Jul 20, 2013

പുസ്തക പരിചയം - ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു.

എസ്.ജോസഫ്

ഏറ്റുമാനൂര്‍ പട്ടിത്താനത്ത് 1965-ല്‍ ജനിച്ചു.തൊണൂറുകളുടെ തുടക്കത്തില്‍ കവിതകള്‍ എഴുതിതുടങ്ങി.പ്രസദ്ധീകരിച്ച കൃതികള്‍ കറുത്ത കല്ല്‌ (2000)മീന്‍ക്കാരന്‍2002002(2003),ഐഡന്റിറ്റി കാര്‍ഡ് (2005),ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു(2009)-കേരള സാഹിത്യ അക്കാഡമി പുര്സക്കാരം (2012).വെള്ളം എത്ര ലളിതമാണ് (2012).ഇപ്പോള്‍ മഹാരാജാസ് കോളേജില്‍ മലയാളം അദ്ധ്യാപകന്‍..

എസ്. ജോസഫിന്റെ നാല്‍പ്പത്തി നാലു കവിതകളടങ്ങിയ കവിതാസമാഹാരമാണ് ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു.

ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു. പേരില്‍ തന്നെ കാണുന്ന വ്യത്യസ്തത കവിതകളില്‍ ഉടനീളം പ്രതിഫലിച്ചിരിക്കുന്നു. പ്രഥമദൃഷ്ട്ടിയാല്‍ കവിതയുടെ അര്‍ത്ഥതലങ്ങളിലേക്കും ആഴങ്ങളിലേക്കും വായനക്കാരനു ഇറങ്ങി ചെല്ലുവാന്‍ സാധിക്കുന്നില്ലെങ്കിലും 
വായനക്കൊടുവില്‍ വരികളെക്കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്നു കവി.

തുടര്‍വായനയ്ക്ക് തിരിതെളിയിക്കുന്നു. ആ വിശദവായനയിലൂടെ കവിയുടെ ആഖ്യാനരീതിയും അവതരണശൈലിയും വായനക്കാരനെ കവിയുടെ ചിന്തയിലേക്കും കവിതയുടെ അര്‍ത്ഥതലങ്ങളുടെ ലോകത്തേക്കും അനായാസം എത്തിക്കുന്നു.
പരിചിതമായ അന്തരീക്ഷത്തിലാണ് ഓരോ  കവിതയും എന്നാല്‍ അപരിചിതമാം വിധം അതിനെ കാണാന്‍,വര്‍ണ്ണിക്കാന്‍,ആവിഷ്ക്കാരിക്കാന്‍ കവിയ്ക്കു സാധിക്കുന്നു.സാധാരണ മനുഷ്യന്റെ വികാരങ്ങള്‍,കാഴ്ചകള്‍,പ്രകൃതി,മണ്ണ്,മരം,മഴ,മല,പുഴ തുടങ്ങി സമകാലിക രാഷ്ട്രീയ-ജാതി ചിന്തകളും കവി പറയാതെ പറയുന്നു. അതും തന്റെതായ തനതു ശൈലിയില്‍ പറയുന്നുവെന്നതു എസ്. ജോസഫ് എന്ന കവിയെ ആധുനികകവികളുടെ നിരയില്‍  നിന്നും തികച്ചും വ്യത്യസ്തനാക്കി നിര്‍ത്തുന്നു.

