാണ് ഓരോ സാമൂഹ്യജീവിയും ചെയ്യണ്ടത് .അത് ഒരേ സമയം ആശയപരമായ അതിജീവനവും പ്രവര്‍ത്തനവുമാകുന്നു.
 
പതിനാലു കഥകളടങ്ങിയ ഈ പുസ്തകത്തിലെ ഓരോ കഥയും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ കാണുന്ന സാധാരണ സംഭവങ്ങളാണ് .വല്ലാത്തൊരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത് .ആരെയും വിശ്വസിക്കാന്‍ കഴിയാത്ത വഞ്ചനയുടെ ,ചതിയുടെ കാലത്തിലൂടെ
എന്തും എങ്ങനെയും സംഭവിക്കാവുന്ന കാലം ആദ്യ കഥയില്‍ അങനെയൊരു വിഷയമാണ് കഥ ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. ബലാല്‍സംഗം നാട്ടില്‍ അരങ്ങേറുന്ന സ്ഥിരം കലാപരിപാടിയായി മാറിയ നാട്ടില്‍ അതു തടുക്കുന്നത്തിനുള്ള ക്ലാസ്സുനടക്കുകയാണ് .സ്ത്രീകള്‍ക്ക് വേണ്ടി ഒരാണാണ്  അതിനു നേതൃത്വം നല്‍ക്കുന്നത് അവിടെ എന്താണ് സംഭവിക്കുക അതാണ് ആദ്യ കഥ ഈ പാഠം ഇതോടെ അവസാനിക്കുന്നു.മനുഷ്യത്വത്തിനുപോലും വില നഷ്ടമായികൊണ്ടിരിക്കുന്ന വെറും കച്ചവടലോകത്തു ജീവിക്കാന്‍ മനുഷ്യന്‍ കാണിച്ചുകൂട്ടുന്ന തന്ത്രങ്ങളാണ് സൂത്രവാക്യങ്ങള്‍ എന്ന കഥ പ്രതിമയും രാജകുമാരിയും പത്മരാജന്‍ നോവലിനെ ഓര്‍മ്മിപ്പിക്കുന്ന കഥ, ഇന്നത്തെ സമൂഹത്തില്‍ നഷ്ടമായികൊണ്ടിരിക്കുന്ന മൂല്യങ്ങളെയും മനുഷ്യന്‍ വരെ വില്‍പ്പന ചരക്കാവുന്ന നിസ്സഹായതയെയും അടയാളപ്പെടുത്തുന്നു.

അതിര്‍ത്തികള്‍ ഇങ്ങനെയാണ് വേര്‍ത്തിരിക്കപ്പെട്ടിരിക്കുന്നത്.അതോര്‍ത്തു പോകുമ്പോള്‍ കൌതുകം തോന്നും. അതിര്‍ത്തികള്‍ പങ്കിടുന്ന രണ്ടു രാജ്യങ്ങള്‍, എപ്പോഴും അതിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടാവുന്ന രാജ്യങ്ങള്‍, ഇന്ത്യയും പാകിസ്ഥാനും .പാകിസ്ഥാന്‍ ഭരിച്ച , ഇന്ത്യയില്‍ ജനിച്ച പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേഷ് മുഷാറഫും ഇന്ത്യ ഭരിക്കുന്ന, പാകിസ്ഥാനില്‍ ജനിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങും കഥാപാത്രങ്ങളാവുന്ന കഥ.ചിരികൊണ്ടു ഒരതിര്‍ത്തിരേഖ എന്ന കഥ അതിര്‍ത്തി എന്ന പദത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ പ്രേരണയാണ്.അധികമാരും പറഞ്ഞു കാണാത്തൊരു കഥയാണ് പ്രിയമുള്ളവരേ അതിനു കാരണം അതിന്റെ പ്രമേയം തന്നെയാണ്.ഒരു ഗുണ്ടയുടെ ജീവിതത്തിലേക്കാണ് ഈ കഥ വായനക്കാരനെ കൂട്ടി കൊണ്ടുപോകുന്നത്.ഗുണ്ടായിസം കൊണ്ടു പൊറുതിമുട്ടിയ ഏതൊരാള്‍ക്കും ഉണ്ടാവുന്ന സംശയങ്ങള്‍ കഥാകാരന്‍ ചര്‍ച്ചയ്ക്കുവയ്ക്കുന്നുണ്ട്‌.മിണ്ടാ പൂച്ച കലമുടയ്ക്കും എന്നൊരു പഴമൊഴിയുടെ ചുവടു പിടിച്ചു പറഞ്ഞു പോകുന്ന കഥയാണ് പൂച്ച.ആരാരും കാണാതെ ചെറിയ ചെറിയ കള്ളത്തരങ്ങള്‍ ചെയ്യുന്ന കഥാനായകന്റെ കഥയ്ക്ക് ഇതിനും നല്ല മറ്റൊരു പേരില്ല.

ഇന്നത്തെ സമൂഹത്തില്‍ വിവാഹബന്ധങ്ങള്‍ക്ക് പുല്ലിന്റെ വിലപോലുമില്ലാത്ത കാലമാണ്.ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പലകാരണളും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.അതില്‍ ഏറ്റവും മുന്‍പിലാണ് സംശയരോഗവും വിവാഹേതരബന്ധങ്ങളും ഇതെല്ലാം കുശ്ശിനിശത്രുവിന്റെ വീടെന്ന കഥയില്‍ വിഷയമായി വരുന്നു.സ്ത്രീയെ സംബന്ധിച്ചു വിവാഹം ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ സംഭവമാണ് എന്നാല്‍ സ്ത്രീധനം ഇല്ലാതെ അവിവാഹിതരായി കഴിയേണ്ടിവരുന്ന നൂറു കണക്കിനു യുവതികളുള്ള ഗ്രാമത്തിന്റെ കഥയാണ് കറുത്ത സമുദ്രം.ഇതൊരു വെറും കഥയല്ല നാട്ടില്‍ നടക്കുന്ന കാര്യമാണെന്നതു വായനയ്ക്കപ്പുറം ചിന്തകള്‍ക്ക് വഴിവയ്ക്കും.എങ്കില്‍ അങ്ങനെയാകട്ടെ എന്നൊരു കഥയും വിവാഹവിഷയം കൈകാര്യം ചെയ്യുന്ന വ്യത്യസ്തമായ കഥയാണ്.ഇതിലെ നായകനും നായികയും ശ്രീരാമനും സീതയുമാണ് .പിരിയാന്‍ ഒരുങ്ങുന്നവരുടെ പ്രശ്നങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം.
ശ്രീരാമനും സീതയും ഇവര്‍ പുരാണത്തിലെ കഥാപാത്രങ്ങളോ,കഥയോ അതോ  പുതിയകാലത്തെയോ ? ആവിഷ്കാരത്തിലെ വ്യത്യസ്തതകൊണ്ടു മികച്ചു നില്‍ക്കുന്ന കഥ.

