2013, ജൂൺ 27

സൈറ/ക്കോ






ചിലപ്പോള്‍ ജീവിതം അങ്ങനെയാണ്. ഒരു വാചകത്തിനവസാനം കുറിക്കുന്ന കുത്തുപ്പോലെ ചെന്നുനില്‍ക്കും.  ഡോക്ടര്‍ നല്‍കിയ അനുഭവകുറിപ്പു വായിച്ചുതീര്‍ന്നപ്പോള്‍ എനിക്കും അങനെയാണ് തോന്നിയത്. ഞാന്‍  ഡോക്ടറിലേക്ക്  കൂടുതല്‍ അടുക്കാന്‍ തുടങ്ങിയതു അദ്ദേഹം എഴുതിയ ഡയറി,അനുഭവക്കുറിപ്പുകള്‍ പുസ്തകമാക്കുവാനുള്ള ചുമതല ഏറ്റതോടെയാണ്.
എല്ലാം കഴിഞ്ഞു അവസാനവട്ട നടപടിയിലേക്ക് കടക്കുമ്പോഴാണ്, ഡോക്ടര്‍ ഒരു കുറിപ്പുക്കൊണ്ടുവന്നു അതാദ്യം ചേര്‍ക്കണമെന്നു പറയുന്നത്. വായിച്ചുകഴിഞ്ഞപ്പോള്‍ ഞാനും അതിനെ ശരിവച്ചു. അതുതന്നെയാണ് ആദ്യം വായിക്കപ്പെടെണ്ടത്.

എഴുത്തിന്റെ എല്ലാ ഘട്ടത്തിലും ഞാന്‍  ഡോക്ടറോടു പറയുമായിരുന്നു. ഡോക്ടര്‍മാരുടെ അനുഭവക്കുറിപ്പുകളാണ് വായിക്കപ്പെടെണ്ടത്.വിധിയോടും ജീവിതത്തോടും പോരാടി നില്‍ക്കുന്നവരുടെ അനുഭവങ്ങള്‍ അവര്‍ക്കുമാത്രമേ  നന്നായിട്ടറിയൂ. അതൊരു മാനസികരോഗ വിദഗ്തന്റെ ആകുമ്പോള്‍,  വിചിത്രവും അത്ഭുതവുമായി തോന്നുന്ന ജീവിതച്ഛായ അവരെ നന്നായിട്ടറിഞ്ഞിരിക്കൂ.
എല്ലാ കുറിപ്പുകളും ആ പറഞ്ഞതു ശരിവയ്ക്കുന്നവയായിരുന്നു. അതുപോലെയെല്ലാം ഡോക്ടര്‍ വള്ളിപുള്ളിവിടാതെ കുറിച്ചുവച്ചിരുന്നു. എല്ലാവരും ഡയറിയില്‍ എഴുതുന്ന ദിവസം കുറിക്കുന്ന പതിവുണ്ട്. ഡോക്ടറുടെ ഡയറിയില്‍ തിയ്യതിയുടെ സ്ഥാനത്തു “നാളെ” എന്നായിരിക്കും. നാളത്തെ തിയ്യതി. ഒരിക്കല്‍പ്പോലും എഴുതിയ ദിവസത്തെ തിയ്യതി കുറിക്കില്ല ഡോക്ടര്‍.... എല്ലായിടത്തും നാളെത്തെ തിയ്യതി. നാളെ ഉണ്ടെന്ന വിശ്വാസമോ ? അതോ ?.

പലകുറിപ്പുകളിലും മാറ്റങ്ങള്‍ വരുത്തേണ്ടിവന്നപ്പോള്‍ അവസാനമായി തന്ന ആദ്യകുറിപ്പിനു ഒരു മാറ്റവും വരുത്തേണ്ടന്നു ഞാന്‍ തീരുമാനിച്ചു. ഡോക്ടര്‍ എഴുതിയ അതെ വാക്കുകളും,വരികളും. ഇതു ജീവിതമോ ,കഥയോ , തിരിച്ചറിവോ, അതോ മനുഷ്യമനസ്സാണോ ?    
ചിലരുടെ തീരുമാനങ്ങള്‍ അതവരുടെ മാത്രമാണ് അതു മറ്റൊരാളിന്റെ കൂടെ ആകണമെങ്കില്‍ അതയാള്‍ തന്നെ തീരുമാനിക്കണം. എന്റെ തീരുമാനം തീര്‍ത്തും പരാജയമായിപ്പോയെന്നു തുടങ്ങുന്നു ആ കുറിപ്പ്.

സൈറയെ ഒന്നര വര്‍ഷത്തിനുശേഷം  വീണ്ടും ഇന്നാണ് കാണാന്‍ കഴിഞ്ഞത്. ഒരിക്കല്‍ ഒന്നുമില്ലെന്നു ഞാന്‍ വിധിയെഴുതിയവള്‍ വീണ്ടും എന്റെ മുന്‍പില്‍ വന്നിരിക്കുന്നു. അന്നവള്‍ ഒന്നും പിടിതരാതെയാണ് എന്റെ  കാബിന്‍ വിട്ടുപോയത്. എന്റെ തീരുമാനം ഏറെ തെറ്റാണെന്നു പിന്നീടു ചിന്തിച്ചപ്പോള്‍ തോന്നുകയുണ്ടായി. അങനെ അവളുടെ മുഖം മനസ്സില്‍ മായാതെ നിന്നു. ഭര്‍ത്താവിനെ വിളിച്ചു തന്റെ ഭാര്യയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നു വിധിയെഴുതി.

