2013, സെപ്റ്റം 13

കുന്നുകള്‍ പുഴകള്‍


പുസ്തക പരിചയം -കുന്നുകള്‍ പുഴകള്‍'
അംബികാസുതന്‍ മാങ്ങാട്

അംബികാസുതന്‍ മാങ്ങാട്  1962 ഒക്ടോബറില്‍ കാസര്‍ഗോഡ്  ജില്ലയില്‍  ജനിച്ചു. ജന്തുശാസ്‌ത്രത്തില്‍ബിരുദം. കലിക്കറ്റ്‌ സര്‍വകലാശാലയില്‍ നിന്നും മലയാളം എം.എ. പരീക്ഷയില്‍ ഒന്നാംറാങ്കും, കേരള സര്‍വകലാശാലയില്‍നിന്നും എം.ഫില്‍. പരീക്ഷയില്‍ രണ്ടാംറാങ്കും നേടി. ചെറുകഥ,  നോവല്‍ തിരക്കഥ തുടങ്ങിയവ എഴുതാറുണ്ട്.മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌. ഇപ്പോള്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ മലയാള വിഭാഗം അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നു. കുന്നുകള്‍ പുഴകള്‍,രാത്രി,ജീവിതത്തിന്റെ മുദ്ര,മരക്കാപ്പിലെ തെയ്യങ്ങള്‍,എന്മകജെ തുടങ്ങിയവ ഏതാനും കൃതികള്‍.
കാരൂര്‍ പുരസ്കാരം ,തുഞ്ചന്‍സ്മാരക അവാര്‍ഡ്,അങ്കണം അവാര്‍ഡ്  തുടങ്ങി പുരസ്ക്കാരങ്ങള്‍ക്കര്‍ഹനായിട്ടുണ്ട്.കയ്യൊപ്പ് എന്ന മലയാള ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചതു ഇദ്ദേഹമാണ്‌.പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍,എഴുത്തുക്കാരന്‍ തുടങ്ങിനിലകളില്‍ പ്രശസ്തന്‍.

അദ്ദേഹത്തിന്റെ കുന്നുകള്‍ പുഴകള്‍ എന്ന രചന ,മലയാളത്തിലെ പരിസ്ഥിതി കഥകളുടെ പ്രഥമ സമാഹാരമാണ്. കഥാകാരന്‍ പലപ്പോഴായി എഴുതിയ പതിനഞ്ചു കഥകളടങ്ങിയ ഈ പുസ്തകം,നമ്മുടെ പരിസ്ഥിതിയുടെ,സംസ്കാരത്തിന്റെ , മലയാളത്തിന്റെ നഷ്ട്ടങ്ങളെകുറിച്ചു നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. എന്തൊക്കെയാണ് നമുക്കുനഷ്ടമാകുന്നത്. കുടുംബം, സംസ്കാരം, ബാല്യം, മണ്ണ് ,ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം,  നാട്ടറിവുകള്‍ ഇവയുടെയൊക്കെ വേരുകളും പരസ്പരബന്ധങ്ങളും അനാവരണം ചെയ്യുന്നതിലൂടെ സംസ്കാരത്തിന്റെ ഇക്കോളജി ആവിഷ്കരിക്കുകയാണ് എഴുത്തുക്കാരന്‍.ഇന്നത്തെ മനുഷ്യനിര്‍മ്മിത ലോകം തന്റെ ആവാസവ്യവസ്‌ഥയുടെ വേരുകള്‍ പോലും അറുത്തറുത്തു പ്രകൃതിയിലെ പലതും  പൂര്‍ണമായും വംശനാശ ഭീഷണിയുടെ വക്കില്‍ എത്തിനില്‍ക്കുമ്പോള്‍,അതിന്റെ കാരണങ്ങള്‍ തന്റെ മണ്ണില്‍ നിന്നുകൊണ്ടു നോക്കികാണുകയാണ്  ഓരോ കഥയിലൂടെയും കഥാകാരന്‍.