ഹൃദയത്തിലേക്കുള്ള ദൂരം തിരക്കഥ രചനാശൈലി കടം കൊണ്ടെഴുതിയിരിക്കുന്ന കഥയാണ്.
അഭിമാനം,ദുരഭിമാനം,പണം,കുറ്റബോധം,രോഗം,പ്രണയം,മരണം,ഭയം,കരുണ മനുഷ്യന്റെ
സ്വഭാവരീതിയില്‍ സാമൂഹികാവസ്ഥകളും ജീവിതസാഹചര്യങ്ങളുമൊക്കെ വരുത്തുന്ന മാറ്റങ്ങള്‍ അസ്വഭാവികതയില്ലാതെ അവതരിപ്പിക്കാന്‍ കഥാകാരന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
ഒരു വളഞ്ഞ വര,പൂജ്യം ,കണ്ണാടിയ്ക്കുള്‍വശം ,ആരോ ഒരാള്‍ ,എണ്ണവിളക്ക് തുടങ്ങിയ കഥകള്‍ ഇന്നത്തെ സമകാലീകജീവിതം പ്രതിനീധികരിക്കുന്ന കഥാപാത്രങ്ങളിലൂടെ പറയുന്ന കഥകളാണ്.രചനയിലുടനീളം നല്ലൊരു അദ്ധ്യാപകന്റെ കൈടക്കം പതിഞ്ഞ കഥകള്‍.

പ്രസാധകര്‍ : സൊര്‍ബ പബ്ലിക്കേഷന്‍സ് അയിലൂര്‍,പാലക്കാട്
വില :അമ്പതു രൂപ.

2013 ഡിസം 19

കാട്ടാളി


പുസ്തക പരിചയം - കാട്ടാളി
എ.പി ജ്യോതിര്‍മയി

എ.പി ജ്യോതിര്‍മയി,തലശേരിയില്‍ ജനനം.സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഗവ.ബ്രണ്ണന്‍കോളേജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദംനേടി.കഥ,ചെറുകഥ,നോവല്‍ എഴുത്തിനൊപ്പം ആനുകാലികങ്ങളിലും ആകാശവാണിയിലും ചെറുകഥകളും കവിതകളും അവതരിപ്പിക്കുന്നുണ്ട്.
കൃതികള്‍: 
ആത്മാവിന്റെവിരുന്ന്,അപര്‍ണയുടെയാത്രകള്‍,തിരമാലകളുടെ വീട്,പുല്‍പ്പാട്ടിലെകുരുതി,നല്ലശമരിയക്കാരന്‍,ഇലകള്‍കൊഴിയുമ്പോള്‍,കാട്ടാളി,ഒളിവില്‍പാര്‍ക്കാന്‍ഒരിടം, 
മാതുതുല്യം,ക്രൂശിതരുടെപ്രാര്‍ത്ഥനാചക്രം. 
പുരസ്ക്കാരങ്ങള്‍:ദേവകിവാര്യര്‍പുരസ്ക്കാരം(പുല്‍പ്പാട്ടിലെകുരുതി),സി.ജെ.ശാന്തകുമാര്‍പുരസ്ക്കാരം(ഇലകള്‍ കൊഴിയുമ്പോള്‍),പുരോഗമനകലാസാഹിത്യസംഘംവനിതാസാഹിതീപുരസ്ക്കാരം
(നല്ല ശമരിയക്കാരന്‍),അബുദാബി ശക്തി പുരസ്ക്കാരം(കാട്ടാളി ).

ചുരുങ്ങിയ കാലങ്ങള്‍ കൊണ്ടു എഴുത്തില്‍ വേറിട്ട സ്ത്രീ ശബ്ദമായ എഴുത്തുക്കാരിയാണ് ശ്രീമതി എ.പി ജ്യോതിര്‍മയി. പ്രസിദ്ധീകരിച്ച പതിനഞ്ചോളം കൃതികളില്‍ ഭൂരിഭാഗവും പുരസ്ക്കാരത്തിനര്‍ഹമായവ. കാലഘട്ടത്തോടും സമൂഹത്തോടും യഥാര്‍ത്ഥജീവിതത്തോടും മുഖംതിരിച്ചു നില്‍ക്കുന്ന സാഹിത്യരചനകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനിടെ ജ്യോതിര്‍മയിയെന്ന എഴുത്തുക്കാരിയുടെ കൃതികള്‍ അതിനു അപവാദമാണ്‌. തന്റെ എല്ലാ കഥയിലും ജീവിതപരിസരം മുന്നിട്ടുനില്‍ക്കുന്നതുപ്പോലെ കാട്ടാളിയിലും ഏറെ പരിചിതമായ അന്തരീക്ഷവും ജീവിതപരിസരവും
  വര്‍ത്തമാനകാലവും കഥയ്ക്ക്‌ വിഷയമാകുന്നു.



 

ജ്യോതിര്‍മയിയുടെ കാട്ടാളി എന്ന ഈ നോവല്‍,ശാന്തിയുടെ മഹാതീരമായിരുന്ന കാട്ടാളി എന്ന ഗ്രാമം അശാന്തിയുടെ തീരമാകുന്ന കഥപറയുന്നു.വര്‍ത്തമാനകാലത്തെയും
  സമൂഹത്തെയും മനുഷ്യന്റെ ജീവിതരീതിയില്‍ വന്ന മാറ്റത്തെയും തന്മയത്വത്തോടെ അതിഭാവുകത്വമില്ലാതെ ആവിഷ്കരിക്കാന്‍ ഈ നോവലിലൂടെ എ.പി ജ്യോതിര്‍മയിക്ക് കഴിഞ്ഞിട്ടുണ്ട്.രണ്ടായിരത്തിപത്തിലെ അബുദാബി ശക്തി  അവാര്‍ഡ് നേടിയ നോവലാണ് കാട്ടാളി.കാട്ടാളി എന്ന ഗ്രാമത്തിന്റെയും അവിടത്തെ ഗ്രാമവാസികളുടെയും ജീവിതമാണ് ഈ നോവല്‍. ഈ കഥയും ജീവിതവും കേവലം കാട്ടാളിയുടെ മാത്രമാവാതെ എഴുത്തുക്കാരിയുടെ സൃഷ്ടി മാത്രമാവാതെ, പൂര്‍ണ്ണവായനക്കൊടുവില്‍ നമ്മുടെ ഗ്രാമത്തിന്റെയും ചുറ്റുപാടിന്റെയും കഥകൂടിയായി വായനക്കാരനു      മാറുമ്പോള്‍ സ്വയം എടുത്തണിഞ്ഞ മുഖംമൂടി നമ്മളില്‍ നിന്നും താനേ അഴിഞ്ഞുവീഴുന്നതായി തോന്നാം .പലതും കണ്ടു പ്രതികരിക്കാനാവാതെ മുഖം തിരിഞ്ഞു നിന്നണിയുന്ന മുഖം മൂടികള്‍.കണ്ടിട്ടും കാണാതെ പോകുന്ന, അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന ഇന്നത്തെ മനുഷ്യരാശിയുടെ  സമൂഹത്തിന്റെ നേര്‍ചിത്രം കാട്ടാളിയില്‍ കാണാം.ജാതിയും മതവും വര്‍ഗീയതയും കൊടികുത്തിവാഴുന്ന ഈക്കാലത്ത് അതിനിടയില്‍ പെട്ടുപോകുന്ന ജീവിതങ്ങളുടെ കഥ പറയുകയാണ്
കാട്ടാളി.