തൊണൂറുകളുടെ തുടക്കത്തിലാണ് കവി കവിതകളുടെ ലോകത്ത് എത്തിപ്പെടുന്നത് അതികൊണ്ടുതന്നെയാവാം അന്നത്തെ കാലത്തെ ശൈലി ഇദേഹത്തിന്റെ കവിതകളിലും ദൃശ്യമാകുന്നത്. ആ കാലത്ത് പരമ്പരാഗതശൈലിയായ ഗദ്യപദ്യ രൂപങ്ങളും ഭാഷയും കൈമാറി കവിത പല മാറ്റങ്ങള്‍ക്കും വിധേയമായി.ദീര്‍ഘമായ കവിതകള്‍ ലഘുവായി പരിണമിച്ചു കാല്‍പനികതയും ബിംബങ്ങളും അതിഭാവുകതവും വര്‍ണനയും പുതുവഴിതേടി വിഷയങ്ങള്‍ അതെ പടിപറഞ്ഞു പോകുന്ന പ്രതിപാദനരീതി കൈവന്നു. ലാളിത്യം നിറഞ്ഞതും അനായാസമായതും ആര്‍ഭാടങ്ങളും അതിഭാവുകത ഇല്ലാതതുമായ ആധുനികശൈലി തൊണൂറുകളുടെ തുടക്കത്തോടെ കവിതയില്‍ നിലവില്‍ വന്നു. 

കവി ആ ശൈലിയില്‍ പൂര്‍ണമായി നിലയുറക്കാന്‍ പലപ്പോഴും പരാജയപ്പെട്ടിരിക്കാം.അതിനാല്‍ തന്നെ ആധുനികതയും പരമ്പരാഗതരീതിയും,കാല്‍പനികതയും,ബിംബങ്ങളും,അതിഭാവുകതവും വര്‍ണനയും ഗദ്യപദ്യരീതികളും തുടങ്ങി ഒന്നിനെയും പിടിവിടാതെ രണ്ടിനും ഇടയിലൂടെ നാടന്‍ഭാഷയില്‍ തന്റെ രീതിയില്‍ തന്റേതായ ശൈലിയില്‍ തന്റെ കവിത എന്നൊരു ലോകം കവി തീര്‍ക്കുന്നു. അവിടേക്ക് നമ്മളെ കൂട്ടികൊണ്ട് പോവുകയാണ് കവി പല കവിതകളിലും. 

ഒരേ സമയം സങ്കീര്‍ണമാവുകയും അല്ലാതാവുകയും ചെയ്യുന്ന രീതിയാണ് ഓരോ കവിതകളിലും.അന്നത്തെ കവിയില്‍ നിന്നും ഇന്നത്തെ ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു എന്ന എസ്. ജോസഫ് ലേക്കുള്ള ദൂരം താണ്ടുവാന്‍ കവി ആര്‍ജിച്ച ഊര്‍ജം വളരെ വലുതാണ്‌.ആരും സഞ്ചരിക്കാത്ത വഴിയിലൂടെയാണ് കവി നടന്നുകയറിയിരിക്കുന്നത്. 

വര്‍ത്തമാനകാഴ്ചകളിലൂടെയാണ് കവിയുടെ കൂടുതല്‍ സഞ്ചാരവും.ഭാവിയും ഭൂതകാലവും അപൂര്‍വമായി വിഷയമാകുന്നോള്ളൂ.ഏതു കവിതയെടുത്താലും വായനയുടെ തുടക്കത്തില്‍ വായനക്കാരനെ എവിടെയും എത്തിക്കുന്നില്ല കവി. രണ്ടും മൂന്നും വരികളില്‍ എല്ലാം വ്യക്തമാക്കുന്ന രീതി ഒരിടത്തും അവലംബിക്കാതെ അവസാനമടുക്കുന്നത്തോടെ എല്ലാം കവി വ്യക്തമാക്കുന്നു. കൂടാതെ തുടര്‍ചിന്തകള്‍ക്കും വഴി തുറന്നുതരുന്നു. എല്ലാ കവിതയിലും കവി ഇതേ രീതി പിന്തുടരുന്നു. കവിതയ്ക്ക് ഇടുന്ന പേര് മുതല്‍ അവസാനം വരെ ഒരുപാട് ചിന്തയ്ക്ക് വഴി എറിഞ്ഞുകൊണ്ടുതന്നെയാണ് കവിയുടെ സഞ്ചാരം.


ആദ്യത്തെ കവിത പാട്ട്.

