2013, ഒക്ടോ 26

കഥകള്‍


പുസ്തക പരിചയം - കഥകള്‍ 
ശ്രീ പി എഫ് മാത്യൂസ്

ശ്രീ പി എഫ് മാത്യൂസ് 1960 ഫെബ്രുവരി 18ന് പൂവങ്കേരി ഫ്രാന്‍സീസിന്റെയും മേരിയുടെയും മകനായി എറണാകുളത്ത് ജനനം.ഡോണ്‍ബോസ്കോ, സെന്‍റ് അഗസ്റ്റിന്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം.ചെറുപ്പം മുതലേ ഏകാങ്ക നാടകങ്ങളും ചെറുകഥകളും എഴുതി തുടങ്ങി. സൃഷ്ടികള്‍ ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരിക്കുന്നുണ്ട്. 

കൃതികള്‍: ഞായറാഴ്ച മഴ പെയ്യുകയായിരുന്നു,ചാവുനിലം,ജലകന്യകയും ഗന്ധര്‍വനും,2004ല്‍ ആലീസ്,27 ഡൌണ്‍,തീരജീവിതത്തിന് ഒരു ഒപ്പീസ്.ഇതിനു പുറമേ ചലച്ചിത്രങ്ങള്‍ക്കും ടെലിസീരിയലുകള്‍ക്കും തിരക്കഥകള്‍ എഴുതിയട്ടുണ്ട്‌ .ചലച്ചിത്രതിരക്കഥകള്‍: കുട്ടിസ്രാങ്ക് ,തന്ത്രം,എഴുതികൊണ്ടിരിക്കുന്ന ആന്റിക്രൈസ്റ്റ് എന്ന ലിജോ പെല്ലിശ്ശേരി ചിത്രം. 
ടെലിസീരിയലുകള്‍: ഇന്ദുലേഖ,മന്ദാരം,മേഘം,ചാരുലത,മിഖായലിന്റെ സന്തതികള്‍,ആ അമ്മ,സ്പര്‍ശം തുടങ്ങിയവ. പുരസ്ക്കാരം: കുട്ടിസ്രാങ്ക് എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയ്ക്ക് ദേശിയ പുരസ്ക്കാരം, തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം,കെ.സി.ബി.സി യുവ പ്രതിഭപുരസ്കാരം, തിരക്കഥയ്ക്കുള്ള എന്‍.എഫ്.അ.ഡി.സി. പുരസ്കാരം,എസ്.ബി.ടി. പുരസ്കാരം. 


ശ്രീ പി.എഫ് മാത്യൂസിന്റെ കഥകള്‍ എന്ന പുസ്തകസമാഹാരം മുഴുവനായും പരാമര്‍ശിക്കുന്ന വിഷയം മരണമാണ്. ഈ പുസ്തകം നിറയെ മരണങ്ങളാണ്.മരണത്തിന്റെ മണമുള്ള കഥകള്‍,മരണത്തിന്റെ ഗന്ധമുള്ള പുസ്തകം.കുന്തിരിക്കത്തിന്റെ ഗന്ധം,പള്ളിയിലെ മണിയടി ,ചന്ദനത്തിരി ഗന്ധം തുടങ്ങി ബിംബങ്ങള്‍ നിറഞ്ഞു മരണമായി ബന്ധപ്പെട്ട വായന,ഭയം,തിരിച്ചറിവ് സമ്മാനിക്കുന്ന രചന.




ജനനമെന്നതു മരണത്തിലേക്കുള്ള യാത്രയാണ്.ഓരോ ജീവിതവും മരണം തേടിയാണലയുന്നത് അല്ലെങ്കില്‍ മരണത്തെ ഭയന്നാണലയുന്നത്. ഒടുവില്‍ മരണത്തിനു കീഴടങ്ങുകയോ മരണത്തെ കണ്ടെത്തുകയോ ചെയ്യുകയാണ്. ഒരു കാര്യം ഉറപ്പ്. എപ്പോഴും എവിടെയും മരണം ജീവിതത്തെ പിന്തുടരുന്നുണ്ട്. ആ മരണം സ്വാഭാവികമാവാം,ആത്മഹത്യയാവാം, കൊലപാതമാവാം,അപകടമാവാം പലവിധത്തില്‍ ഒളിഞ്ഞിരിക്കുന്ന മരണങ്ങള്‍, മരണ ഭയങ്ങള്‍.അത്തരം എഴുപത്തിരണ്ടുകഥകളാണ് ഈ സമാഹാരത്തില്‍.


