2014, ജൂലൈ 13

രൂപാന്തരം








യാള്‍  ചായക്കടയുടെ വരാന്തയിലേക്കു കയറി പുറത്തേക്കുനോക്കി നിന്നു.അയാളെന്നു പറഞ്ഞാല്‍ നമ്മുടെ കൂട്ടത്തില്‍ പെടാത്തൊരാള്‍.നമ്മളെന്നു പറഞ്ഞാല്‍ ഞാന്‍, നീയടക്കമുള്ളവര്‍.

"മനുഷ്യന്‍ എങ്ങനെ മനുഷ്യനായി രൂപാന്തരപെട്ടു വന്നു".
താടിയും തടവി നമ്മളിലൊരാള്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് തിരിതെളിച്ചു.അയാള്‍ കടയിലേക്കു പെട്ടെന്നുകയറി വന്നതുകൊണ്ടാണ് നമ്മളിലൊരാള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചതെന്നു വ്യക്തം. അയാള്‍ ഒരു
  ഭ്രാന്തനാണെന്നാണ് നാട്ടിലുള്ളവരുടെ ഭാഷ്യം.അതു ചിലപ്പോള്‍ മറ്റാരും അതായതു ഈ നമ്മളൊക്കെ ജീവിക്കുന്നതുപോലെ അയാള്‍ ജീവിക്കാത്തതു കൊണ്ടാകാം.
 
"കൊരങ്ങ് ,കൊരങ്ങെ..." ചായ തലങ്ങും വിങ്ങലും, വലത്തും ഇടത്തും നീട്ടി വീശിയാറ്റികൊണ്ടു നമ്മളിലൊരാളായ ചായക്കടയുടമ തന്നെ സ്കോര്‍ബോര്‍ഡു
  ചലിപ്പിക്കാന്‍ ശ്രമിച്ചു.അല്ലെങ്കിലും ഇത്രയും വിവരമുള്ള മറ്റൊരു വര്‍ഗത്തെ ഭൂലോകത്തു കാണില്ല. ഈ ചായക്കടക്കാരെ ! ഭയങ്കര വിവരമായിരിക്കും. കടയില്‍ വരുത്തുന്ന പേപ്പറുകള്‍ വായിക്കും,റേഡിയോ കേള്‍ക്കും,ടി .വി ന്യൂസൊന്നും വിടാതെ കാണും,പോരാത്തതിനു കടയില്‍ വരുന്നവരുടെ വായില്‍ നിന്നും കിട്ടുന്ന നാട്ടിലുള്ള സകലമാനവാര്‍ത്തകളും.എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞു തലച്ചോറു നിറച്ചും വിവരമായിരിക്കും  ഈ കൂട്ടര്‍ക്ക്.

 
 




കടയുടമ അയാള്‍ക്ക് നേരെ  ചായ നീട്ടി.ചോദ്യകര്‍ത്താവ്‌ അയാളോടായി തന്നെ ചോദിച്ചു.
"എന്താ ഇയാള്‍ക്കൊന്നും പറയാനില്ലേ " ?
"എന്തുപറയാന്‍ അതു കൊരങ്ങല്ലേ " ?
അതുകേട്ടു കടയുടമ ഒരു മുഴം മുന്നേ എറിഞ്ഞു.തെറ്റായാല്‍ നമ്മുടെ മുഴുവന്‍ മാനവും പോകില്ലേ.നമ്മളാണ് ശരിയെന്നൊരു ഭാവം കടയുടമയ്ക്കുണ്ടേ.

വല്ലതും നോക്കാനായാലും ചിന്തിക്കുകയാണേലും അതിലേര്‍പ്പെടുമ്പോള്‍
  അയാളുടെ കണ്ണു ചുരുങ്ങിയിരിക്കും.സൂക്ഷ്മതയോടെ ശ്രദ്ധയോടെ ആലോചിച്ചേ  എന്തും ചെയ്യൂ. ചോദിച്ചതു കേട്ടെങ്കിലും അയാള്‍ക്കൊരു ഭാവവ്യാത്യാസവുമില്ലെന്നു കണ്ടപ്പോള്‍ കടയിലിരിക്കുന്നവരുടെ മുഖത്തുനോക്കി വല്ലാത്തൊരു ആംഗ്യം കാണിച്ചു ചോദ്യകര്‍ത്താവ്,ഇതൊക്കെ എന്തു ജന്മമാണെന്ന മട്ടില്‍. ചായക്കടയിലിരിക്കുന്ന നമ്മളെ പോലെയുള്ളവര്‍ക്ക് പുട്ടില്‍ പീരയെന്നപോലെ ചിരിക്കാനൊരു വഹ.