 
ആദ്യ കഥയായ ‘വായില്ലാക്കുന്നിലപ്പന്‍' ലളിതമായാണ് തുടങ്ങുന്നത് .സുന്ദരമായ കുന്നിന്‍ മുകളിലെ വനം കാണുന്ന പ്രതീതിയോടെ വര്‍ണന .വായനക്കാരനെ ഒരു കാട്ടില്‍ കൂട്ടികൊണ്ടുപോകുന്ന കഥാകാരന്‍ പെട്ടെന്നു യാഥാര്‍ത്ഥ്യം മനസ്സിലാക്കിച്ചു തരുന്നു.കുന്നുകള്‍ ഇടിയുന്നു,വനം നശിപ്പിക്കപെടുന്നു.പറയിപെറ്റ പന്തിരുകുലത്തിന്റെ ആദിമജന്മസ്‌ഥാനമായിരുന്ന ആ കുന്നിനെ നശിപ്പിക്കുക വഴി നമ്മുടെ  സംസ്കാരത്തിന്റെ  വേരുകള്‍, നമ്മള്‍ തന്നെ അറക്കുന്നുവെന്നു കഥ വ്യക്തമാക്കുന്നു.ഇതെല്ലാം കണ്ടു പ്രതികരിക്കാതെ മിണ്ടാതെ ഇരിക്കുന്ന നായകന്‍ ഇന്നത്തെ മനുഷ്യന്റെ പ്രതീകമാവുബോള്‍ വായില്ലാക്കുന്നിലപ്പന്‍ ചിന്തനീയമാകുന്നു.
പുഴയും ,കുന്നും,കൃഷിയും ,മണ്ണും ,തെയ്യവും നിറഞ്ഞു നില്‍കുന്ന കഥകള്‍ വടക്കന്‍ കേരളത്തിന്റെ തനിമയുള്ള ഭാഷയോടെ പറഞ്ഞു പോകുന്ന കഥാകാരന്‍.വായനക്കാരന്റെ മനസ്സില്‍ കഴിഞ്ഞക്കാല നന്മയുടെ പൂക്കാലം വിതറുന്നു. വരുക്കാല വിഷമതകളുടെ മുന്നറിയിപ്പുകള്‍ നല്‍കുന്നു.

'പൊട്ടിയമ്മത്തെയ്യം' എന്ന കഥയില്‍,വിസ്മൃതിയിലേക്കമരുന്ന അമ്മത്തെയ്യങ്ങളുടെ കഥ പറയുന്നു.പാറുവമ്മ എന്ന അലക്കുക്കാരിയാണ് കഥാനായിക. മനുഷ്യരുടെ ജീവിതത്തെ  തെയ്യവും പ്രകൃതിയുമായി സംയോജിപ്പിച്ച് കഥ പറയുന്നു കഥാകാരന്‍. ആധുനികതയുടെ കടന്നുകയറ്റം പ്രകൃതിയെയും മനുഷ്യനെയും എങ്ങനെ ബാധിക്കുന്നുവെന്നു പൊട്ടിയമ്മത്തെയ്യത്തിലൂടെ വരച്ചുകാട്ടുന്നു. അലക്കുക്കാരിയുടെ ജീവിതത്തിലേക്കുള്ള  വാഷിംഗ്‌മെഷീന്റെ വരവും, പുഴയുടെ കുറുകെ കോണ്‍ക്രീറ്റ് പാലം വരുന്നതും കാവുവെട്ടി തെളിച്ചു റയില്‍വേ പാത വരുന്നതും പുതിയ സാങ്കേതിക വിദ്യയുടെ മാറ്റങ്ങളാവുബോള്‍ മറുവശത്തു മാറിമറയുന്ന ജീവിതങ്ങളുടെ കഥ പറയുന്നു  പൊട്ടിയമ്മത്തെയ്യം.