വായനയുടെ പലഘട്ടത്തിലും മരണഭയം കൊണ്ടോ മരണത്തെ വായിക്കാനുള്ള താല്പര്യ കുറവുകൊണ്ടോ  ഈ പുസ്തകം നമ്മള്‍ അടച്ചുവച്ചേക്കാം. കഥയുടെ ആവിഷ്കാരങ്ങളും  ഭാഷശൈലിയും അത്തരത്തിലാണ്. മരണത്തിലേക്കുള്ള വഴികള്‍ കാണിച്ചു പേടിപ്പെടുതുകയോ, ചില മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോകുക വഴി നിലനില്‍കുന്ന സത്യത്തിനെ പറഞ്ഞോര്‍മ്മപ്പെടുത്തുകയോ ചെയ്യുകയാണു കഥാകാരന്‍. ഓരോ കഥയെയും ആവിഷ്കരിച്ച രീതിയില്‍ സ്വാഭാവികമായ ജീവിതമുണ്ട്,ജീവിതത്തില്‍ കാണുന്ന, അനുഭവമാകുന്ന എല്ലാ വികാരവിചാരങ്ങളുമുണ്ട്.അതുകൊണ്ടുതന്നെ ഈ കഥകളൊന്നും ജീവിതത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതല്ല.എല്ലാവരുടെയും പിന്നില്‍ മരണമിരിക്കുന്നു അതൊരു വസ്തുതയാണ്.ഏവര്‍ക്കും അറിയാവുന്നത്. പക്ഷേ അതിനെ കുറിച്ചോര്‍ത്തു, അതിനെക്കുറിച്ചെഴുതി, അതിനെക്കുറിച്ചു വായിച്ചു ഭയപെടാന്‍ താല്പര്യമില്ലാത്ത വായനക്കാരെ മനസ്സില്‍ കണ്ടു കഥാകാരന്‍ എഴുതിയ സമാഹാരത്തിലെ ഒരു കഥയാണ്  ' വാതിലില്‍ ആരോ മുട്ടുന്നു '.


ഈ പുസ്തകത്തെ പരിചയപ്പെടുത്താന്‍ ആ കഥയിലെ ചില പ്രധാന ഭാഗങ്ങള്‍ പകര്‍ത്തിയാല്‍ മാത്രം മതിയാകും. ഈ കഥയില്‍ കഥാകാരന്‍ എല്ലാം വ്യക്തമായി പറയുന്നുണ്ട് .ആരോ മരണകഥകളടങ്ങിയ കഥാകാരന്റെ പുസ്തകം വായിച്ചശേഷം അദ്ധേഹത്തിനു അഭിപ്രായം കത്തിലൂടെ അറിയുകയാണ്. കഥാകാരന്‍ മറുപടി എഴുതകയും ചെയ്യുന്നു.ഈ പുസ്തകത്തിന്റെ പൂര്‍ണ്ണമായരൂപം ലഭിക്കാന്‍ ആ കഥയുടെ  വായനയിലൂടെ സാധ്യമാണ്. 