"ആമ..ആമ ....."
"ആമേ", ഞെട്ടിതിരിഞ്ഞെല്ലാവരും അയാളെനോക്കി, ചോദ്യകര്‍ത്താവു ചിരിയടക്കാന്‍ താടിയില്‍ നിന്നു കൈവിട്ടു വാപൊത്തി.കടയില്‍ നിന്നു വലിയ ചിരിയുണര്‍ന്നു.പുറത്തു പെയ്ത മഴയെന്തോ ഈ ചിരി കേട്ടതുപോലെ
  പെയ്ത്തു നിര്‍ത്തി. അയാള്‍,ആമ...ആമയെന്നു പിറുപിറുത്തുകൊണ്ടു ചായ കുടിച്ചുതീര്‍ത്തു. ഗ്ലാസ്സു കടയുടമയുടെ  കൈയിലേക്കു നീട്ടി. മഴ മാറിയെങ്കിലും  റോഡിലൂടെ ഒലിച്ചുപോകുന്ന വെള്ളത്തിലേക്കു ഇറങ്ങിനിന്നു മുഖമുയര്‍ത്തി മാനത്തേക്കും താഴേക്കും നോക്കി കാലൊക്കെ ചവിട്ടി കഴുകി റോഡു മുറിച്ചുകടന്നു നേരെ നടന്നുപോയി.

"അയാള്‍ക്ക് ഭാന്താണ് " ഈര്‍ഷ്യയോടെ ചോദ്യകര്‍ത്താവു ചായ മോന്തി.
സ്കൂളിലെ ബെല്ലടിശബ്ദം ചായക്കടയിലെത്തിയപ്പോഴേക്കും മാഷു  ചായകുടിയും കഴിഞ്ഞു കാശു മേശപ്പുറത്തു വച്ചിരുന്നു.കാശുവരിയെടുത്തു കടയുടമ മാഷോട് ചോദിച്ചു.

"അല്ല മാഷേ, ഈ കൊരങ്ങന്‍ മാറി മാറിയല്ലേ മന്‍ഷ്യനായെ "
" അല്ല "
മാഷിന്റെ ഉത്തരം കേട്ടു ചായക്കടയുടെ ഉത്തരം വരെ കിടുങ്ങി കാണണം.
"പിന്നെ...പിന്നെ..പിന്നെ"
കുറെ പിന്നെകള്‍ ചുറ്റുനിന്നും കേട്ടപ്പോള്‍ മാഷോന്നു ചുറ്റുംനോക്കി.
അപ്പോളെല്ലാവര്‍ക്കും സംശയമാണ് കൊരങ്ങനാണോന്ന്‍.എന്തോ സ്വയം വിശ്വാസമില്ലായ്മപോലെ."അയാളു പറഞ്ഞില്ലേ, ആമ.ഇപ്പോഴത്തെ മനുഷ്യനൊക്കെ ആമ രൂപാന്തരം പ്രാപിച്ചുണ്ടായതാണ്".

മാഷതും പറഞ്ഞു ഇറങ്ങി നടന്നു. ചോദ്യകര്‍ത്താവ് താടിയും ചൊറിഞ്ഞു മാഷിനെ വിളിച്ചു.
"അതെങ്ങനെ ശരിയാവും, മാഷും അയാളെ പോലെയാണോ"?
"താനീ ലോകത്തൊന്നുമല്ലെ ? പത്രമെന്നും വായിക്കാറില്ലേ, റേഡിയോ കേള്‍ക്കാറില്ലേ,ടി വി കാണാറില്ലേ. ആ പത്രമെങ്കിലും എടുത്തു നോക്കിട്ടു പുറത്തേക്കൊന്നു നോക്ക് ".
മാഷതുമാത്രം പറഞ്ഞു കൈയുംവീശി നടന്നുപോയി. ചായക്കടയില്‍ ആകെ മൂകത പടര്‍ന്നു കയറി. എല്ലാവരുടെ
  മുഖത്തും ചിന്താഭാവം .കടയുടമ എല്ലാവരെയും നോക്കി.
"എന്താ മാഷ് പറഞ്ഞേ"?
ചോദ്യകര്‍ത്താവു മലര്‍ന്നു കിടക്കുന്ന പത്രങ്ങളിലൂടെ കണ്ണോടിച്ചു വേഗം പുറത്തിറങ്ങി. അയാളും മാഷും
പോയ വഴിനോക്കി,അവരുടെ  രൂപം കണ്‍വെട്ടത്തു നിന്നും പോയ്‌മറഞ്ഞിരുന്നു. കുറച്ചു നേരം റോഡും പരിസരവും ആളുകളെയും നോക്കി തല കുടഞ്ഞു കടയിലേക്കുതന്നെ  കയറി.