അയാളോടായിരുന്നു കൂടുതലും പറഞ്ഞത്. ചുരുക്കി പറഞ്ഞാല്‍  എല്ലാം ഒറ്റപെടലിന്റെ പിരിമുറുക്കം.അതായിരുന്നു നിഗമനം.നന്നായി സംസാരിക്കുന്ന കുട്ടിയായിരുന്നവള്‍. എല്ലാത്തിനും മറുപടിയുണ്ടായിരുന്നു. അയാള്‍ നേരെ മറിച്ചും ഒട്ടും സംസാരിക്കാത്ത പ്രകൃതം.
ഒറ്റപ്പെട്ടു പോകുന്നവര്‍ക്കുണ്ടാകുന്ന ഒരുതരം പിരിമുറുക്കം അതു പ്രവാസി ലോകത്താവുമ്പോള്‍, അതിനു സന്തോഷം നിറഞ്ഞ ജീവിതനിമിഷങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയെന്നു മാത്രമേ പറയാന്‍ ഉണ്ടായിരുന്നൊള്ളൂ. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, എപ്പോഴും വെറുതെ ഇരിക്കാതെ എന്തെങ്കിലും ചെയ്യുക.അതിനവള്‍ക്ക് ഒന്നിനോടും താല്‍പ്പര്യമില്ല , എല്ലാത്തിനോടും ദേഷ്യം എന്നൊക്കെയായിരുന്നു അയാളുടെ പരാതികള്‍...  പ്രവാസലോകത്തെ എല്ലാവരിലുമുള്ള പ്രശ്നങ്ങള്‍. അതിനുള്ള ചികിത്സ അവരില്‍ തന്നെയായിരുന്നു. നിങ്ങള്‍ പരസ്പരം എല്ലാം പങ്കുവയ്ക്കാന്‍ തുടങ്ങുക. ഒരു മാസം കഴിഞ്ഞു എന്നെവന്നു കാണുക. പിന്നെ കാണുന്നതു ഒന്നരവര്‍ഷം കഴിഞ്ഞിന്നാണ്.
 
അവര്‍ പ്രവാസലോകം ഉപേക്ഷിച്ചു നാട്ടിലേക്കു പോകുന്നതിനു ഒരാഴ്ച മുന്‍പായിരുന്നത്. അവളുടെ പ്രശ്നം അവള്‍ക്കു നാട്ടില്‍ പോകണ്ട. നാട് കാണണ്ട.ആരെയും കാണണ്ട.മരിക്കുന്നെങ്കില്‍ അതും ഈ മണ്ണില്‍.ജനിച്ച നാടിനെ,മണ്ണിനെ,നാട്ടുക്കാരെ,സംസ്കാരത്തെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തുന്ന പ്രവാസിയ്ക്ക് അവളൊരു അപവാദമായി തോന്നാം. അവളുടെ ഈ വ്യത്യസ്തത, അവളെ ഒറ്റപ്പെടുത്തി നിര്‍ത്തുന്നു. ഒരു കൂട്ടത്തിനു വേണമെങ്കില്‍ അവളെ ഭ്രാന്തിയെന്നുവിളിക്കാം.

ഒരിക്കല്‍ എനിക്കവളെ മനസിലാക്കാന്‍ കഴിയാതെപ്പോയി. അവള്‍ അന്നെവിടെയോ  ഒളിച്ചു നിന്നു. അവള്‍ വിചാരിച്ചാല്‍ മാത്രമേ എനിക്കവളെ കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നുള്ളൂ.  ഒന്നുറച്ചാല്‍  ഒരു മനസും, ഒരാള്‍ക്കും ഇളക്കാന്‍ കഴിയില്ലെന്ന് ബോധ്യമായി. അവളെ അറിയാന്‍ അതിനു അവളുടെ  കഥ മുഴുവന്‍ കേള്‍ക്കണമായിരുന്നെനിക്ക്.

മഴവില്ല് വിരിഞമാനം പോലെയാണ് ബാല്യക്കാലം. ഒരുപാടു വര്‍ണങ്ങള്‍ വിരിഞ്ഞു മനസ്സില്‍ പതിയുന്നക്കാലം. പാടത്തും പറമ്പിലും ഓടിച്ചാടി കളിച്ചു നടക്കേണ്ടക്കാലം. എട്ടാം തരം പഠനം തുടങ്ങിയദിനം വൈകുന്നേരം ഉപ്പ അടുത്തേക്കു വിളിച്ചുപ്പറഞ്ഞു. നാളെ തൊട്ടു നീ സ്കൂളിപോണ്ടാ........
മഴവില്ലുവിരിയാതെ മാറി നിന്നപ്പോള്‍ ഇടിമിന്നല്‍ മാത്രമായിരുന്നു പിന്നെയാ  കുഞ്ഞുമനസ്സില്‍.. ഉപ്പയാണ് വീട്ടില്‍ അവസാനവാക്ക് എതിര്‍ത്തൊന്നും പറഞ്ഞില്ല.ചോദിച്ചില്ല.  ആദ്യമായി ഒരു കാര്യം, ഒരുപാടുനേരം അവള്‍ ആലോചിക്കാന്‍ തുടങ്ങി.അവള്‍ക്കൊരു ഉത്തരവും കിട്ടിയില്ല.ആരോടും മിണ്ടാതെ വെറുതെ ഇരുന്നാലോചിക്കുക.ഒടുവില്‍ ഉമ്മാടെടുത്തുപ്പോയി ചോദിച്ചു.നീ വലുതായിപ്പോയി മോളെന്നു പറഞ്ഞു. ഇനി ഓടിച്ചാടി നടന്നാല്‍ ആളുകളെന്തെങ്കിലുമൊക്കെ പറയും.