വിശ്വാസത്തിന്റെയും മതത്തിന്റെയം പേരില്‍
തട്ടിപ്പു നടത്തുന്ന,മുതലെടുപ്പു നടത്തുന്ന സമൂഹവും മനുഷ്യനും.സ്വയം ഉള്‍വലിഞ്ഞു ജീവിക്കാന്‍ തുടങ്ങുന്ന ആ സമൂഹത്തില്‍ സ്ത്രീ, 
കുട്ടികള്‍,വിശ്വാസികള്‍,വൃദ്ധര്‍, സാധാരണക്കാര്‍ അവരെല്ലാം നേരിടുന്ന പ്രശ്നങ്ങള്‍ പലരും കണ്ണടച്ചു ഇരുട്ടാക്കുന്ന ചുറ്റുപാടില്‍ നിന്നെടുത്തു സത്യസന്ധമായി എഴുത്തുക്കാരി പറഞ്ഞിരിക്കുന്നു.

കാട്ടാളിയുടെ കഥ നിയന്ത്രിക്കുന്നതു  മാധവന്‍മാഷും ചേക്കുട്ടിയുമാണ്‌.ഹിന്ദുവും മുസ്ലിമുമായ അവരുമായി ബന്ധപ്പെട്ടാണു കഥ വികസിക്കുന്നതും കഥാപാത്രങ്ങള്‍ രൂപപ്പെടുന്നതും.കുട്ടിക്കാലം മുതല്‍ ഒരുമിച്ചു വളര്‍ന്ന മാധവന്‍ മാഷും ചേക്കുട്ടിയും.അവരുടെ മക്കള്‍,അയല്പക്കക്കാര്‍,കാട്ടാളിക്കുന്ന്,കാട്ടാളിയമ്മ എന്നിങ്ങനെയുള്ളവരുടെ ജീവിതവും ചരിത്രവും പറഞ്ഞുപോകുന്ന കാട്ടാളിയുടെ തുടക്കം തണുത്തമട്ടിലാണെങ്കില്‍ കൂടി, കാട്ടാളിയില്‍ വര്‍ഗീയതയുടെ വിത്തുപൊട്ടിമുളയ്ക്കുന്നത്തോടെ നോവല്‍ ശരിയായ ദിശയിലേക്കു സഞ്ചാരം തുടങ്ങുന്നു.സന്തോഷത്തോടെ സമധാനത്തോടെ ജീവിച്ചുപോകുന്ന  കാട്ടാളിയില്‍ നിന്നും ഒരു മതതീവ്രവാദി ഉണ്ടാകുന്നത്തോടെ തീവ്രവാദിയായി മുദ്രകുത്തപെട്ടവന്റെ കുടുംബത്തിനു നേരിടേണ്ടിവരുന്ന പ്രതിബദ്ധങ്ങളോടെ നോവല്‍ പൂര്‍ണതയിലേക്കു കുത്തിക്കുന്നു. ആ കുടുംബം സമൂഹത്തില്‍ ഒറ്റപ്പെടുന്നു. അവരെ സഹായിക്കാന്‍ ഒരുങ്ങുന്നവരും ഒറ്റപ്പെടുന്നു. ചെറിയവിഭാഗീയതകള്‍ അതിനു പിറകേ അന്നാട്ടില്‍ കുത്തൊഴുക്കാവുന്നു.സമധാനന്തരീക്ഷം തകരുന്ന കാട്ടാളി ഗ്രാമം.ഈ നോവലില്‍ അസാധാരണത്വമായി ഒന്നും തന്നെ ചേര്‍ക്കേണ്ടി വന്നിട്ടില്ല. നമ്മുടെ ജീവിത പരിസരത്ത് നടന്നുകഴിഞ്ഞതോ,നടക്കുന്നതോ ,നടക്കാന്‍ പോകുന്നതോ ആയ പലതും പറഞ്ഞുപോയിട്ടുണ്ട് കാട്ടാളിയില്‍. ഇതൊരു ഓര്‍മ്മപെടുത്തലാണ്, നന്മ അവശേഷിക്കുന്ന ഗ്രാമങ്ങള്‍ക്കു, അവിടെയുള്ള ജീവിതങ്ങളോടുള്ള മുന്നറിയിപ്പ്.അന്ധവിശ്വാസങ്ങളുടെയും,അന്ധമായ കാഴ്ചപ്പാടുകള്‍ക്കുമെതിരെയും, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയും ശക്തമായി തന്റെതായ രീതിയില്‍ പ്രതികരിക്കുന്നുണ്ട് എഴുത്തുക്കാരി.
   