താഴ്വരയിലെ വീട്ടില്‍ ഒരാള്‍ താമസിക്കുന്നു
നേരം മങ്ങുമ്പോള്‍ അയാളുടെ പാട്ട്
മലകളെ ചുറ്റിപോകുന്നത് കേള്‍ക്കാം
എന്തര്‍ത്ഥമിരിക്കുന്നു അതില്‍ എന്നു ചോദിക്കരുത്. 
എന്നു തുടങ്ങുന്ന പാട്ട് എന്ന കവിത അവസാനിക്കുന്നത്‌ മനസ്സില്‍ പല ചിന്തകള്‍ക്കും വഴിവച്ചാണ്.
നമ്മുക്കായളുടെ പാട്ടുകേട്ടുകൊണ്ട് ഈ മരതണലിരിക്കാം
എത്ര മനോഹരമാണ് ഈ ലോകവും പ്രകൃതിയും അല്ലെ ?
ഈ മരത്തിലെത്ര ഇലകളുണ്ടെന്നറിയാമോ
അതുപോലെ എന്തോ ഒന്ന് ആ പാട്ടിലുമുണ്ട്.

പ്രകൃതിയിലേക്ക് സാധാ നോക്കിയിരിക്കുന്ന കവി പലപ്പോഴും കാഴ്ചയില്‍ വാചാലനാണ്.പക്ഷികളുടെ,മഴയുടെ, പുഴയുടെ കാഴ്ചയില്‍ കവി കൂടുതല്‍ വ്യാകുലനാവുന്നു.അതിനെതുടര്‍ന്നാണ് പല കവിതയും പിറവിയെടുത്തിരിക്കുന്നത്.സൂക്ഷമമായ അര്‍ത്ഥതലങ്ങളോടെയാണ് ഓരോ കവിതയും അവതരിപ്പിച്ചിട്ടുള്ളത്.ആ ആഴങ്ങളിലേക്ക് നമ്മള്‍ എത്തിപ്പെടുന്നത് തെരഞ്ഞെടുത്ത സാധാരണവിഷയങ്ങളുടെ അവതരണം കൊണ്ടുതന്നെയാണ്. അതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ അസാധാരണത്വം നിറഞ്ഞ ആവിഷ്ക്കാരവും.

കൃഷി നിലങ്ങള്‍ വെള്ളകെട്ടുകലായി 
പാവല്‍പ്പന്തലുകള്‍ പാടതൊടിഞ്ഞുകിടക്കുന്നു – പച്ചനിറം
റെ പരന്നൊഴുകിയതിനാലാണോ
എതാനും വരികളിലേക്ക് വെട്ടിക്കുറയ്ക്കപ്പെടത് – പുഴ

മരം കൊത്തി ,ഏറു മാടം,കാട്ടുപന്നി ,ഉറുമ്പ് ഓടിനടക്കുന്ന ഒരില ,പക്ഷികള്‍ ചേക്കേറുന്ന രീതികള്‍,ഇരുണ്ടുകൂടുന്ന നേരം തുടങ്ങി കവിതകളും പൂര്‍ണമായ വായനയില്‍ കൂടിമാത്രം വായനക്കാരനിലേക്ക് എത്തുന്നവയാണ് ഏറെ ചിന്തിപ്പിക്കുന്ന രചനകളാണ് ഭൂരിഭാഗവും. ഒരു പക്ഷേ കവിയ്ക്ക് മാത്രം സാധ്യമാവുന്നത്.

ഗ്രൂപ്പ്‌ഫോട്ടോയിലും,കളിയിലും,നാടോടികളുംവീട്ടുക്കാരും,അപ്പുവും അമ്മുവും, തുടങി അവസാന കവിതയായ വെള്ളമെടുക്കാന്‍ പുറപ്പെട്ട-തുടങ്ങി കവിതകളില്‍  കവി പറയാതെ പറയുന്ന സമകാലികതയുണ്ട്.