"അതീ, ആമ പോണതു കണ്ടിട്ട്ണ്ടാ നിങ്ങള് ? ചില ആളോളും ?
"ഉവ്വാ.....ആമ പതുക്കെയല്ലേ ?
"അതൊന്നുന്നാല്ലാന്ന്.
"പിന്നെ.......പിന്നെന്താ ?
"നിങ്ങളൊക്കാ വാര്‍ത്ത‍കള്
വായിച്ചു നോക്കിയേ ഒന്നൂടി.പിന്നെ ചുറ്റിലെ ആളോളേം, മനസ്സിലാവും".

കടയുടമ പേപ്പറെടുത്തു വാര്‍ത്ത‍ വായിച്ചു.
"പതിനൊന്നിന്
  ഹര്‍ത്താല്‍".
താഴെ നോക്ക് ?
"പെട്രോളിനും പാചകവാതകത്തിനും വില ഉയരും "
അടുത്തത് ?
"പട്ടാപകല്‍ ഗുണ്ടാ വിളയാട്ടം"
പിന്നെയോ ?
"ആരും തിരിഞ്ഞു നോക്കിയില്ല.ബസ്സിടിച്ചു പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു.

ഓരോ വാര്‍ത്തകളും വിവിധ തരം ഭാവങ്ങള്‍ കടയിരിക്കുന്നവരിലുണ്ടാക്കി.എല്ലാവരും അവിടെ കിടക്കുന്ന പഴയതും പുതിയതുമായ
  പത്രങ്ങളുടെ തലകെട്ടുകളിലൂടെയൊക്കെ  കണ്ണോടിച്ചു.റേഡിയോയിലേക്കു ചെവിയും ടെലിവിഷനിലേക്കു കണ്ണു കൂര്‍പ്പിച്ചു.താടിയ്ക്ക് കൈയ്യും കൊടുത്തു ആലോചിച്ചു.എന്തോ പുതിയബോധോദയം ഉണ്ടാകുന്നതുപോലെ.

"ഇതൊന്നോല്ലല്ലോ അഴിമതി,വിലകയറ്റം,കവര്‍ച്ച,പീഡനശ്രമം,കൊല,മിന്നല്‍പണിമുടക്ക്. ഇതൊക്കെയെന്നുമിവിടെ മുറയ്ക്ക് നടക്കണതല്ലേ....നമ്മള് എന്നും കാണേം കേള്‍ക്കേം ചെയ്യണതല്ലേ "നിരത്തി വച്ച ഗ്ലാസ്സിലേക്കു ചായ പകര്‍ന്നു കൊണ്ടു നമ്മളിലൊരാളായ കടയുടമയുടെ തന്നെ സത്യപ്രസ്താവന വന്നു.

"അതുതന്നെയാണയാള്‍ പറഞ്ഞേ, ആമയെന്ന്‍ "
 
ചോദ്യകര്‍ത്താവിനു അയാള്‍ പറഞ്ഞതു മനസ്സിലായിരിക്കുന്നു. മാഷതു
  ബോധ്യപ്പെടുത്തിയിരിക്കുന്നു.അവിടെയിരിക്കുന്ന നമ്മളെപ്പോലെയുള്ളവര്‍ക്കും സാവധാനം കാര്യങ്ങള്‍ മനസ്സിലാകും.അയാള്‍ പറഞ്ഞതിലും കാര്യമുണ്ടെന്നറിയും.നമ്മളും അയാളെപോലെയാകും.നമുക്കിപ്പോള്‍ വ്യക്തമായി അറിയാം, മനുഷ്യന്‍ എങ്ങനെ മനുഷ്യനായി രൂപാന്തരപെട്ടുവെന്ന്.


29 അഭിപ്രായങ്ങൾ:

  1. ഇങ്ങനെയൊക്കെ അല്ലെ മനുഷ്യന്‍!!മനുഷ്യന്‍ പരിണമിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  2. മനുഷ്യരില്‍ നിന്ന് ആമയിലേയ്ക്ക് ദൂരമൊട്ടുമില്ല.
    കഥ/ആക്ഷേപഹാസ്യം/ലോകാവലോകനം/തത്വം
    ആള്‍ ഇന്‍ എ നട് ഷെല്‍!!