മൂന്നാമത്തെ കഥ 'പഞ്ചുരുളി' ശക്തമായ കഥാവിഷ്ക്കാരമാണ്.എന്‍ഡോസള്‍ഫാന്‍ തെളിക്കുന്ന കൃഷി  ഗ്രാമത്തിന്റെ കഥ.വിഷം തെളിച്ചു കൃഷിയിടവും ജീവിതവും പാരമ്പര്യവും നഷ്ടപെടുന്ന മനുഷ്യരുടെ കഥ .എല്ലാം നഷ്ടമായി ഒടുവില്‍ ജീവിക്കാന്‍,കാശിനു വേണ്ടി സ്വന്തം വൃക്കകള്‍ വിറ്റു യുദ്ധത്തില്‍പരിക്കേറ്റവരെപ്പോലെ നെഞ്ചിനു താഴെ ശസ്‌ത്രക്രിയയുടെ വരപ്പാടുകളുമായി നടക്കുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കഥ .അന്താരാഷ്‌ട്ര വൃക്കവ്യാപാരത്തിന്റെ ഇരകളായി, ആഗോള വല്‍ക്കരണത്തിന്റെ ബാക്കി ചിത്രമാകുന്ന ജീവിതങ്ങള്‍ . നാടിനെ നശിപ്പിക്കുന്ന വികസനത്തിന്റെ ആകുലതകള്‍ വ്യക്തമാക്കുന്ന കഥ.  എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നരക തുല്യമായ ജീവിതം നയിക്കുന്ന ഇരകളുടെ പക്ഷത്തു നിന്നു അവര്‍ക്കുവേണ്ടി വാദിക്കുകയും നിയമം യുദ്ധം നടത്തുകയും ചെയുന്ന കഥാകാരന്റെ  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥ പറയുന്ന എന്മകജെ എന്ന നോവലിന്റെ ഒരു ചെറിയംശമാണീ പഞ്ചുരുളിയെന്ന കഥ. 

'മണ്ഡുകോപനിഷത്തെന്ന'കഥയില്‍, പ്രകൃതിയിലെ അവസാനത്തെ പേക്കന്‍ തവളയാണ് നായകന്‍ .വംശനാശഭീഷണി നേരിടുന്ന ജൈവവലയത്തിലെ അനന്തമായ കണ്ണികളികളുടെ കഥ ചര്‍ച്ചചെയ്യുന്ന വിഷയം ഗൌരവമേറിയതാണ് പരിസ്‌ഥിതിസന്തുലനം. അതുപോലെയുള്ള മറ്റൊരു കഥയാണ്  'കുറ്റം' തുടക്കത്തില്‍ തോടിനെയും മീനിനെയും മണ്ണിനെയും ജീവികളെയും സംരക്ഷിക്കുന്ന ചുക്രന്‍. മറ്റൊരാള്‍ ചോമന്‍, സഹചാരികളായിരുന്ന കാളകളെയും പോത്തുകളെയും കൊന്ന്‌ ഇറച്ചി വില്‌ക്കുന്നവനാകുന്നതു  എന്തിനെന്നു ചോമന്‍.ഒരിടത്തു പറയുന്നുണ്ട്. ഇഷ്‌ടംണ്ടായിട്ടല്ല. ഉള്ള പണിയെല്ലാം പോയില്ലേ.ഒരു ഗതീല്ലാണ്ട്‌ നിന്നപ്പോ ഇപ്പണി തൊടങ്ങി. എല്ലാരിക്കും ഇറച്ചിവേണം.പഴയ പണി ആയുധം കലപ്പ ഇറച്ചിവെട്ടുന്നിടത്തു അലങ്കാരമായി സൂക്ഷിച്ചിരിക്കുന്നു. കഥാകാരന്‍ ചേര്‍ത്തു വച്ച പല പ്രതീകങ്ങളും പുതിയകാലത്തിന്റെ ജീവിതമാറ്റത്തെ പ്രതിനിധീകരിക്കുന്നു. 