"ആളുകളോ? എന്തുപറയും ? അവളുടെ മനസ്സിലെ മുറിവു കൂടുതല്‍ ആഴ്ന്നിറുങ്ങുകയായിരുന്നു. മതി,വേണ്ട,പാടില്ല,അരുത് എന്നുള്ള വാക്കുകള്‍ അവള്‍ കൂടുതലായി കേള്‍ക്കുവാന്‍ തുടങ്ങി.അനിയത്തിമാരൊക്കെ സ്കൂളില്‍ പോകുന്നതു ജനലിലൂടെ നോക്കിനില്‍ക്കും. കൂടെയുണ്ടായിരുന്ന കൂട്ടുകാരികള്‍ സ്കൂളില്‍ പോകുമ്പോള്‍ പുറത്തു വേലിയ്ക്ക് വന്നുവിളിച്ചു വിശേഷം പറയും.അതുകൂടിയപ്പോള്‍ ഉപ്പ അവരെ ഓടിച്ചു  വിട്ടു. വായിക്കാന്‍ പുസ്തകം തന്നിരുന്ന രമയെ ഒരിക്കല്‍ ചീത്ത പറഞ്ഞുവിട്ടു. 
അവളുടെയും പഠിത്തം അടുത്തവര്‍ഷത്തോടെ നില്‍ക്കുമെന്നു കേട്ടപ്പോള്‍ അതിനെകുറിച്ചു ബാല്യങ്ങള്‍ കൂടുതല്‍ ചിന്തയിലായി.രമയുടെ അച്ഛനോട് ഉപ്പ, മോളെ വീടിന്റെ പടി കടത്തരുതെന്ന് ഉപദേശിച്ചു. എപ്പോഴും അടുക്കളയില്‍ കഴിഞ്ഞുകൂടാന്‍ ഉമ്മയും നിര്‍ബന്ധിച്ചു തുടങ്ങിയപ്പോള്‍ ഉപ്പയോടൊരിക്കല്‍  ചോദിച്ചു.
എന്താ ഉപ്പ എന്നോട് സ്നേഹല്ല്യാത്തെ ?
ഉപ്പയ്ക്ക് സ്നേഹല്ല്യാണ്ടല്ല,  നീ വലുതായില്ലേ സൈറു ...
പഴയപ്പോലെയല്ലിനി  പള്ളിക്കാരും ആളുകളുമേത്തൊക്കെ പറയാ. ഇനി പഠിക്കാനുള്ളതു ചോറും കറിയും വയ്ക്കാനാണ്.  നീ നിക്കാഹ് കഴിക്കാനുള്ള പെണ്ണായില്ലേ.അന്നത്തെ രാത്രി അവളുടെ ചിന്തയില്‍ വലുതായതിനോട് ദേഷ്യമായിരുന്നു. സ്വയം അവള്‍ ദേഷ്യം കടിച്ചമര്‍ത്താന്‍ തുടങ്ങി. 

പിറ്റേന്നുരാത്രി  മനസ്സില്‍ പള്ളിക്കാരും ജാതിയും മതവും നാട്ടുക്കാരുമായിരുന്നു. തന്നോട് പഠിക്കാന്‍ പോകണ്ടാന്നു പറയാന്‍ അവരാരാണ്?. അവര്‍ എന്നെ തന്നെ നോക്കിയിരിക്കുന്നത് എന്തിനാണ്?.
ഒരു ബലൂണിനു ആവശ്യത്തില്‍ കൂടുതല്‍ വായു നിറച്ചാല്‍ അത് പൊട്ടിപോകും. അവളുടെ ശരീരവും മനസ്സും അപ്പോള്‍ അങ്ങനെയായിരുന്നു. ഒരു കുഞ്ഞുമനസ്സില്‍ വന്നു വീഴേണ്ട ചിന്തകള്‍ അല്ലായിരുന്നു പലതും.ആളുകള്‍,സമൂഹം ,ജാതി,മതം, നിക്കാഹ്.തുടങ്ങി വലിയ വലിയക്കാര്യങ്ങള്‍.അവള്‍ക്കു ആകെ മനസ്സിലായതു ഒരുകാര്യം മാത്രം. വലുതായി കഴിഞ്ഞാല്‍ ഒരുപാട് തടസം വരും. കളിക്കാന്‍ പാടില്ല .ആളുകൂടുന്നിടതു പോകാന്‍ പാടില്ല. കുഞ്ഞു മനസ്സിന്റെ ചിന്തകള്‍ അറിയേണ്ടവ പലതും അറിഞ്ഞു പക്ഷേ അറിയേണ്ട രീതിയില്‍ അല്ലായിരുന്നുവെന്നുമാത്രം. ആ മനസ്സ്  വിലക്കുകളെക്കുറിച്ചു മാത്രം വിലപ്പിക്കാന്‍ തുടങ്ങി.  

പിന്നീടുള്ള ഉറക്കത്തില്‍ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. വളര്‍ന്നു നീളുന്ന മുടിയും ,കൂടെ കൂടെ ഉണ്ടാവുന്ന മുഖക്കുരുവും,ഉയര്‍ന്നു വന്ന മാറിടവും അവളെ താന്‍ പഴയ കുട്ടിയല്ലെന്നും വളര്‍ന്നുവെന്നും ബോധ്യപ്പെടുത്തി.അവള്‍ സ്വയം സ്വരുകൂട്ടിയ ദേഷ്യം വെറുപ്പായി മാറി. അവള്‍ സ്വയം വെറുക്കാന്‍ തുടങ്ങി.സ്വയം വെറുക്കുന്ന ഒരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാന്‍ കഴിയുമോ? അവള്‍ എല്ലാവരെയും വെറുക്കാന്‍ തുടങ്ങി. തന്നെ നോക്കുന്ന താന്‍ കാണുന്ന എല്ലാവരെയും.

അവള്‍ ആദ്യമായി രോഗലക്ഷണം കാണിക്കുകയായിരുന്നു.ഒരു രോഗിയായി മാറുകയായിരുന്നു. അവളുടെ കുഞ്ഞുമനസ്സിനെ മുറിപെടുത്തിയ ആ മുറിവിന്റെ ആഴം തന്നെയാണ് അവളുടെ രോഗവും. അതിനപ്പുറം ആ മനസ്സിനു വളര്‍ച്ചയുണ്ടായിട്ടില്ല .ഒരു തരത്തില്‍ മനസ്സിന്റെ മരണം സംഭവിച്ചുക്കഴിഞ്ഞിരുന്നു. പാരമ്പര്യമായി വന്നുചേരുന്ന ശാരീരിക വളര്‍ച്ചയല്ലല്ലോ മനസ്സിന്. ഒരു രോഗിയെ സൃഷ്ട്ടിക്കുന്നത്തില്‍ അവരുടെ ചുറ്റുപാടിന്റെ സംഭാവന ഒരിക്കലും ചെറുതായിരിക്കുകയില്ല.
എന്റെ ചുറ്റിലും എന്നെനോക്കി ആളുകളുണ്ട്. കുട്ടികള്‍ വളരാന്‍ പാടില്ല. പഠിക്കാന്‍ പാടില്ല ,കളിയ്ക്കാന്‍ പാടില്ല. അവളുടെ മനസ്സിലെ ചിന്തകള്‍ സ്വയം കീഴ്മേല്‍ മറിഞ്ഞു. കൂട്ടുകൂടാനും സംസാരിക്കാനും തിരുത്താനും ആരുമില്ലാതെയായപ്പോള്‍ അവള്‍ സ്വയം അതിലേക്കു ഉള്‍വലിയുകയായിരുന്നിരിക്കണം. ഒരു തരം അടിമപ്പെടല്‍ അതില്‍ ഒരു തരം ആനന്ദം.അതിനപ്പുറം ഒരു വലിയ മുറിവോ,പ്രശ്നമോ അവളില്‍ ഉണ്ടായില്ല. അല്ലെങ്കില്‍ എല്ലാത്തിനും കാരണമായി ഇതവളുടെയുള്ളില്‍ വേരുറച്ചു നിന്നു. കാരണമായി വെറുത്തു തുടങ്ങിയതിനോട്   പിന്നെ പ്രതികാരമായി.