സമകാലീകസാംസ്കാരിക സാമൂഹികജീവിതത്തില്‍ വന്ന മാറ്റങ്ങളിലേക്കും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കും വായനക്കാരെ കൂട്ടികൊണ്ടുപോകുകയാണ് കാട്ടാളിയെന്ന നോവല്‍. സാമൂഹികമാറ്റങ്ങള്‍,മതം,വിശ്വാസം തുടങ്ങിയവ കുടുംബബന്ധങ്ങളിലും മനുഷ്യനിലും വരുത്തുന്ന മാറ്റങ്ങള്‍. അതു പ്രകൃതിയെയും നാടിനെയും എങ്ങനെ ബാധിക്കുന്നുവെന്നു തുടങ്ങി വര്‍ത്തമാനകാ‍ലത്തിന്റെ പ്രതിഫലനം ഈ സൃഷ്ടിയിലുണ്ട്. ജാതിയും,മതവും ,വിശ്വാസവും,പരിസ്ഥിതിമലിനീകരണവും,വര്‍ഗീയതയും,ഭീകരവാദവും,സ്ത്രീയും,ദാമ്പത്യവും,സൌഹൃദവുമെല്ലാം വിഷയമാകുന്ന ഈ നോവല്‍ വെറും വായനമാത്രമാവാതെ  സമൂഹത്തില്‍ നിന്നും നന്മയും ശാന്തിയും സമാധാനവും അന്യമാകുന്നുവെന്നുള്ള മുന്നറിയിപ്പു കൂടി നല്‍ക്കുന്നുണ്ട്.എ.പി ജ്യോതിര്‍മയിയുടെ കാട്ടാളി എന്ന നോവല്‍ സമകാലീക മലയാളി ജീവിതത്തോട്‌ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നതാണെന്നതില്‍ തര്‍ക്കമില്ല.

സമയം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില തൊണ്ണൂറു രൂപയാണ്.

2013 നവം 3

മരുപ്പൊട്ടല്‍



പുസ്തക പരിചയം-മരുപ്പൊട്ടല്‍
ബാജി ഓടംവേലി 
 
'മരുപ്പൊട്ടല്‍'എന്ന നോവലിന്റെ പേര് ബഹ്‌റൈനിലെ വായനക്കാര്‍ക്ക് പരിചിതമാണ് .അതെഴുതിയ ശ്രീ. ബാജി ഓടംവേലിയെയും പരിചിതമാണ്. ബാജിയെ പരിചയമില്ലാത്ത,വായിക്കാത്ത,മലയാളി വായനക്കാര്‍  പവിഴദ്വീപില്‍ വിരളമാണ്. പ്രത്യേകിച്ചു ആമുഖങ്ങളുടെ ആവശ്യമില്ലാത്ത സാഹിത്യപ്രവര്‍ത്തകന്‍.ബഹ്‌റൈനിലെ മലയാളം പത്രങ്ങളിലൊന്നായ ഫോര്‍ പി .എം.ന്യൂസിലൂടെ ആദ്യമായി  വായനക്കാരിലെത്തി ശ്രദ്ധ നേടിയ ഈ നോവല്‍,മരുപ്പൊട്ടല്‍ ഗ്രീന്‍ ബുക്സ് ഈ കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ പുസ്തകരൂപത്തില്‍ സാഹിത്യലോകത്തിനു സമര്‍പ്പിച്ചിരിക്കുന്നു. ഇതിനു മുന്‍പ് പവിഴദ്വീപില്‍ നിന്നും ഗ്രീന്‍ ബുക്സ് വഴി മലയാളസാഹിത്യലോകത്തേക്കെത്തിയ നോവല്‍ ആടുജീവിതമായിരുന്നു.ആടുജീവിതം എഴുതിയ ശ്രീ .ബെന്യാമിന്‍,  മരുപ്പൊട്ടലിനു അവതാരിക എഴുതിയിരിക്കുന്നു. നോവലിനു ചേര്‍ന്ന വ്യക്തമായ ആമുഖം,വായനക്കാരനെ നോവലിലേക്ക് ആകര്‍ഷിക്കുന്ന ആദ്യഘടകമാണ്.
 
ഇങ്ങനെയൊരു പേര്,
  
മരുപ്പൊട്ടല്‍ എന്താണ് ?  ഉരുള്‍പൊട്ടല്‍ പോലെ എന്തെങ്കിലുമാണോ ?
വായനക്കാരനെ ആദ്യം തേടിയെത്തുന്ന സംശയം അതായിരിക്കും .മരുഭൂമിയില്‍ സംഭവിക്കുന്ന ഉരുള്‍പൊട്ടലാണോ, മനസ്സില്‍ നടക്കുന്ന ഉരുള്‍പൊട്ടലാണോ, ഉരുള്‍പൊട്ടല്‍ പശ്ചാത്തലമാക്കിയാണോ നോവല്‍ ? അങനെ തുടങ്ങി ഒരുപിടി സംശയങ്ങള്‍.
വായനക്കാരനില്‍ ആകാംഷ നിലനിര്‍ത്തി,
നോവലിന്റെ തുടക്കം മുതല്‍ അവസാനം വരെ  വായന മുഷിപ്പിക്കാതെ കൊണ്ടുപോകുന്നതില്‍  എഴുത്തുക്കാരന്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. അടുക്കും ചിട്ടയോടെ നോവല്‍ അവതരിപ്പിച്ച ശൈലി വായനയില്‍ ഇടവേളകള്‍ എടുക്കാന്‍ സമ്മതിക്കാതെ തുടര്‍വായന സുഖം സമ്മാനിക്കുന്നു.നിഗൂഢതയും ,ആകാംഷയും ,അന്വേഷണവും, കണ്ടത്തെലുകളുമെല്ലാം നിറഞ്ഞ ഒരു സസ്പെന്‍സ് ജീവിതകഥയാണ്
മരുപ്പൊട്ടല്‍.

 
നാടിന്റെയും,പ്രവാസജീവിതത്തിന്റെയും സത്യസന്ധമായി ആവിഷ്ക്കാരത്തിലൂടെ എന്തിനോ വേണ്ടി കഷ്ടപ്പെട്ടു,എന്തിനോ വേണ്ടി ജീവിച്ചു, അര്‍ത്ഥമില്ലാതെയായി പോകുന്നവരുടെ ജീവിതങ്ങളുടെ കഥ
അപ്പുവിനെ പ്രതിനിധിയാക്കി പറയുന്നു
മരുപ്പൊട്ടലില്‍. അപ്പു ഒരുപാടുപേരെ പ്രതിനിദാനം ചെയ്യുന്ന കഥാപാത്രം മാത്രമാണ്. അപ്പുവെന്ന പേര് ഈ നോവലിനെ മുന്‍പോട്ടു നയിക്കാന്‍ മാത്രമാണ്. കൂടാതെ വളരെ കുറച്ചു കഥാപാത്രങ്ങള്‍. പ്രധാനമായി നോവലിസ്റ്റ് ,അപ്പു ,അപ്പന്‍ ,അമ്മ ,കാമുകി,ബാബ,മാമ ,അവരുടെ മകന്‍,അമ്മാവന്‍,അമ്മായി ,കുട്ടികള്‍... എഴുത്തുകാരനെ തേടിയെത്തുന്ന അപ്പുവിന്റെ കഥയാണ് നോവല്‍. അപ്പുവിന്റെ വര്‍ത്തമാനക്കാലത്തിലൂടെ തുടങ്ങി ഭൂതകാലത്തിലൂടെ സഞ്ചരിച്ചു ഭാവിയെത്തി, മരുപ്പൊട്ടല്‍ തുടരുന്നു.ഒരു യാത്രപോലെ.
 