'പുഴജീവി ' ഈ കഥ ഒരു ഫിക്ഷനാണെങ്കില്‍പ്പോലും, വിശ്വസിനീയമായ പശ്ചാത്തലം കഥയ്ക്ക് വിഷയമാകുമ്പോള്‍ വരണ്ട പുഴയില്‍ നിന്നൊരു ഭീകരജീവി ഉയര്‍ന്നുവരുന്നമെന്ന ചിന്ത, വെറും ഭ്രമ സങ്കല്പമാവുന്നില്ല വായനക്കാര്‍ക്കും. വികസനമെന്ന പേരില്‍ പ്രകൃതിക്കും മനുഷ്യനും സംസ്കാരത്തിനും മേലുള്ള കടന്നുകയറ്റമാണു ഇവിടെ നടക്കുന്നതെന്നു തന്റെ ഓരോ കഥയിലൂടെയും കഥാകാരന്‍ വായനക്കാരനോട്  സത്യസന്ധമായി പറയുന്നു.മൂന്നു തലമുറകളുടെ ശാരീരികാവസ്‌ഥകളെ പുഴയിലേക്കിറങ്ങാനുള്ള അവരുടെ കഴിവുമായി താരതമ്യപ്പെടുത്തി 'കുന്നുകള്‍ പുഴകള്‍ 'എന്ന കഥ വികസിക്കുന്നു .വയ്യാതെ ആയ അച്ഛന്‍, അവരുടെ മകന്‍ ,മകന്റെ മകന്‍ എന്നിവരിലൂടെ. ജീവന്റെയും പ്രകൃതിയുടെയും ബന്ധത്തിന്റെ  കഥയിലും പുഴ മുഖ്യവിഷയമായി വരുന്നു.'തോക്ക്‌ ' എന്ന കഥയില്‍ ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും കൂട്ടുപിടിച്ചു  വേട്ടയാടി മൃഗങ്ങളെക്കൊന്നതിനെ ശക്തമായി വിമര്‍ശിക്കുന്നു കഥാകാരന്‍.കാത്തുകാത്തിരുന്നു കിട്ടുന്ന വേട്ട മൃഗം കഥാനായകനായ ചിണ്ടനമ്പാടിയ്ക്ക്  നല്‍കുന്ന വെളിപാട്  അന്തവിശ്വാസികളോടുള്ള ആഹ്വാനമാണ്. 

'ഗജാനനം' എന്ന കഥയിലെ ഉണ്ണി .നഗരത്തിലെ ഫ്ലാറ്റിന്റെ ചുവര്‍കെട്ടിനുള്ളില്‍ ബാല്യം തള്ളിനീക്കുന്ന ബാല്യമാണ്. പലതും നിഷേധിക്കപ്പെട്ടുപോകുന്ന  ഇന്നത്തെ ഒരുപാട് കുട്ടികളുടെ പ്രതിനിധി മാത്രമാണ് ഉണ്ണി. മണ്ണില്‍ ചവിട്ടാതെ, മണ്ണിന്റെ മണമറിയാത്ത ബാല്യത്തിന്റെ നഷ്ടങ്ങള്‍ ഉണ്ണിയിലൂടെ പറയുന്നു. സര്‍ഗാത്മകമായ  കഴിവുകളുടെ  ആവിര്‍ഭാവത്തെ പറ്റിയും,പ്രകൃതിയെ അറിഞ്ഞുള്ള ജീവിതത്തിന്റെ പ്രസക്തിയെപ്പറ്റിയും കഥാകാരന്‍ മനോഹരമായി പറയുന്നു ഗജാനനത്തില്‍. വിതച്ചത്,വിഷവൈദ്യം,ദൈവത്തിന്റെ നാട്‌, കടല്‍ക്കാഴ്‌ചകള്‍,ജലസേചന പദ്ധതികള്‍ തുടങി കഥകള്‍ നാഗരികവല്‍ക്കരണവും പുത്തന്‍ സാങ്കേതികവിദ്യയും  മൂലം, സമൂഹത്തിനും നമ്മുടെ ജീവിതരീതികള്‍ക്കും സംഭവിച്ച   മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പറയപെടുന്ന നേരിന്റെ കഥകളാണ്. പാടങ്ങളും, വീടും ഇടിച്ചുനിരത്തി ഹോട്ടലും വിമാനത്താവളവും കെട്ടി ടൂറിസമെന്ന പേരില്‍ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളും അതുവഴി കൃഷിയും കിടപാടവും ജീവിതവും നഷ്ടപെടുന്ന വരും കഥാപാത്രങ്ങളായി വരുന്നു.വിഷവൈദ്യമെന്ന കഥയില്‍ വിഷവൈദ്യന്‍ വിഷം തീണ്ടി മരിക്കുന്നു.ചികിത്സയ്ക്ക് വേണ്ടിയുള്ള ചെടി എവിടെയാണെന്ന് പോലും അറിയാത്ത നാട്ടുകാരോട് വിദേശിയായ നായകന്‍ അതെവിടെയാണ് ഉണ്ടായിരുന്നതെന്നു ഓര്‍ത്ത്‌ പറയുന്നു. വിദേശസംസ്കാരത്തിനും നമ്മുടെ സംസ്കാരത്തിനും വന്ന മാറ്റങ്ങള്‍ പറയുന്ന കഥ.
 