അതെ....സൈറ, മാനിക്ക് ഡിപ്രസീവ് സൈക്കോട്ടിക്ക് തന്നെയായിരുന്നു.

അങ്ങനെയൊരു ജീവിതമാണവള്‍ തുടര്‍ന്നത്തെങ്കില്‍ ഇന്നവള്‍ മുഴുഭ്രാന്തിയായി മാറിയിരിക്കണം. എന്നാല്‍ അതുണ്ടായില്ല.ഒരു മാസികരോഗവിദഗ്തന്റെ അടുത്തും ഇതുവരെ പോയിട്ടില്ല. പിന്നെ ആരാണവളെ  ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായിച്ചത് ? 

സ്വയം എടുത്തുചാടുന്ന കിണറില്‍ നിന്നും രക്ഷപ്പെട്ടു പോരുവാന്‍ ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ. ഒരുപാടു ക്ഷ്ടപാടോടെ സ്വയം രക്ഷപ്പെട്ടു വരുന്നവരുമുണ്ട്. ജീവിതമെന്നതു സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തൊരു  ശകടമാണെന്നവള്‍ തെറ്റിദ്ധരിച്ചിരിക്കണം.
പ്രതികാരം അവളെ ആകാശത്തു കൂടെ പറക്കുന്ന പരുന്തിനെ കൈകാട്ടി വിളിക്കാന്‍ പഠിപ്പിച്ചു. ചെയ്യുന്നതിലെല്ലാം ആനന്ദം. തന്നെ നോക്കിനില്‍കുന്ന ചുറ്റുപാടില്‍, കണ്ണുകളില്‍ അവള്‍ നിവര്‍ന്നു കൂടുതല്‍ ആകര്‍ഷകമായി നടന്നു. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെപ്പോലെ തന്നെയും എന്തൊക്കെയോ ചുറ്റിക്കൊണ്ടിരിക്കുന്നെന്നു അവള്‍ സ്വയം വിശ്വസിച്ചു. അവള്‍ സ്വയം എരിഞ്ഞു പുറമേ തിളങ്ങി നിന്നു. പ്രതികാരമായി മാറിയ വെറുപ്പിനു വീണ്ടും രൂപമാറ്റം സംഭവിച്ചു വിനോദമായി മാറി. 

മാറ്റത്തിലേക്കുള്ള ചുവടുകള്‍, തനിയെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍ ആയിരിക്കണം. അവള്‍ സ്വയം അറിയുകയോ, സമാധാനിക്കപ്പെടുകയോ,ഒതുങ്ങി കൂടുകയോ ചെയ്തു.വീണ്ടും ഞാന്‍ തെറ്റുകയായിരുന്നു. സഹനത്തിന്റെ കാര്യത്തില്‍ സൈറ യഥാര്‍ത്ഥ സ്ത്രീയായിരുന്നെങ്കില്‍, രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍  സ്ത്രീകള്‍ക്കു അപവാദം തന്നെയായിരുന്നു. അവളുടെ മനസ്സിനോളം ഒളിച്ചുകളിച്ചൊരു മനസ്സിനെ ആദ്യമായി കാണുകയായിരുന്നു.അവളുടെ മനസ്സിന്റെ താളം പൂര്‍ണമായിതെറ്റാന്‍ തുടങ്ങുമ്പോഴാണവള്‍ സ്വന്തം വീടുവിട്ടു പുറത്തുപോകുന്നത്. പതിനാറില്‍ നിന്നും പതിനേഴിലേക്കു കടക്കുമ്പോഴായിരുന്നു വിവാഹം. പുതിയ വീടിനും ചുറ്റുപാടിനും ഒരു മാറ്റവും ഉണ്ടായില്ല. വിലക്കുകളുടെ വേലികള്‍ ഉയര്‍ന്നു തന്നെ നിന്നു.  ജീവിതമൊരു കളിത്തമാശയായി തന്നെ കാണാന്‍ തുടങ്ങിയ അവളെ  എല്ലാത്തില്‍ നിന്നും മാറ്റി പ്രതിഷ്ടിച്ചതു ഭര്‍ത്താവായിരുന്നു.