സുഹൃത്തെ,

മുഖവുരയില്ലാതെ പറയട്ടെ,താങ്കളുടെ പുസ്തകം എന്നെ വല്ലാതെ ചൊടിപ്പിച്ചു.ശവം നാറുന്ന ഈ പുസ്തകം ആര്‍ക്കുവേണ്ടിയെഴുതി? എന്തിന് ? ആത്മസംതൃപ്തിക്കുവേണ്ടി എഴുതുന്നു എന്ന പഴഞ്ചരക്ക് ഇനി എടുത്തു അലക്കരുത്.ആ കാലം കഴിഞ്ഞു. ഈ പുസ്തകം ഇറക്കാന്‍ വേണ്ടി നിങ്ങള്‍ എടുത്ത വായ്പ പോലും തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെന്നു വരാം.

എന്റെ കത്ത് നിങ്ങള്‍ക്ക് രസിക്കില്ലെന്നറിയാം.പക്ഷേ,അതില്‍ കാര്യമില്ല ,വായനക്കാരനാണ് എഴുത്തുക്കാരനെ സൃഷ്ടിക്കുന്നത്.ഞങ്ങള്‍ക്കിഷ്ടപെട്ട ചരക്ക് ഞങള്‍ വിലകൊടുത്തു വാങ്ങും.ചെലവാകാത്ത പുസ്തകങ്ങള്‍ ഗുദാമുകളില്‍ കെട്ടിക്കിടക്കുകയും പിന്നെ ദഹിപ്പിക്കപ്പെടുകയും ചെയ്യും.അവ സൃഷ്ടിക്കുന്ന എഴുത്തുക്കാരന്റെയും വിധി അതുതന്നെ.അതിനാല്‍ എഴുത്തുക്കാരാ, ഈ കത്ത് ഗൗരവത്തോടെ എടുത്താല്‍ നിങ്ങള്‍ക്ക് കൊള്ളാം .

നിര്‍ത്തട്ടെ

എന്ന്

...........

ഈ കത്തിനു കഥാകാരന്‍ മറുപടി എഴുതുന്നുണ്ട്. ആ മറുപടിയില്‍ പി എഫ് മാത്യൂസിന്റെ കഥകള്‍ എന്ന പുസ്തകസമാഹാരത്തിന്റെ പൂര്‍ണ്ണമായപരിചയപ്പെടുത്തലുണ്ട്.

വായനക്കാരനായ പ്രിയ ചങ്ങാതി,


താക്കീതിന്റെ സ്വരത്തിലാണെങ്കിലും താങ്കള്‍പറഞ്ഞകാര്യത്തില്‍ ചിലവാ സ്തവങ്ങളുണ്ടെന്ന്എനിക്കറിയാം.ഇക്കാലത്തു മരണത്തെക്കുറിച്ചു വായിക്കുവാന്‍ ആര്‍ക്കാണ് നേരം?എന്നുവച്ച് ഈ കാലവും പുതിയ മനുഷ്യരും ശരിയല്ലാത്തവരാണെന്ന് ആക്ഷേപിക്കുവാനും ഞാന്‍ തയ്യാറല്ല.ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചു പഠിക്കുവാന്‍ ശ്രമിക്കുന്ന എളിയ ഒരു മനുഷ്യനാണ് ഞാന്‍.പിന്നെ,എന്തുകൊണ്ട് ഇത്തരം കഥകള്‍ എഴുതിവിടുന്നു ? അതാണ് താങ്കളുടെ മനസ്സില്‍ ഇപ്പോഴുള്ള ചോദ്യം.എനിക്കറിയാം.

ഉത്തരം പറയാം.


കുഴപ്പം എന്റേതുമാത്രമാണ്.എന്നേക്കാള്‍ പ്രായമുള്ള മനുഷ്യര്‍ നരച്ച തലമുടി കറുപ്പിലും പകിട്ടുള്ള കുപ്പായങ്ങള്‍ ധരിച്ചും ഏറ്റവും പുതിയ ആശയങ്ങള്‍ കടംവാങ്ങിയും കുതിച്ചു പായുന്നതിനിടയില്‍ കോമാളികളായി മാറുന്നത് താങ്കളും ശ്രദ്ധിച്ചു കാണുമല്ലോ.എന്റെ കുഴപ്പം അവിടെ തുടങ്ങുന്നു.