കടല്‍ക്കാഴ്‌ചകള്‍, ദൈവത്തിന്റെ നാട്‌’ എന്നീ കഥകളിലൂടെ ആഗോളീകൃത വികസനഭ്രാന്തുകളുടെ നേര്‍ചിത്രം അനാവരണം ചെയ്യുന്നു  കഥാകാരന്‍.'വേതാളം വിരിച്ച വല' തികച്ചും വ്യത്യസ്തമായൊരു കഥയാണ്.കഥ പറയാന്‍ ഒരു മിത്തിനെ ഇവിടെയും കഥാകാരന്‍ കൂട്ടുപിടിക്കുന്നു വിക്രമാദിത്യന്റെയും വേതാളത്തിന്റെയും മിത്തുമായി ചേര്‍ത്തു പറയുന്ന കഥയാണ് വേതാളം വിരിച്ച വല. ജനിതകശാസ്ത്രവിദ്യയുടെ പുത്തന്‍ കണ്ടുപിടത്തവും വിപണനതന്ത്രവുമെല്ലാം ഈ കഥയില്‍ വിഷയമാകുന്നു .ഈ കേര്‍പ്പറേറ്റ് കാലത്തില്‍ മനുഷ്യക്ലോണിംഗ് ന്റെ കഥയിലൂടെ നഷ്ടമാകുന്ന മാനുഷികമൂല്യങ്ങളെക്കുറിച്ചും പറഞ്ഞുവയ്ക്കുന്നു കഥാകാരന്‍.

വിസ്‌മൃതിയുടെയും നഷ്‌ടങ്ങളുടെയും ശക്തമായ പശ്ചാത്തലത്തില്‍  പാരിസ്‌ഥിതിക സമസ്യകളുടെ വൈവിധ്യത്തെ കഥകളില്‍ ആവിഷ്‌കരിക്കുകയാണ്‌ കഥാകാരന്‍.പാരിസ്ഥിതികാവബോധത്തിന്റെ കരുത്താര്‍ന്ന പതിനഞ്ചു കഥകളടങ്ങിയ  ശ്രീ അംബികാസുതന്‍ മാങ്ങാടിന്റെ ഈ പുസ്‌തകം മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യകഥാസമാഹരമെന്ന നിലയില്‍ തനിമകൊണ്ടും വൈവിധ്യംകൊണ്ടും തികച്ചും ശ്രദ്ധേയമായിരിക്കുന്നു.മണ്ണിനെ സ്നേഹിക്കുന്ന,മലയെ സ്നേഹിക്കുന്ന,മഴയെ സ്നേഹിക്കുന്ന മലയാളി തീര്‍ച്ചയായും വായിച്ചിരിക്കേണ്ട രചന.

ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ 'കുന്നുകള്‍ പുഴകള്‍' പുസ്തകത്തിന്റെ വില തൊണ്ണൂറു രൂപ .

12 അഭിപ്രായങ്ങൾ:

  1. വളരെ നല്ലൊരു പുസ്തക പരിചയം കാത്തീ... പല കഥകളും ആസ്വാദനത്തില്‍ നന്നായി തോന്നി -എന്ന് വായിക്കാന്‍ ആകും എന്നറിയില്ല. കസറഗോടുകാരനായ കഥാകൃത്ത്‌ പല കഥയും സ്വന്തം ചുറ്റുവട്ടത്ത് നിന്ന് തന്നെയാകും എടുത്തിട്ടുണ്ടാകുക. പല കഥയുടെയും പേരുകള്‍ കൌതുകം ജനിപ്പിക്കുന്നു.... നന്ദി , ഈ പരിചയപ്പെടുത്തലിന്.