വര്‍ത്തമാനക്കാലത്തിലൂടെ നോവല്‍ തുടങ്ങുമ്പോള്‍ അപ്പു ഒരു പ്രവാസിയാണ്. സ്വന്തം
  നാട്ടിലേക്കു യാത്ര തിരിക്കാന്‍ തയ്യാറെടുക്കുന്ന അപ്പുവിനു നാട്ടിലേക്കു പോകാന്‍ ആരുടെയെങ്കിലും സഹായം ആവശ്യമാണ് .അങനെയാണ് അപ്പു നോവലിസ്റ്റിനെ സമീപിക്കുന്നത്. അപ്പുവിനെ സഹായം ചെയ്യാന്‍ അദ്ദേഹം തയ്യാറവുന്നതിന്റെ കാരണം,ഓരോ പ്രവാസിയിലും ഒരുപാടുകഥകള്‍ ഒളിഞ്ഞിരിക്കുന്നുവെന്നതു കൊണ്ടുമാത്രമാണ്.

നോവലിസ്റ്റിനു എഴുതാന്‍ പറ്റിയ വല്ല കഥയും അവനു പറയാനുണ്ടെങ്കില്‍, ആ ഒരു ചിന്തയാണ് അപ്പുവിന്റെ ആവശ്യം നിറവേറ്റി കൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അതു വെറുതെ ആവുന്നില്ല.അപ്പുവിന്റെ കയ്യില്‍ നിന്നും ചോര വാര്‍ന്നു വീഴുന്നതു കണ്ടു നോവലിസ്റ്റ് നല്ലൊരു കഥ മണക്കുന്നു .
മരുപ്പൊട്ടല്‍ അവിടെ തുടങ്ങുന്നു. അപ്പുവിന്റെ കൈയിലെ ചോര പുരണ്ട തുണികെട്ടു വകഞ്ഞുമാറ്റുമ്പോള്‍  കാണുന്നതു വിരലുകളെല്ലാം അറ്റുപോയ  നിലയിലാണ് . ഉടനെ അറിയുന്ന  ഹെല്‍ത്ത്‌ സെന്റെറില്‍  പ്രവേശിപ്പിക്കുകയും ചികിത്സ നല്‍ക്കുകയും ചെയ്യുന്നു. അപ്പുവിന്റെ കഥ, അവിടത്തെ  ബെഡില്‍ കിടന്നവന്‍ നോവലിസ്റ്റ്നോടു  പറഞ്ഞുതുടങ്ങുന്നു.

സ്വന്തം അസ്ഥിത്വം പോലും എന്താണെന്നറിയാതെ
  ജീവിക്കേണ്ടിവരുന്ന ഒരുപാടു പേരുണ്ട് പ്രവാസി ലോകത്ത്. ജീവിക്കാന്‍ വേണ്ടി എന്തു ത്യാഗവും സഹികുന്നവര്‍.ഈ നോവലിലെ കഥാനായകന്‍ അവരുടെ പ്രതീകം മാത്രമാണ്. അവനൊരു സാധാരണ അടിമാലികാരന്‍.അപ്പനും അമ്മച്ചിയും അപ്പുവും ചേര്‍ന്ന കുടുംബം. മലയോരത്തെ ഉരുള്‍പൊട്ടല്‍ ഇടക്കിടെ സ്വന്തം വീടും സ്ഥലവും വിട്ടു കുടിയേറാന്‍ നിര്‍ബന്ധിതമാക്കുന്ന കുട്ടിക്കാലം. അടിമാലി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് കുടിയേറുന്ന അപ്പുവിന്റെ കുടുംബം.നമ്മുടെ നാടിന്റെ മനോഹരമായ  കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു പിടി സംഭവങ്ങള്‍ അപ്പുവിന്റെ അപ്പന്റെ ജീവിതകഥയിലൂടെ നോവലിസ്റ്റ് പറയുന്നുണ്ട്. അപ്പുവിന്റെ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതു അപ്പനാണ് .അപ്പന്റെ ജീവിതകഥയ്ക്ക്‌ അപ്പുവിന്റെ കഥയില്‍ നിര്‍ണായക സ്ഥാനമുണ്ട്. നാട്ടിലെ കുടിയേറ്റത്തിന്റെ കഥ, അതിജീവനത്തിനു വേണ്ടി പോരാടുന്നത്തിന്റെ  കഥ, തലമുറ കൈമാറി വരുന്ന ജീവിതം അപ്പുവിലൂടെ തുടരുന്നു.

അപ്പന്റെ മരണമാണ് അപ്പുവിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അപ്പനു അപ്പുവിനോട്
  അവസാനമായി പറയാനുണ്ടായിരുന്നത് . 'സീഡാര്‍' എന്ന വാക്ക് മാത്രമാണ്.
C.E.D.A.R. ആ വാക്കിന്റെ അര്‍ത്ഥം തേടിയുള്ള അപ്പുവിന്റെയാത്രയും, ജീവിതം
 
നല്ല നിലയിലാക്കാനുള്ള പ്രവാസയാത്രയും അങ്ങനെ തുടങ്ങുന്നു. നല്ല ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് അപ്പുവും മരുഭൂമിയിലെത്തുന്നത്‌.എല്ലാ പ്രവാസികളെയും പോലെ ആദ്യം കഷ്ടപെടാന്‍ തന്നെയായിരുന്നു അപ്പുവിന്റെയും വിധി. ഒടുവില്‍ നല്ലൊരു മനുഷ്യസ്നേഹിയായ അറബിയുടെ വീട്ടില്‍ വിശ്വസ്തനായ ജോലിക്കാരനാവുന്നു. അദ്ദേഹത്തിന്റെ കടയില്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങുന്നത്തോടെ
  അപ്പു അച്ഛന്റെ അതെ പാതയില്‍ എത്തിച്ചേരുന്നു.