ഒരിക്കലും കോമാളിയാകരുതെന്ന പിടിവാശിയാണെന്ന് തന്നെകൂട്ടിക്കോളൂ.

ഞാന്‍ നില്‍ക്കുന്നത് നിങ്ങളുടെ കാലത്തിലാണെങ്കിലും എന്റെ തല ഇപ്പോഴും പോയ കാലത്തിലാണ്‌. സര്‍വ പുച്ഛക്കാരുടെ അറുപതുകളിലാണ് എന്റെ പാവം തല.മരണത്തെ ആരാധിക്കുന്ന ഈ ആളുകളുടെ കാലില്‍ ഒരു ചെറിയ മുള്ളുകൊണ്ടാല്‍ മതി,ലോകമവസാനിച്ചതുപോലെ ദിവസങ്ങളോളം കിടന്നു വിലപിക്കും.അത്ര സാധുക്കളാണ്. ആത്മസംതൃപ്തി പഴഞ്ചരക്കായ സ്ഥിതിയ്ക്ക് ഇനി കൃതികള്‍ അച്ചടിക്കുമ്പോള്‍ ഞാന്‍ സൂക്ഷിക്കണം എന്ന് താങ്കള്‍ വ്യക്തമാക്കിയത് എന്നോടുള്ള പ്രത്യേക താല്പര്യംകൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിക്കട്ടെ. എന്നോട് താല്പര്യമുള്ള ഒരാള്‍ എന്ന നിലയില്‍ താങ്കള്‍ ഇതു മുഴുവന്‍ വായിക്കണം .ഇതിലൊരു കഥയുണ്ടെന്ന് ഞാന്‍ കരുതുന്നു.എന്റെ കഥകള്‍ മനുഷ്യര്‍ക്ക് രസിക്കുന്നില്ലെന്നു കുറച്ചുകാലം മുന്‍പേ ഞാന്‍ മനസിലാക്കിയിരുന്നു.കഥ എഴുതുന്ന നേരത്ത് എങ്ങനെ മനുഷ്യരെ രസിപ്പിക്കാം എന്നു ഞാന്‍ ഇതേ വരെ ചിന്തിച്ചിട്ടുമില്ല.കഥ തനിയെ എഴുതപ്പെടുകയാണെന്നാണ് എന്റെ വിശ്വാസം.എഴുത്തുകാര്‍ കാരണക്കാരാകുന്നുവെന്നുമാത്രം.

തല്‍ക്കാലം നിര്‍ത്തട്ടെ.

പരാജയങ്ങള്‍ പ്രതീഷിച്ചുകൊണ്ട്,

സ്നേഹപൂര്‍വ്വം .


ഈ കത്തെഴുതി, കഥ അവസാനിപ്പിക്കും മുന്‍പൊരു രസികന്‍ കഥയെഴുതാന്‍ ഇരിന്നിട്ട് മരണകഥകൂടി എഴുതേണ്ടിവന്നതു പരാമര്‍ശിച്ചു തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്  കഥാകാരന്‍. ജനനവും മരണവും നിത്യസത്യങ്ങളാണ്.ഒരിക്കല്‍ അതു സംഭവിക്കുക തന്നെ ചെയ്യും.എന്നിരുന്നാലും അതിനെക്കുറിച്ചുള്ള ചിന്തകളും ഭയവും വായിച്ചറിഞ്ഞു വെറുതെ അത്തരം കഥകള്‍ മനസ്സില്‍ കൊണ്ടുനടക്കുക.അതിനെകുറിച്ചു മറ്റുള്ളവരോടും പറയുക.ഈ പരിചയപ്പെടുത്തല്‍ എന്തിനാണെന്ന് എന്നിലെ വായനക്കാരന്‍ സ്വയം ചോദിക്കുമ്പോള്‍ കഥക്കാരനെ കൂട്ടുപിടിച്ചുകൊണ്ടാ കഥയില്‍ കഥാകാരന്‍ പറഞ്ഞിരിക്കുന്നതുപോലെ, ഒരിക്കലും കോമാളിയാകരുതെന്ന പിടിവാശിയാണെന്ന് തന്നെകൂട്ടിക്കോളൂ.