അവളുടെ ജീവിതത്തിലെ ഏറ്റവും വഴിത്തിരിവായ സംഭവം. പ്രവാസിലോകത്തെക്കൊരു പറിച്ചുനടല്‍. അവള്‍ ഇതുവരെ കാണാത്ത ഭൂമി,പുതിയതായി പിറവിയെടുത്തപ്പോലെ, പരിചയമില്ലാത്ത മുഖങ്ങള്‍,സംസ്ക്കാരം,ഭാഷ. എന്തെങ്കിലും പറയുവാന്‍ ഒരു വലിയ വീട്ടില്‍ അവള്‍ക്കു ഭര്‍ത്താവ് മാത്രം. ആരുമില്ലാത്ത നേരങ്ങളില്‍ അവിടം അറിയാന്‍ ശ്രമിച്ചുനടന്നു. അരുത്,വേണ്ട ,മതി എന്നുള്ള വിലക്കുകള്‍ ഇല്ല. ഇതുവരെ കിട്ടാത്ത സ്വാതന്ത്ര്യം അവിടെനിന്നും കിട്ടാന്‍ തുടങ്ങിയത്തോടെ കാഴ്ചകള്‍ മാറിയതോടെ അവള്‍ സ്വയം സ്നേഹിക്കാന്‍ തുടങ്ങി. സ്വയം സ്നേഹിക്കുന്ന ആള്‍ക്കു മറ്റൊരാളെ ഒരുപാടു സ്നേഹിക്കാനും കഴിയും.സ്നേഹമെന്ന സ്വഭാവമാണ്  അവളുടെ ജീവിതത്തെ മാറ്റിമറിച്ചത്, പത്തൊമ്പതാം വയസ്സില്‍ അവളുടെ മനസ്സില്‍ പ്രണയം മുട്ടിട്ടു . നന്മയുടെ ഹൃദയം കൈവന്നവള്‍ക്ക് ദൈവം ആദ്യമായി ഒരു പെണ്‍കുഞ്ഞിനെ നല്‍കി.അവള്‍ തന്റെ കാന്തനെ ഏറ്റവും കൂടുതല്‍ പ്രണയിക്കാന്‍ തുടങ്ങിയ ദിവസം.

നാലു വര്‍ഷങ്ങള്‍ക്കുശേഷം അവരിലേക്ക്‌ മറ്റൊരു ആണ്‍കുഞ്ഞു കൂടികടന്നുവന്നു. പുതിയ ജീവിതം കുട്ടികളും കരച്ചിലും കുറുമ്പും അവള്‍ തനിയെ മറക്കുകയായിരുന്നുവെല്ലാം. ഇടയ്ക്കുള്ള നാട്ടിലേക്കുള്ള യാത്രകള്‍  അവളൊട്ടും ആഗ്രഹിച്ചില്ല. എന്നിരുന്നാലും അതു പലപ്പോഴും തുടര്‍ന്നുകൊണ്ടേയിരുന്നു അവളുടെ മനസ്സിന്റെ മുറിവുണക്കാതെ.അതുതന്നെയാണ് സൈറയെ എന്റെ മുന്‍പിലെത്തിച്ചത്.
മനസ്സ്,അതെപ്പോഴും എന്താണെന്നു പ്രവചിക്കാന്‍ കഴിയാത്ത വിധമായിരിക്കും  പ്രതികരിക്കുക. ഇനിയൊരു കുഞ്ഞുവേണ്ടന്ന ഭര്‍ത്താവിന്റെ തീരുമാനം.വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍  പലപ്പോഴും അവളെ അലട്ടി കൊണ്ടിരുന്നു.കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയതോടെ അവള്‍ വീണ്ടും ഒറ്റയ്ക്കായി. അവളുടെ ചിന്തകള്‍ കടിഞ്ഞാണില്ലാതെ പാഞ്ഞു. പഴയ ഇരിപ്പും നടപ്പും വീണ്ടും. പഴയക്കാലത്തേക്കവള്‍ തിരിഞ്ഞു നടന്നുതുടങ്ങി. എല്ലാവരും പോയാല്‍ ഒറ്റയ്ക്കൊരു വീട്ടില്‍ അവളെന്തു ചെയ്യും?.

എല്ലാ ദിവസവും നനഞ്ഞു തുടങ്ങി അവസാനിക്കും. ആരും മിണ്ടാനില്ലാതെയാവുമ്പോള്‍ ചുവരിനോട് സംസാരിക്കും,അടുക്കളയില്‍ കലഹിക്കും ,പുറത്തേക്കു ജനലിലൂടെ വെറുതെ നോക്കിയിരിക്കും. വെറുതെ ഇരിക്കുന്നവര്‍, തനിയെ ആയിപ്പോയവര്‍ പലതും നിരീക്ഷിക്കാന്‍ തുടങ്ങും. അതങ്ങനെയാണ്. പലപ്പോഴും ഒരു വ്യക്തിയെ വ്യക്തിത്വത്തെ ചെറിയ വൃത്തത്തിലേക്ക് ചുരുക്കുകയാണ് നമ്മള്‍,ഞാന്‍ ,നീ അവര്‍ എല്ലാവരുമടങ്ങുന്ന സമൂഹം.

പലപല ശീലങ്ങളുമായി ഒരുപാടു ദിവസങ്ങള്‍ കഴിഞ്ഞുപ്പോയി.
ഒരു ദിവസം മുറിയുടെ പുറത്തുനിന്നും പെട്ടെന്നു ശ്രദ്ധിക്കുന്നരീതിയില്‍ അവള്‍ക്കൊരു ചുരുട്ടിയിട്ട കടലാസിന്റെ തുണ്ടുകിട്ടി .ആരോ അവള്‍ക്കു തന്നെ എഴുതിയകുറിപ്പ്. അവളതു ചുരുട്ടിയെടുത്തു ദൂരെയെറിഞ്ഞു. കടലാസ് തുണ്ടുകള്‍ പിറ്റേ ദിവസവും വന്നു.വന്നുകൊണ്ടേയിരുന്നു. വായിച്ചുനോക്കും ദൂരെയെക്കേറിയും.

അവളെക്കുറിച്ച് ഏകദേശധാരണയുള്ള ആരോ ആണ്. ആണോ ? പെണ്ണോ ? അവള്‍ക്കൊരു ധാരണയും ഇല്ലായിരുന്നു. എന്നിട്ടും  ആരോ പിന്തുടരുന്നപ്പോലെയൊരു തോന്നല്‍. ഇവിടെയും തന്നെ പിന്തുടരുന്നതിനോട് ആദ്യം ഭയം പിന്നെ അതിനെ അറിയാനുള്ള ആകാംഷ. അതിന്റെ ഭാവം പ്രതികാരമായത്തോടെ അവളൊരിക്കല്‍ മറുപടി എഴുതി.