അപ്പുവിന്റെ ചിത്രങ്ങള്‍ പുറംലോകം അറിഞ്ഞതു, സ്വന്തം മുതലാളിയായ അറബിയുടെ പേരിലായിരുന്നു. പണ്ട് അപ്പന്റെ ചിത്രങ്ങള്‍ തൂലികനാമത്തിലും മറ്റു പേരുകളിളും പ്രശസ്തമായതു പോലെ അപ്പുവിന്റെ സൃഷ്ടികളും വലിയ രീതിയില്‍ ശ്രദ്ധിക്കപെട്ടു. സ്വന്തം കഴിവ് മറ്റൊരാള്‍ക്ക്‌ പണയപ്പെട്ടു പോകുന്ന അവസ്ഥ.വ്യക്തിത്വമില്ലാത്ത കലാകാരന്‍ ജനികുന്നതും കല വില്‍ക്കപെടുന്നതും ജീവിക്കാന്‍ വേണ്ടിയാണു,പണത്തിനു വേണ്ടിയാണ് . പ്രവാസിലോകത്തെ അതുപോലുള്ള ഒരുപാടുജീവിതങ്ങളും കാഴ്ചയും സത്യസന്ധമായി പലയിടത്തും പരിചയപ്പെടുത്തുണ്ട് നോവലിസ്റ്റ്‌. അപ്പു വരയ്ക്കുന്ന ചിത്രങ്ങള്‍
  കൊണ്ടു അറബി പ്രശസ്തനാവുകയും ,സാമ്പത്തികമായി കടയില്‍ വരുമാനം കൂടുകയും ചെയ്തത്തോടെ  അപ്പു അറബിയ്ക്ക് പ്രിയപ്പെട്ടവനായി. പിന്നെ എങ്ങനെയാണു അപ്പുവിനു വിരലുകള്‍ നഷ്ടമായത് ? എപ്പോഴാണ് ? എന്താണ് അപ്പുവിന്റെ ജീവിതത്തില്‍ സംഭവിച്ചത് . എന്താണ് 'സീഡാര്‍'. ഇത്തരം അന്വേഷണങ്ങളും ,കണ്ടെത്തലുകളുമാണ്  
മരുപ്പൊട്ടല്‍.

ഉത്തരങ്ങളല്ല ജീവിതം തുടരെ തുടരെയുള്ള ചോദ്യങ്ങള്‍ ആണ്.യാത്രകളൊക്കെ അവസാനിക്കുന്നൊരിടം ഉണ്ടാവും.അവിടെ എത്തുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പേ അര്‍ത്ഥം കണ്ടെത്തുന്നവരാണ് ഭാഗ്യവാന്‍മാര്‍. അപ്പു ഭാഗ്യവാന്‍ ആണോ ?
മരുപ്പൊട്ടല്‍ വായിക്കുന്ന വായനക്കാര്‍ ?മരുപ്പൊട്ടല്‍ വായിച്ച വായനക്കാരെന്ന നിലയില്‍ ഭാഗ്യവാനാണ് .നല്ലൊരു വായന സമ്മാനിച്ച നോവല്‍ .നോവലിലൂടെ പല പുതിയ അറിവിന്റെയും, വിഞ്യാനത്തിന്റെയും, തിരിച്ചറിവുകളുടെയും പാതയിലേക്ക് കൂടി വായനക്കാരനെ  തിരിച്ചുവിടുന്നുണ്ട് നോവലിസ്റ്റ്.
മരുപ്പൊട്ടല്‍ വായനക്കാരനില്‍ അടയാളപ്പെടുത്തുന്നതു ഈ സത്യം തന്നെയാണ് .ഉത്തരങ്ങളല്ല ജീവിതം, തുടരെ തുടരെയുള്ള ചോദ്യങ്ങള്‍ ആണ്.

ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില നൂറ്റിനാല്പതു രൂപ.

2013 ഒക്ടോ 26

കഥകള്‍


പുസ്തക പരിചയം - കഥകള്‍ 
ശ്രീ പി എഫ് മാത്യൂസ്

ശ്രീ പി എഫ് മാത്യൂസ് 1960 ഫെബ്രുവരി 18ന് പൂവങ്കേരി ഫ്രാന്‍സീസിന്റെയും മേരിയുടെയും മകനായി എറണാകുളത്ത് ജനനം.ഡോണ്‍ബോസ്കോ, സെന്‍റ് അഗസ്റ്റിന്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം.ചെറുപ്പം മുതലേ ഏകാങ്ക നാടകങ്ങളും ചെറുകഥകളും എഴുതി തുടങ്ങി. സൃഷ്ടികള്‍ ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരിക്കുന്നുണ്ട്. 

കൃതികള്‍: ഞായറാഴ്ച മഴ പെയ്യുകയായിരുന്നു,ചാവുനിലം,ജലകന്യകയും ഗന്ധര്‍വനും,2004ല്‍ ആലീസ്,27 ഡൌണ്‍,തീരജീവിതത്തിന് ഒരു ഒപ്പീസ്.ഇതിനു പുറമേ ചലച്ചിത്രങ്ങള്‍ക്കും ടെലിസീരിയലുകള്‍ക്കും തിരക്കഥകള്‍ എഴുതിയട്ടുണ്ട്‌ .ചലച്ചിത്രതിരക്കഥകള്‍: കുട്ടിസ്രാങ്ക് ,തന്ത്രം,എഴുതികൊണ്ടിരിക്കുന്ന ആന്റിക്രൈസ്റ്റ് എന്ന ലിജോ പെല്ലിശ്ശേരി ചിത്രം. 
ടെലിസീരിയലുകള്‍: ഇന്ദുലേഖ,മന്ദാരം,മേഘം,ചാരുലത,മിഖായലിന്റെ സന്തതികള്‍,ആ അമ്മ,സ്പര്‍ശം തുടങ്ങിയവ. പുരസ്ക്കാരം: കുട്ടിസ്രാങ്ക് എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയ്ക്ക് ദേശിയ പുരസ്ക്കാരം, തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം,കെ.സി.ബി.സി യുവ പ്രതിഭപുരസ്കാരം, തിരക്കഥയ്ക്കുള്ള എന്‍.എഫ്.അ.ഡി.സി. പുരസ്കാരം,എസ്.ബി.ടി. പുരസ്കാരം. 


ശ്രീ പി.എഫ് മാത്യൂസിന്റെ കഥകള്‍ എന്ന പുസ്തകസമാഹാരം മുഴുവനായും പരാമര്‍ശിക്കുന്ന വിഷയം മരണമാണ്. ഈ പുസ്തകം നിറയെ മരണങ്ങളാണ്.മരണത്തിന്റെ മണമുള്ള കഥകള്‍,മരണത്തിന്റെ ഗന്ധമുള്ള പുസ്തകം.കുന്തിരിക്കത്തിന്റെ ഗന്ധം,പള്ളിയിലെ മണിയടി ,ചന്ദനത്തിരി ഗന്ധം തുടങ്ങി ബിംബങ്ങള്‍ നിറഞ്ഞു മരണമായി ബന്ധപ്പെട്ട വായന,ഭയം,തിരിച്ചറിവ് സമ്മാനിക്കുന്ന രചന.