നിങ്ങള്‍ എന്താണ് കരുതന്നത് ?കോംപ്ലക്സ്‌ എന്നോ?
ഒരു പാവപെട്ടവന്‍,താണവന്‍,പോരെങ്കില്‍ കറുമ്പന്‍
കേരളത്തിലെങ്ങനെ ജീവിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ- ഗ്രൂപ്പ്‌ഫോട്ടോ.

രാത്രി എട്ടര കഴിഞ്ഞു കവലയിലെ കടത്തിണയില്‍
ഒരാങ്ങളയും പെങ്ങളും സ്കൂള്‍ കളിക്കുന്നു.
കളി എന്ന കവിത തുടങ്ങുന്നു ഇങ്ങനെ
 ആളുകള്‍ അവരെ നോക്കിനില്‍ക്കുന്നു
ആളുകള്‍ പോണം,കടകളടയ്ക്കണം
എന്നാലെ അവര്‍ക്ക് ഉറങ്ങാനാകൂ 
എന്നു പറഞ്ഞുകൊണ്ടവസാനികുമ്പോള്‍ കളിയില്‍ അല്പം കാര്യം കൂടി പറയുകയാണ്‌ കവി.

വീട്ടുകാര്‍ അവര്‍ പണിത ചെറുവീടുകളില്‍ കഴിയുന്നു
നാടോടികള്‍ ആരും പണിയാത്ത വലിയ വീട്ടില്‍ കഴിയുന്നു  
നാടോടികളും വീട്ടുക്കാരും എന്ന കവിത തുടങ്ങി പലതും പറഞ്ഞു കൊണ്ടവസാനിക്കുന്നത് ഇങ്ങനെയാണ്. 
ഒരേ പ്രകൃതി വിളിക്കുന്നു ഒരേ ശബ്ദം കേള്‍ക്കുന്നു
വീട്ടുപെണ്‍കുട്ടി വീട്ടുചെറുക്കന്റെ കൂടെപോകുന്നു
അവര്‍ വീട്ടിലേക്കു പോകുന്നു
നാടോടിപെണ്‍കുട്ടി നാടോടിചെറുക്കന്റെ കൂടെ പോകുന്നു
അവര്‍ എങ്ങോട്ട് പോകുന്നു?
ഒരു ചോദ്യം വായനക്കാരനോട് ചോദിച്ചു കൊണ്ടാണ് ഇതാവസാനിക്കുന്നത്.

ഇന്ന് നാം കാണുന്ന പുഴയെ പലരീതിയിലും കവി പലയിടത്തും പ്രതിപാദിക്കുന്നുണ്ട്.

വെള്ളമെടുക്കാന്‍ പുറപ്പെട്ട മനുഷ്യര്‍ മണല്‍പ്പുറത്ത് വീണുനങ്ങും കാറ്റയാളുടെ കുടത്തിലൂതും -
വെള്ളമെടുക്കാന്‍ പുറപ്പെട്ട.  

കുട്ടികള്‍ക്ക് കളിയ്ക്കാന്‍ മൈതാനമായി
കവികള്‍ക്ക് ഉത്സാഹിക്കാന്‍ കടലാസായി
മണലു വരുന്നവരും ഉത്സാഹത്തിലാണ്
മുമ്പവര്‍ വെള്ളത്തില്‍നിന്ന് മണലുവാരി
ഇന്നവര്‍ മണലില്‍ നിന്ന് മണല്‍വാരുന്നു – പുഴ.

അതെ കവി മറ്റൊരിടത്ത് പുതുതലമുറയോട് പറയുന്നു.
ഇപ്പോഴെങ്കിലും അവരോട് പറയട്ടെ
കുഞ്ഞുങ്ങളെ,പുഴകള്‍ ഇങ്ങനെ വരണ്ടുണങ്ങും കേട്ടോ  
നമ്മുടെ ചെയ്തികളാലും
ഭൂമിയുടെ മാറ്റത്തിനാലും
അതില്‍ ബേജാറായിട്ടു കാര്യമില്ല
എങ്കിലും പാട്ടുകള്‍ പാടി
കവിതകളും കഥകളും പറഞ്ഞ് കൂടെക്കൂടെ
നമ്മള്‍ പുഴയിലേക്ക് പോണം - അപ്പുവും അമ്മുവും.