അവള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു എനിക്ക്.അവളുടെ തോന്നലോ അവളുടെ തന്നെ സൃഷ്ടിയോ ആവാം ഈ സംഭവം. ആരും ഇല്ലെന്നു സ്വയം വിലപ്പിച്ചു ഒറ്റപ്പെട്ടു പോവുമ്പോള്‍,സമാധാനിക്കാന്‍ അവളുടെ സൈക്കോ മൈന്‍ഡ് സൃഷ്ടിയ്ക്കുന്ന മറ്റൊരു ലോകം.എന്റെ പ്രഥമാദൃഷ്ടിയെ തച്ചുടയ്ക്കുന്ന നിലപാടു തന്നെയാണ് അവിടെയും അവളുടെ മനസ്സുകാണിച്ചത്.
ഒരിക്കല്‍ക്കൂടിയവളുടെ മനസ്സുതകരാന്‍ പോകുകയായിരുന്ന വേളയില്‍  അവളെ തേടിയെത്തിയ കുറിപ്പുകള്‍ തന്നെയായിരുന്നു അവളെ തിരിച്ചു വരാന്‍ സഹായിച്ചത്. ആരും കേള്‍ക്കാനില്ലാത്ത നേരത്തു അവളെ കേള്‍ക്കാന്‍ ആരെയോ  കിട്ടിയപ്പോള്‍, അവള്‍ എന്തൊക്കെയോ എഴുതി. അവളുടെ നേരം ആ എഴുത്തുകള്‍ക്കു മാത്രമായി. പ്രതികാരവും ,വെറുപ്പും,ദേഷ്യവും പോയി ചിരിയോടെ ഒരാനന്ദം. ആദ്യമെല്ലാം ആരെന്നറിയാനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും പരസ്പരം അതെല്ലാം ഉപേക്ഷിച്ചവര്‍ എഴുത്തുമാത്രം തുടര്‍ന്നു.

സാഹചര്യങ്ങളാണ് ഒരാളെ ഏതിനും പ്രേരിപ്പികുന്നതു പ്രാപ്തനാക്കുന്നത്. അവള്‍ ആരോടും പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ എഴുത്തിലൂടെ പങ്കുവച്ചു. “എനിക്കതൊരുപാട് സമാധാനമായിരുന്നു ഡോക്ടര്‍.., അവളുടെ വാക്കുകളില്‍ നിന്നും ഒന്നും പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല.
ഭാര്യക്കും ഭര്‍ത്താവിനും എല്ലാം പങ്കുവയ്ക്കാവുന്നതേ ഒള്ളൂ .ഒരുപക്ഷേ അതു ഭാവിജീവിതം തന്നെ തകര്‍ക്കുമെന്ന ചിന്തയാവാം ഇതൊരു ചതിയോ വഞ്ചനയോ എന്നുള്ള കുറ്റബോധമില്ലാതെ ഒരിക്കലും ഒരു പ്രശ്നമായി വരില്ലെന്നു കണ്ട എഴുത്തുകളെ വിശ്വസിച്ചത്. അങ്ങനെയാണെങ്കില്‍ എന്റെ മുന്‍പിലിരിക്കുന്ന സൈറ, പെരുംകള്ളിയായിരിക്കുമോയെന്നു  ചിന്തിച്ചുപ്പോയി. മണിക്കൂറുകള്‍ നീണ്ട പറച്ചിലുകള്‍ അവളുടെ പലഭാവങ്ങള്‍ ഞാന്‍ കാണുകയായിരുന്നു .

എന്താണെന്നു ചോദിയ്ക്കാന്‍ ആരെങ്കിലും ഉണ്ടാവുബോള്‍ അതുചിലര്‍ക്കു സമാധാനമാണ്. അവളുടെ മനസ്സിന്റെ തോന്നല്‍ മാത്രമാകാം ഇതെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു. ഒറ്റയ്കാവുമ്പോള്‍ തനിയെ പുസ്തകത്തില്‍ തന്നോടു സ്വയം പലതും ചോദിക്കുകയും പറയുകയും കുത്തികുറിയ്ക്കുകയും ചെയ്യുന്ന പലരുമുണ്ട്. സൈറ അങ്ങനെ എഴുതുകയും ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നിരിക്കാം.
ഒരിക്കല്‍ പരസ്പരം കാണണമെന്ന കുറിപ്പുവരുന്നതു സൈറ പൂര്‍ണമായും എഴുത്തില്‍ ഒരു തരം ആനന്ദം കണ്ടെത്തിയിരുന്നു .കാണണം എന്ന ചിന്ത, പിന്നീടുള്ള ദിവസങ്ങള്‍ ആകുലതകളോടെ എങ്ങനെയാണു കടന്നുപോയതെന്നു അവള്‍ക്കുകൂടി വ്യക്തതയില്ലാതെയാണ് പറഞ്ഞുതീര്‍ത്തത്.  ഒടുവില്‍ പരസ്പരം കാണാന്‍ തീരുമാനിച്ച ദിവസം. ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ്, അന്നാണ് സഹികെട്ടു ഭര്‍ത്താവവളെ എന്റെ എടുത്തേക്കു കൂട്ടിക്കൊണ്ടു വന്നത്.

ഞാന്‍ ആദ്യമായി കാണുന്നാ ദിവസമവള്‍  ഏറെ സന്തോഷവതിയായിരുന്നത്തിനുള്ള ഉത്തരം ഇന്നു തന്നു. “പരസ്പരം കാണാതിരിക്കാന്‍ ഒരു കാരണമായില്ലേ ഡോക്ടര്‍. എന്റെ കുടുംബം ,എന്റെ കുട്ടികള്‍ ,എന്റെ ഇക്ക, ഇതാണെന്റെ ലോകം.അവിടേക്ക്  ആണോ ?പെണ്ണോ ? മറ്റാരും തന്നെ കടന്നുവരരുത്.