ജനനമെന്നതു മരണത്തിലേക്കുള്ള യാത്രയാണ്.ഓരോ ജീവിതവും മരണം തേടിയാണലയുന്നത് അല്ലെങ്കില്‍ മരണത്തെ ഭയന്നാണലയുന്നത്. ഒടുവില്‍ മരണത്തിനു കീഴടങ്ങുകയോ മരണത്തെ കണ്ടെത്തുകയോ ചെയ്യുകയാണ്. ഒരു കാര്യം ഉറപ്പ്. എപ്പോഴും എവിടെയും മരണം ജീവിതത്തെ പിന്തുടരുന്നുണ്ട്. ആ മരണം സ്വാഭാവികമാവാം,ആത്മഹത്യയാവാം, കൊലപാതമാവാം,അപകടമാവാം പലവിധത്തില്‍ ഒളിഞ്ഞിരിക്കുന്ന മരണങ്ങള്‍, മരണ ഭയങ്ങള്‍.അത്തരം എഴുപത്തിരണ്ടുകഥകളാണ് ഈ സമാഹാരത്തില്‍.


വായനയുടെ പലഘട്ടത്തിലും മരണഭയം കൊണ്ടോ മരണത്തെ വായിക്കാനുള്ള താല്പര്യ കുറവുകൊണ്ടോ  ഈ പുസ്തകം നമ്മള്‍ അടച്ചുവച്ചേക്കാം. കഥയുടെ ആവിഷ്കാരങ്ങളും  ഭാഷശൈലിയും അത്തരത്തിലാണ്. മരണത്തിലേക്കുള്ള വഴികള്‍ കാണിച്ചു പേടിപ്പെടുതുകയോ, ചില മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോകുക വഴി നിലനില്‍കുന്ന സത്യത്തിനെ പറഞ്ഞോര്‍മ്മപ്പെടുത്തുകയോ ചെയ്യുകയാണു കഥാകാരന്‍. ഓരോ കഥയെയും ആവിഷ്കരിച്ച രീതിയില്‍ സ്വാഭാവികമായ ജീവിതമുണ്ട്,ജീവിതത്തില്‍ കാണുന്ന, അനുഭവമാകുന്ന എല്ലാ വികാരവിചാരങ്ങളുമുണ്ട്.അതുകൊണ്ടുതന്നെ ഈ കഥകളൊന്നും ജീവിതത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതല്ല.എല്ലാവരുടെയും പിന്നില്‍ മരണമിരിക്കുന്നു അതൊരു വസ്തുതയാണ്.ഏവര്‍ക്കും അറിയാവുന്നത്. പക്ഷേ അതിനെ കുറിച്ചോര്‍ത്തു, അതിനെക്കുറിച്ചെഴുതി, അതിനെക്കുറിച്ചു വായിച്ചു ഭയപെടാന്‍ താല്പര്യമില്ലാത്ത വായനക്കാരെ മനസ്സില്‍ കണ്ടു കഥാകാരന്‍ എഴുതിയ സമാഹാരത്തിലെ ഒരു കഥയാണ്  ' വാതിലില്‍ ആരോ മുട്ടുന്നു '.


ഈ പുസ്തകത്തെ പരിചയപ്പെടുത്താന്‍ ആ കഥയിലെ ചില പ്രധാന ഭാഗങ്ങള്‍ പകര്‍ത്തിയാല്‍ മാത്രം മതിയാകും. ഈ കഥയില്‍ കഥാകാരന്‍ എല്ലാം വ്യക്തമായി പറയുന്നുണ്ട് .ആരോ മരണകഥകളടങ്ങിയ കഥാകാരന്റെ പുസ്തകം വായിച്ചശേഷം അദ്ധേഹത്തിനു അഭിപ്രായം കത്തിലൂടെ അറിയുകയാണ്. കഥാകാരന്‍ മറുപടി എഴുതകയും ചെയ്യുന്നു.ഈ പുസ്തകത്തിന്റെ പൂര്‍ണ്ണമായരൂപം ലഭിക്കാന്‍ ആ കഥയുടെ  വായനയിലൂടെ സാധ്യമാണ്. 


സുഹൃത്തെ,

മുഖവുരയില്ലാതെ പറയട്ടെ,താങ്കളുടെ പുസ്തകം എന്നെ വല്ലാതെ ചൊടിപ്പിച്ചു.ശവം നാറുന്ന ഈ പുസ്തകം ആര്‍ക്കുവേണ്ടിയെഴുതി? എന്തിന് ? ആത്മസംതൃപ്തിക്കുവേണ്ടി എഴുതുന്നു എന്ന പഴഞ്ചരക്ക് ഇനി എടുത്തു അലക്കരുത്.ആ കാലം കഴിഞ്ഞു. ഈ പുസ്തകം ഇറക്കാന്‍ വേണ്ടി നിങ്ങള്‍ എടുത്ത വായ്പ പോലും തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെന്നു വരാം.

എന്റെ കത്ത് നിങ്ങള്‍ക്ക് രസിക്കില്ലെന്നറിയാം.പക്ഷേ,അതില്‍ കാര്യമില്ല ,വായനക്കാരനാണ് എഴുത്തുക്കാരനെ സൃഷ്ടിക്കുന്നത്.ഞങ്ങള്‍ക്കിഷ്ടപെട്ട ചരക്ക് ഞങള്‍ വിലകൊടുത്തു വാങ്ങും.ചെലവാകാത്ത പുസ്തകങ്ങള്‍ ഗുദാമുകളില്‍ കെട്ടിക്കിടക്കുകയും പിന്നെ ദഹിപ്പിക്കപ്പെടുകയും ചെയ്യും.അവ സൃഷ്ടിക്കുന്ന എഴുത്തുക്കാരന്റെയും വിധി അതുതന്നെ.അതിനാല്‍ എഴുത്തുക്കാരാ, ഈ കത്ത് ഗൗരവത്തോടെ എടുത്താല്‍ നിങ്ങള്‍ക്ക് കൊള്ളാം .

നിര്‍ത്തട്ടെ

എന്ന്

...........