കവിതകളും കഥകളും പറഞ്ഞ് കൂടെക്കൂടെ നമ്മള്‍ പുഴയിലേക്ക് പോണം എന്നോര്‍പ്പിക്കുന്ന കവി തന്റെ കവിതയുടെ ധര്‍മ്മം കൂടി വായനക്കാരനു പകര്‍ന്നു നല്‍ക്കുകയാണവിടെ.

ന്ന് ആ കുന്നില്‍ വച്ചുകണ്ട പന്നി ഇന്നിവിടെ കാണില്ല
അത് കുത്തിമറിച്ചിട്ട മണ്ണും അവിടെ കാണില്ല ആ ഓര്‍മ്മ പോകപ്പോക്കേ
മാഞ്ഞുമാഞ്ഞു പോകുന്നു അത് ഈ കവിതയിലുണ്ടാകും 
ഇതുള്ള കാലം വരെ നിലം തൊടാ മണ്ണ് മാതിരി – 
കാട്ടുപന്നി കവിതയിലൂടെ എല്ലാം ഓര്‍മ്മിച്ചെടുക്കുന്ന കവി.കവിതയെക്കുറിച്ചും മലയാളത്തെ കുറിച്ചും വേദനിക്കുന്നുണ്ട്,കവിതയുടെ വഴി എന്ന കവിതയില്‍..

വിതയുടെ വഴി നടന്നുതീര്‍ക്കാന്‍ ആര്‍ക്കുമാകില്ല  
അതാ ഒരു പന്ത് ഉരുണ്ടുപോകുന്നു ഞാനതിന്റെ പുറകെ നടക്കുന്നു
മലയാളഭാഷയും കവിതയും എത്രനാള്‍ ഉണ്ടാകുമെന്ന് ആര്‍ക്കറിയാം ?
ഒരു ദിവസം പന്ത് കാണാതാകാം എന്നേയും 
എന്നു തുടങുന്ന കവിതയില്‍ ചില ആവലാതികളുണ്ട്.കവിത അവസാനിക്കുന്നതോടെ എപ്പോഴത്തെപോലെയും അതു വായനക്കാരനു കൈമാറുന്നു കവി.

സാധാരണമായ വിഷയങ്ങളുടെഅസാധാരണമായ തീക്ഷ്ണമായ അവതരണശൈലിയാണ് കവിയുടെ പ്രതേകത.സാധാരണമായ കാഴ്ചകളായതു കൊണ്ടുതന്നെ കവിതയിലേക്ക് പെട്ടെന്നു കടന്നുചെല്ലാന്‍ വായനക്കാരനു എളുപ്പം സാധിക്കുന്നു.
പിന്നീടുള്ളതു കവിയോടുത്തുള്ള സഞ്ചാരമാണ് നമ്മള്‍ കണ്ട കാഴ്ചകള്‍ കാണുന്ന കാഴ്ചകള്‍, കവി ഇങ്ങനെയാണ് കണ്ടിരിക്കുന്നതെന്നു അറിയുമ്പോള്‍. മനസ്സില്‍ അറിയാതെ പറഞ്ഞുപോകും. എവിടെയായിരുന്നു എസ്.ജോസെഫ് നിങ്ങള്‍ ഇത്രയും നാള്‍ ?

അര്‍ഹനായിട്ടുപ്പോലും പലപ്പോഴും അവഗണിക്കപ്പെട്ടുപ്പോയ ആരും അറിയാതെപോയ പലരും അംഗീകരിക്കാതെ പോയൊരു പ്രതിഭ തന്നെയാണ് കവി.

ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു എന്ന കവിതാസമാഹാരം വായിച്ചു അടച്ചുവച്ചു രണ്ടാം ദിവസം വന്നവാര്‍ത്ത‍, അതിനെ അടിവരയിടുകയും നിരാകരിക്കുകയും ചെയ്തു. രണ്ടായിരത്തിപന്ത്രണ്ടിലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുര്സക്കാരം ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു അര്‍ഹമായി. ഒടുവില്‍ കവി എസ്.ജോസഫ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. 