സൈറ ഞെട്ടിപ്പിച്ചുകൊണ്ടേയിരുന്നു. യഥാര്‍ത്ഥ്യം നന്നായി തിരിച്ചറിയുന്നവള്‍ തീര്‍ച്ചയായും ഒരു മായീകലോകം കെട്ടിപ്പൊക്കിയിരിക്കണം. ചെറുപ്പത്തിലെ അവള്‍ക്കുണ്ടായ മുറിവില്‍ നിന്നും  രക്ഷനേടാന്‍ അവളുടെ മനസ്സ് തന്നെ കണ്ടെത്തിയ മായീകലോകം.പിന്നെ ഇന്നുവരെയുള്ള ഒന്നരവര്‍ഷം. അവര്‍ തമ്മില്‍ ഒന്നും എഴുതിയില്ല ആ ദിവസത്തോടെ  ആ ശീലം അല്ലെങ്കില്‍ സ്വഭാവം അവസാനിച്ചുവെന്നു തന്നെ പറയാം.ആ സമയം അവള്‍ക്കു എന്തുമാറ്റം വേണമെങ്കിലും സംഭവിക്കാമായിരുന്നു. ഒരുപക്ഷേ ഒരു മുഴുഭ്രാന്തി, ആനന്ദത്തിന് വേണ്ടി എന്തുതെറ്റും ചെയ്യാവുന്നവള്‍, മരണം. ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല. അവളുടെ ജീവിതത്തില്‍  ഒന്നര വര്‍ഷവും കടന്നുപ്പോയി.

തിരിച്ചു നാട്ടില്‍ പോകുന്നു, എന്റെ മോളെ എനിക്ക് പഠിപ്പിക്കണം. അവളൊരിക്കലും അവളുടെ ഉമ്മിയെപ്പോലെയാകരുത്. അന്നവള്‍ ഇതൊന്നും പറയാതിരുന്നതും ഇന്നുമുഴുവന്‍ മനസ്സുതുറന്നു പറഞ്ഞതിനും ആ മുറിവ് തന്നെയാണ് കാരണം. തന്റെ മകളുടെ പ്രായത്തില്‍ അവള്‍ക്കുണ്ടായ മുറിവ്. എനിക്കെന്തെങ്കിലും പറയണമെങ്കില്‍ സൈറയുടെ ജീവിതത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷം എന്തു നടന്നുവെന്നുകൂടി അറിയണമായിരുന്നു. 

കുടുക്കുകളില്‍ നിന്നും കുടുക്കുക്കളിലേക്ക് എന്നെകൊണ്ടുപോകുന്ന സൈറയെ അങ്ങനെ ഹിപ്നോട്ടൈസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സമ്മതം വാങ്ങുക.അയാളെ പറഞ്ഞു ബോധ്യപ്പെടുത്തുക  ബുദ്ധിമുട്ടേറിയ സംഗതിയാണ്. എന്നാല്‍ അതുവേണ്ടി വന്നില്ല. ഹിപ്നോട്ടൈസിങ്ങും. അവിശ്വസിനീയമായിരുന്നു അയാളോടുത്തുള്ള സംസാരം. ഴിഞ്ഞ ഒന്നരവര്‍ഷം അവളുടെ ജീവിതം കൂടുതല്‍ സന്തോഷകരമായിരുന്നു. അവള്‍ ഒരിക്കല്‍കൂടി അമ്മയായി. ഏറെ വിചിത്രമായി തോന്നാം അവളെക്കാള്‍ എന്നെ ഞെട്ടിച്ചുകൊണ്ടയാള്‍ ഒരുപാടുപറഞ്ഞു. അവള്‍ക്കു കത്തുകളെഴുതിയ ആ മനുഷ്യന്‍.

പരസ്പം അറിയാതെ എങ്ങനെ ?
ജീവിതമല്ലേ സര്‍ അങനെ മാത്രമേ അയാള്‍ പറഞ്ഞോളൂ.
മനുഷ്യമനസൊരു ചോദ്യചിഹ്നമായി എന്‍റെ ശിരസ്സിനുമുകളില്‍ നില്‍ക്കുകയാണ്‌. ചില മനസ്സുകള്‍ ഇങ്ങനെയാണ്, ഇവരെപ്പോലെ. അവളെ അറിയുകയെന്ന ദൌത്യം അയാള്‍ ആദ്യമേ ചെയ്തിരിക്കുന്നു. എനിക്കു മുന്‍പേ, വര്‍ഷങ്ങള്‍ക്കും മുന്‍പേ. അവള്‍ക്കുള്ള ചികിത്സയും കഴിഞ്ഞിരിക്കുന്നു. ഞാന്‍ വെറും കാഴ്ചക്കാരന്‍ മാത്രമാണ്.പിന്നെ അവളോടു ഇയാളെക്കുറിച്ചു പറയുകമാത്രമായിരുന്നു   എന്റെ ദൌത്യം. ഒന്നരവര്‍ഷം മുന്‍പു പറയണമായിരുന്നു ഞാന്‍. മനസ്സിലാക്കണമായിരുന്നു ഞാന്‍.

എത്ര വലിയ പരാജിതനാണ് ഞാന്‍,അയാള്‍,അവള്‍ മനസ്സിനു താഴെ എല്ലാ ശരീരവും ഒരു നേരം തോറ്റുപോവുകയായിരുന്നു. മനസ്സറിയുന്നതു ജീവിതവും, അഭിനയവും നാടകവും ഒളിച്ചുകളിയുമൊക്കെ ശരീരം ജയിക്കാന്‍ കാണിക്കുന്ന തന്ത്രപാടുകളും മാത്രമാണെന്നു മൂന്നു ജീവിതങ്ങള്‍ അത്ഭുതത്തോടെ അറിയുകയായിരുന്നു.അവര്‍ പരസ്പരം കണ്ണുകളില്‍ നോക്കിയിരുന്നു. മനസ്സുകള്‍ ശരീരത്തെ തിരിച്ചറിഞ്ഞു. മനസ്സിനെ ഇനിയും അറിയാത്ത ഞാന്‍ അവരുടെ മുന്‍പില്‍ വെറും കാഴ്ചക്കാരനായിരുന്നു. ഇനിയും പുതിയപാഠങ്ങള്‍ കാത്തിരിക്കുന്നു.
അവരോടു ഒന്നുമാത്രമേ പറയാന്‍ കഴിയുമായിരുന്നോള്ളൂ. മനസെപ്പോഴും പ്രിയപ്പെട്ടതിലേക്കു മാത്രമാണ് യാത്രപോകുക.