    മറുപടിഇല്ലാതാക്കൂ
  2. പ്രകൃതി സ്നേഹികൾക്കായി പ്രത്യേകം രചിച്ച ഒരു പുസ്തകം പോലെ തോന്നുന്നല്ലോ.
    ഓരോ കൃതിയിലും പ്രകൃതിയുടെ ഒരു തനിമ, വശ്യത അനുഭവപ്പെടുന്നതുപോലെ തോന്നി
    എന്തായാലും മണ്ണിനേയും പ്രകൃതി സമ്പത്തിനേയും സ്നേഹിക്കുന്നവർക്ക് ഇതൊരു മുതൽക്കൂട്ട്
    ആകും എന്നതിൽ സംശയം തോന്നുന്നില്ല. ഈ പരിചയപ്പെടുത്തലിനു നന്ദി കാത്തി.

    എഴുത്തിലെ രണ്ടു വരികൾ കോപ്പി ചെയ്യാൻ നോക്കീട്ടു പറ്റുന്നില്ല അതുകൊണ്ട് കൂടുതൽ കുറിക്കുന്നില്ല
    എന്തിനാണീ കോപ്പി thing disable ചെയ്യുന്നതു അതുകൊണ്ട് എന്തു നേട്ടം.? ഇത് പലരും ചെയ്തു കാണുന്നു. ചിലര് കോപ്പി പേസ്റ്റ് ചെയ്യൂമെന്നു ഭയന്നാണോ എന്തോ? ഇത് enable ചെയ്താൽ മറിച്ചു ഗുണങ്ങൾ പലതുണ്ടുതാനും,
    ചില വരികൾ കുറിക്കെണ്ടവർക്ക് എളുപ്പം ആകും അല്ലെങ്കിൽ പലപ്പോഴും അവർ അത് വിട്ടു കളയും
    ആശംസകൾ
    എഴുതുക അറിയിക്കുക

    മറുപടിഇല്ലാതാക്കൂ
  3. വിശദമായ പരിചയപ്പെടുത്തലിന് നന്ദി. വായിക്കാന്‍ ഇഷ്ടമുള്ള കഥാകൃത്താണ് അംബികാസുതന്‍ മാങ്ങാട്.

    മറുപടിഇല്ലാതാക്കൂ
  4. നന്ദി ഈ പുസ്തകത്തെ വിശദമായി പരിചയപ്പെടുത്തിയതിനു.. അദ്ദേഹത്തിന്‍റെ എന്മകജെ മാത്രമേ വായിച്ചിട്ടുള്ളൂ.. ഇഷ്ടമുള്ള കഥാകൃത്ത്‌ തന്നെ..

    മറുപടിഇല്ലാതാക്കൂ
  5. നന്നായി പറഞ്ഞു. ആശംസകൾ !. പുസ്തകം വാങ്ങി വായിക്കാം കാത്തി.

    മറുപടിഇല്ലാതാക്കൂ
  6. ഈ പുസ്തകത്തെ വിശദമായി പരിജയപ്പെടുതിയത്തിന് നന്ദി....

    മറുപടിഇല്ലാതാക്കൂ
  7. വായിച്ചതിനു ശേഷമുള്ള ഈ പരിചയപ്പെടുത്തല്‍ നന്നായി അനീഷ്‌ ഭായ്. പരിസ്ഥിതി ഇല്ലെങ്കില്‍ 'സ്ഥിതി' ഇല്ല എന്ന ചിന്ത മറന്നു ജീവിക്കുന്ന മനുഷ്യന് നേരയുള്ള ഒരു ചൂണ്ടുവിരള്‍ ആയി തോന്നുന്നു ഈ പുസ്തകം.
    ആശംസകള്‍ ഈ എഴുത്തിന്. കൂടെ ഒരു നല്ല ഓണവും ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. വായിക്കണമെന്ന് തോന്നുന്നു..

    മറുപടിഇല്ലാതാക്കൂ