വൈകിപോയെങ്കിലും ഏറ്റവും ഉയര്‍ന്നരീതിയില്‍ തന്നെ ആ പ്രതിഭ അംഗീകരിക്കപ്പെട്ടിരിക്കുന്നു.വിതയെ സ്നേഹിക്കുന്ന എല്ലാവരും പരിചയപ്പെട്ടിരിക്കേണ്ട കവിതകളടങ്ങിയ ഈ പുസ്തകം ഡി.സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു.
ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു.
പുസ്തകവില- 45-രൂപ 

16 comments:

 1. പ്രിയപ്പെട്ട കാത്തി,
  പറഞ്ഞപോലെ പേരിൽ തന്നെ ഒരു വ്യത്യസ്തത ഉണ്ട്.
  പുസ്തകത്തെ വളരെ നന്നായി പരിചയപെടുത്തി.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. സന്തോഷം ഗിരീ,പുസ്തകം എടുത്തുവായിക്കാന്‍ മറക്കണ്ട.

   Delete
 2. “അതുപോലെ തന്നെ എന്തോ ആ പാട്ടിലുമുണ്ട്”
  ഈ കവിതകളിലുമുണ്ട്
  ഈ പുസ്തകപരിചയപെടുത്തലിലുമുണ്ട്

  ReplyDelete
  Replies
  1. :)പുസ്തകം വായിക്കാന്‍ മറക്കണ്ട അജിത്തെട്ടാ.

   Delete
 3. ജോസഫ് ഒരു നല്ല കവിയാണ്‌. ഒപ്പം പുസ്തകത്തെ കാത്തി നന്നായി പരിയപ്പെടുത്തിയിരിക്കുന്നു.

  ReplyDelete
  Replies
  1. സന്തോഷം ടോംസ്...വ്യത്യസ്തനായ കവി.

   Delete
 4. പുതിയ അറിവുകൾ പ്രകാശം കാണിച്ചതിനു നന്ദി പ്രിയപ്പെട്ട കാത്തി നന്ദി.....!!

  ReplyDelete
  Replies
  1. സന്തോഷം അജയേട്ടോ..പുസ്തകം വായിക്കാന്‍ നോക്കണേ.

   Delete
 5. Replies
  1. കൈയില്‍ കിട്ടിയ സമയം നല്ലതായിരുന്നു.അങനെ ശ്രമിച്ചു :) സന്തോഷം നിധീ

   Delete
 6. നന്ദി കാത്തി നാല്ലൊരു അവലോകനത്തിന്... വായിക്കാം

  ReplyDelete
  Replies
  1. സന്തോഷം :) . വ്യത്യസ്തമായ കവിതകളാണ്.നഷ്ടം ആവില്ല.

   Delete
 7. നല്ല അവലോകനം -പേരില്‍ തന്നെ ഒരു പുതുമ ഉണ്ട്. വായിക്കാന്‍ എന്ന് കഴിയുമോ:( . ആശംസകള്‍....

  ReplyDelete
  Replies
  1. സന്തോഷം.ശക്തമായതും വ്യത്യസ്തമായതുമായ രചനകള്‍ ആണ്. വായിക്കാന്‍ ശ്രമിച്ചോളൂ.

   Delete
 8. കാത്തി , ഉപ്പന്‍റെ കൂവല്‍ വരയ്ക്കുന്നു വായിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് , ഈ അവലോകനം മറ്റുള്ളവയും വായിക്കാന്‍ പ്രേരിപ്പിക്കുന്നു ...നന്ദി !

  ReplyDelete
  Replies
  1. സന്തോഷം, ഞാനും ഈ അടുത്താണ് കവിയെകുറിച്ചും രചനകളെക്കുറിച്ചും കൂടുതല്‍ വായിക്കുന്നത്.

   Delete