അവളുടെ ആകുലതകള്‍ എന്നേക്കാള്‍ അറിയുന്നയാള്‍ അവളുടെ കൂടെയുണ്ട്. ഇന്നതു എന്നേക്കാള്‍ നന്നായറിയുന്നാള്‍ അവളും. കൈകൂപ്പികൊണ്ടവള്‍ ഇന്നാണ് ജീവിതത്തില്‍ കൂടുതല്‍ സന്തോഷിക്കുന്നതെന്നു പറഞ്ഞു. ഞാന്‍ വിസ്മയപ്പെടുന്നതെന്നും.
അവളുടെ കുഞ്ഞുമനസ്സിനെ മുറിപ്പെടുത്തിയ മുറിവു തന്നെയാണ് അവളുടെ പ്രശ്നം.അതിനെ രോഗമോ,ലക്ഷണമോ, കാരണമോ,ഭയമോ എന്തുവേണമെങ്കിലും വിളിക്കാം. അതിന്റെ ചികിത്സ അവളിലല്ല അവളെ അങ്ങനെ ആക്കിയ ചുറ്റുപാടില്‍ നിന്നും തുടങ്ങണം. നടന്നു തുടങ്ങുമ്പോള്‍ കുഞ്ഞിക്കാല്‍ തട്ടിവീഴും പിടിച്ചു നടത്തിപഠിപ്പിക്കണം. വീണു വീണു പഠിച്ചാല്‍, നടന്നാല്‍ വീഴുമെന്നൊരു ഭയം കൂടി പഠിച്ചുവയ്ക്കും. നേരെ മറിച്ചാവുബോള്‍ വീണാലും ഒരാള്‍ പിടിക്കാനുണ്ടെന്ന വിശ്വാസം. അവള്‍ ആശ്വസിക്കുന്നതു ഇന്നു തന്‍റെ ഭര്‍ത്താവു കൂടെയുള്ളതോര്‍ത്താണ്.

അവള്‍ കാലുകള്‍ ഉറയ്ക്കും മുന്‍പേ സ്വയം നടക്കാന്‍ പഠിച്ചകുട്ടിയാണ്. അങ്ങനെ നടക്കാന്‍ പഠിച്ചതുക്കൊണ്ടു അവളിനിയും ആ ഭയമുണ്ടാകും. അയാളെപ്പോലെ ഒരാള്‍ അവളെ മനസ്സില്ലാക്കാന്‍ ഉള്ളതുക്കൊണ്ടു ഒരു വീഴ്ച അതൊരിക്കലും  ഉണ്ടാകില്ല. മറ്റൊരു മുറിവേറ്റ സൈറ ഇനിയുണ്ടാവില്ല. അങ്ങനെയൊരു കുടുംബമുണ്ടാകില്ല,ഒരു വീടുണ്ടാവില്ല, നാടുണ്ടാവില്ല ,സമൂഹമുണ്ടാവില്ല ,സംസ്ക്കാരമുണ്ടാവില്ല. മനുഷ്യനെ അറിയുന്ന മനസ്സുകള്‍ ഉള്ളപ്പോള്‍ നാം എന്തിനു ഭയപ്പെടണം.
ഡോക്ടറുടെ കുറിപ്പാദ്യമായി അനുഭവം തന്നെയോ അതോ കഥയാണോ, ഫിക്ഷനാണോ, ജീവിതമാണോ എന്നു കുഴപ്പിച്ചപ്പോള്‍ എന്നെ സമാധാനിപ്പിച്ചതു എന്‍റെ മനസ്സാണ്.

ഞാന്‍ ഇപ്പോഴും തിരിച്ചറിയാത്ത എന്‍റെ മനസ്സും ആ വാചകവും.

'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു കെട്ടുകഥകള്‍ മാത്രമാണ് ' !

13 അഭിപ്രായങ്ങൾ:

  1. ചില സ്ഥലങ്ങളില്‍ എവിടെയോ മണിച്ചിത്രതാഴിലെ ഗംഗയെ ഓര്മ വരുന്നു. തുടര്‍ ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകള്‍....,...

    http://aswanyachu.blogspot.in/

    മറുപടിഇല്ലാതാക്കൂ
  2. ആരാണവളെ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ സഹായിച്ചത്?

    അടുത്ത ലക്കത്തില്‍ നോക്കാം അല്ലേ?

    (അക്ഷരത്തെറ്റിന് മുന്‍കൂര്‍ ജാമ്യമെടുത്തതിനാല്‍ ഒന്നും പറയുന്നില്ല)

    മറുപടിഇല്ലാതാക്കൂ
  3. പുതിയ ഉദ്യമത്തിന് ആശംസകൾ.......... സൈറ ... നിന്നെയറിയാൻ അടുത്ത ഭാഗത്തിന് കാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. എവിടെയോകെയോ എന്തൊക്കെയോ ഒരു കല്ലുകടി.... എന്നാല്‍ എന്താണന്നു അങ്ങോട്ട്‌ വ്യക്തമായി പറയാനും കഴിയുന്നില്ല... അടുത്ത ഭാഗം ശ്രദ്ധിച്ച് കൂടുതല്‍ മനോഹരമാക്കൂ.... അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതാണല്ലോ വേണ്ടത് ഒന്നും മനസിലാകരുത് :) കാത്തിരിക്കാം ....

      ഇല്ലാതാക്കൂ
  5. തുടക്കം വായന അത്ര മോശമായില്ല ഈ തുടര്‍കഥ ബ്ലോഗില്‍ എഴുതുമ്പോള്‍ വലിയ കാലതാമസം ഇല്ലാതെ പെട്ടെന്ന് പെട്ടെന്ന് പോസ്റ്റണം ട്ടോ കാത്തി അല്ലെങ്കില്‍ വായന ഒരു സുഖം കിട്ടൂല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇല്ല....ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാം കഴിയും :)തുടര്‍ന്നും വായിക്കുക വട്ടു പിടിക്കുക :)

      ഇല്ലാതാക്കൂ
  6. നന്നായി എഴുതി അനീഷ്‌
    ആകാംഷയോടെ അടുത്തതിലേക്ക്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