ഈ കത്തിനു കഥാകാരന്‍ മറുപടി എഴുതുന്നുണ്ട്. ആ മറുപടിയില്‍ പി എഫ് മാത്യൂസിന്റെ കഥകള്‍ എന്ന പുസ്തകസമാഹാരത്തിന്റെ പൂര്‍ണ്ണമായപരിചയപ്പെടുത്തലുണ്ട്.

വായനക്കാരനായ പ്രിയ ചങ്ങാതി,


താക്കീതിന്റെ സ്വരത്തിലാണെങ്കിലും താങ്കള്‍പറഞ്ഞകാര്യത്തില്‍ ചിലവാ സ്തവങ്ങളുണ്ടെന്ന്എനിക്കറിയാം.ഇക്കാലത്തു മരണത്തെക്കുറിച്ചു വായിക്കുവാന്‍ ആര്‍ക്കാണ് നേരം?എന്നുവച്ച് ഈ കാലവും പുതിയ മനുഷ്യരും ശരിയല്ലാത്തവരാണെന്ന് ആക്ഷേപിക്കുവാനും ഞാന്‍ തയ്യാറല്ല.ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചു പഠിക്കുവാന്‍ ശ്രമിക്കുന്ന എളിയ ഒരു മനുഷ്യനാണ് ഞാന്‍.പിന്നെ,എന്തുകൊണ്ട് ഇത്തരം കഥകള്‍ എഴുതിവിടുന്നു ? അതാണ് താങ്കളുടെ മനസ്സില്‍ ഇപ്പോഴുള്ള ചോദ്യം.എനിക്കറിയാം.

ഉത്തരം പറയാം.


കുഴപ്പം എന്റേതുമാത്രമാണ്.എന്നേക്കാള്‍ പ്രായമുള്ള മനുഷ്യര്‍ നരച്ച തലമുടി കറുപ്പിലും പകിട്ടുള്ള കുപ്പായങ്ങള്‍ ധരിച്ചും ഏറ്റവും പുതിയ ആശയങ്ങള്‍ കടംവാങ്ങിയും കുതിച്ചു പായുന്നതിനിടയില്‍ കോമാളികളായി മാറുന്നത് താങ്കളും ശ്രദ്ധിച്ചു കാണുമല്ലോ.എന്റെ കുഴപ്പം അവിടെ തുടങ്ങുന്നു.


ഒരിക്കലും കോമാളിയാകരുതെന്ന പിടിവാശിയാണെന്ന് തന്നെകൂട്ടിക്കോളൂ.

ഞാന്‍ നില്‍ക്കുന്നത് നിങ്ങളുടെ കാലത്തിലാണെങ്കിലും എന്റെ തല ഇപ്പോഴും പോയ കാലത്തിലാണ്‌. സര്‍വ പുച്ഛക്കാരുടെ അറുപതുകളിലാണ് എന്റെ പാവം തല.മരണത്തെ ആരാധിക്കുന്ന ഈ ആളുകളുടെ കാലില്‍ ഒരു ചെറിയ മുള്ളുകൊണ്ടാല്‍ മതി,ലോകമവസാനിച്ചതുപോലെ ദിവസങ്ങളോളം കിടന്നു വിലപിക്കും.അത്ര സാധുക്കളാണ്. ആത്മസംതൃപ്തി പഴഞ്ചരക്കായ സ്ഥിതിയ്ക്ക് ഇനി കൃതികള്‍ അച്ചടിക്കുമ്പോള്‍ ഞാന്‍ സൂക്ഷിക്കണം എന്ന് താങ്കള്‍ വ്യക്തമാക്കിയത് എന്നോടുള്ള പ്രത്യേക താല്പര്യംകൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിക്കട്ടെ. എന്നോട് താല്പര്യമുള്ള ഒരാള്‍ എന്ന നിലയില്‍ താങ്കള്‍ ഇതു മുഴുവന്‍ വായിക്കണം .ഇതിലൊരു കഥയുണ്ടെന്ന് ഞാന്‍ കരുതുന്നു.എന്റെ കഥകള്‍ മനുഷ്യര്‍ക്ക് രസിക്കുന്നില്ലെന്നു കുറച്ചുകാലം മുന്‍പേ ഞാന്‍ മനസിലാക്കിയിരുന്നു.കഥ എഴുതുന്ന നേരത്ത് എങ്ങനെ മനുഷ്യരെ രസിപ്പിക്കാം എന്നു ഞാന്‍ ഇതേ വരെ ചിന്തിച്ചിട്ടുമില്ല.കഥ തനിയെ എഴുതപ്പെടുകയാണെന്നാണ് എന്റെ വിശ്വാസം.എഴുത്തുകാര്‍ കാരണക്കാരാകുന്നുവെന്നുമാത്രം.

തല്‍ക്കാലം നിര്‍ത്തട്ടെ.

പരാജയങ്ങള്‍ പ്രതീഷിച്ചുകൊണ്ട്,

സ്നേഹപൂര്‍വ്വം .


ഈ കത്തെഴുതി, കഥ അവസാനിപ്പിക്കും മുന്‍പൊരു രസികന്‍ കഥയെഴുതാന്‍ ഇരിന്നിട്ട് മരണകഥകൂടി എഴുതേണ്ടിവന്നതു പരാമര്‍ശിച്ചു തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്  കഥാകാരന്‍. ജനനവും മരണവും നിത്യസത്യങ്ങളാണ്.ഒരിക്കല്‍ അതു സംഭവിക്കുക തന്നെ ചെയ്യും.എന്നിരുന്നാലും അതിനെക്കുറിച്ചുള്ള ചിന്തകളും ഭയവും വായിച്ചറിഞ്ഞു വെറുതെ അത്തരം കഥകള്‍ മനസ്സില്‍ കൊണ്ടുനടക്കുക.അതിനെകുറിച്ചു മറ്റുള്ളവരോടും പറയുക.ഈ പരിചയപ്പെടുത്തല്‍ എന്തിനാണെന്ന് എന്നിലെ വായനക്കാരന്‍ സ്വയം ചോദിക്കുമ്പോള്‍ കഥക്കാരനെ കൂട്ടുപിടിച്ചുകൊണ്ടാ കഥയില്‍ കഥാകാരന്‍ പറഞ്ഞിരിക്കുന്നതുപോലെ, ഒരിക്കലും കോമാളിയാകരുതെന്ന പിടിവാശിയാണെന്ന് തന്നെകൂട്ടിക്കോളൂ.


ഈ കഥാസമാഹാരം കഥകള്‍, പി എഫ് മാത്യൂസ്. ഡി.സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു.വില നൂറ്റി തൊണ്ണൂറ്റി അഞ്ചു രൂപ.