    മറുപടിഇല്ലാതാക്കൂ
  3. ആമ ആമ
    രസകരമായി അവതരിപ്പിച്ചു.....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. കഥ നന്നായിട്ടുണ്ട്..
    മനസിലായ് വരാൻ ഇത്തിരി പ്രയാസ്വണ്ട്..
    ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  5. അതെ നമ്മളിൽ തന്നെ ഒളിക്കുന്ന നമ്മൾ
    നമ്മളെ ബാധിക്കാത്ത ചുറ്റുപാടുകൾ
    നമ്മുടെ വേഗം നമുക്ക് സ്വന്തം
    പരിണാമത്തിൽ പിന്തള്ളപ്പെട്ടു പോകുന്ന വേഗക്കുറവുകൾ

    മറുപടിഇല്ലാതാക്കൂ
  6. ഇപ്പോഴത്തെ മനുഷ്യന്റെ കാര്യമാണല്ലേ

    മറുപടിഇല്ലാതാക്കൂ
  7. ചിന്തകൾ ഇനിയും സഞ്ചരിക്കട്ടെ...എഴുത്തിനു പുതിയ മാനങ്ങൾ തെളിയട്ടെ...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  8. കഥ വായിച്ചൂട്ടോ.... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. പെട്ടന്നങ്ങട് ഓടിയില്ല.. ഇനീപ്പോ മ്മളും ആമയായോ.. :)

    മറുപടിഇല്ലാതാക്കൂ
  10. കഥാപരിസരവും അവതരണവും കൃത്രിമത്വം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന തോന്നൽ. ആശയം ഇതേക്കാൾ ഭംഗിയായി നാസർ അമ്പഴീക്കലിന്റെ ' ദ്രൂണകർമ്മാസനം' എന്ന കഥയിൽ അവതരിപ്പിച്ചിട്ടുള്ളതുകൊണ്ട് അങ്ങനെയൊരു പുതുമയും തോന്നിയില്ല. .

    മറുപടിഇല്ലാതാക്കൂ
  11. താങ്കൾ ഇമ്പ്രൂവ്മെന്റിന്റെ പാതയിലാണ്. സൂപ്പറുകൾ വരാനിരിക്കുന്നതേയുള്ളൂ. ഇതിൽ ഞാൻ എന്തെങ്കിലും സാങ്കേതിക തെറ്റുകൾ കാണാൻ വേണ്ടി രണ്ടു മൂന്നു തവണ വായിച്ചു. പക്ഷേ അങ്ങനെ പരാമർശിക്കത്തക്ക ഒന്നും കണ്ടില്ല. പക്ഷേ, മൊത്തത്തിൽ ഒരു കഥ ഉല്പാദിപ്പിക്കേണ്ട ഒരു ‘ഇത് ’ ഉണ്ടല്ലോ. അത് ഇല്ല. വിഷയ സ്വീകരണം ശരിയായില്ല. നല്ല തീമുകൾ എഴുതൂ. നിങ്ങളിൽ ഒരു എഴുത്തുകാരൻ ഒളിഞ്ഞിരിക്കുന്നുവെന്ന് ഞാൻ പന്തയം കെട്ടുന്നു. :)

    മറുപടിഇല്ലാതാക്കൂ
  12. എന്തെങ്കിലും ഒരഭിപ്രായം പറയണം എന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  13. എന്തോ ഒരു കൃത്രിമത്വം എനിക്കും അനുഭവപ്പെട്ടു....

    മറുപടിഇല്ലാതാക്കൂ
  14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  15. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  16. പറയുന്ന വാക്കുകള്‍..വായിക്കുന്നവന്‍ ഉള്ളില്‍ തട്ടണം,,,ഒന്ന് നീttanam..മനസ്സൊന്നു നിറയണം!..rr

    മറുപടിഇല്ലാതാക്കൂ
  17. എനിക്ക് ഇഷ്ടമായി ഈ കഥ !! സമകാലിക സംഭവങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ മാഷ്‌ പറഞ്ഞ ആമയെ ഞാനും കാണുന്നു ,, നന്നായി അനീഷ്‌ :)

    മറുപടിഇല്ലാതാക്കൂ
  18. മനസ്സിലാവാൻ 2 തവണ വായിക്കേണ്ടി വന്നു.. ഇത്തിരി ഒഴുക്ക് കുറവുണ്ട് കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  19. മനസ്സിലാവാന്‍ ബുദ്ധിമുട്ടി..... :p

    മറുപടിഇല്ലാതാക്കൂ