ഈ കഥാസമാഹാരം കഥകള്‍, പി എഫ് മാത്യൂസ്. ഡി.സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു.വില നൂറ്റി തൊണ്ണൂറ്റി അഞ്ചു രൂപ.

19 അഭിപ്രായങ്ങൾ:

  1. എവിടെയോ കേട്ടിരുന്നു ഈ പുസ്തകത്തെ പറ്റി.. അദ്ദേഹത്തിന്‍റെ കുട്ടിസ്രാങ്ക് മികച്ചതുമാണ്.. ഈ പരിചയപ്പെടുത്തലിനു നന്ദി.. പക്ഷെ അദ്ദേഹത്തെ വായിചിട്ടില്ലാത്തതിനാല്‍ അധികം ഒന്നും പറയാനില്ല..

    'ആ കഥ വായനയിലൂടെ' എന്നത് ആ കത്തിന്‍റെ വായനയിലൂടെ എന്നല്ലേ ഉദ്ദേശിച്ചത്..

    മറുപടിഇല്ലാതാക്കൂ
  2. എത്രയെത്ര പ്രതിഭകളാണ് നമുക്ക് ചുറ്റിലും
    ആദ്യമായാണ് ഈ എഴുത്തുകാരനെപ്പറ്റി അറിയുന്നത്

    മറുപടിഇല്ലാതാക്കൂ
  3. പരിചയപ്പെടുത്തിയതിന് നന്ദി കാത്തി.നന്നായിട്ടുണ്ട് വിവരണം !
    പുസ്തകം കയ്യിൽ കിട്ടിയാൽ പകൽ വെളിച്ചത്തിൽ തന്നെ മുഴുവൻ വായിച്ചുതീർക്കും. രാത്രിയാവാൻ രാത്രിയിലേക്ക്‌ മാറ്റിവയ്ക്കില്ല പേടിയാ...
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  4. തീർച്ചയായും നല്ലൊരു പരിചയപെടുത്തൽ സ്വന്തം അച്ഛനയേം അമ്മയെയും നമ്മളെ തന്നെയും വല്ലപ്പോഴും നമ്മലോടെ തന്നെ ഒരു പരിചയപ്പെടുത്തൽ നല്ലതാണെന്ന് തോന്നിയിട്ടുണ്ട് അത് പോലെ തന്നെ ജീവിതത്തെയും ഒന്നിരാടം വച്ചോ മരണം ഓരോ നിമിഷം തോറും അങ്ങിനെ ഒരു പരിചയപ്പെടുത്തൽ വേണ്ടി വരും. എത്ര കാലം ജീവിച്ചിരുന്നാലും നമ്മൾ ജീവിക്കുന്ന ശരീരത്തെ പോലും എത്ര പരിചയപ്പെടുന്നുണ്ട് എന്നുള്ള ചോദ്യവും ഉയരും
    പിന്നെ കഥാകാരന്റെയും വായനക്കാരന്റെയും കത്തും വായിച്ചു അത് വായിച്ചപ്പോഴും ഒരു കാര്യം തോന്നി എഴുത്തുകാരനെ തിരുത്തുവാൻ ഒരു വായനക്കാരന് എത്രത്തോളം സമയും കിട്ടുന്നു എന്നുള്ളത് . എഴുതികഴിഞ്ഞ സാധനം എന്ന നിലയിൽ പ്രത്യേകിച്ചും പിന്നെ കരണീയം വായനക്കാരന് എഴുത്ത് തിരുത്താതെ തിരുത്തി വായിക്കാം എന്നുള്ള സ്വാതന്ത്ര്യം ആണ് എവിടെയും വായനക്കാരന തന്നെ
    ഈ പരിചയപ്പെടുത്തൽ അതും ഈ കത്തിന്റെ രൂപം കൂടി ആയപ്പോൾ വളരെ നന്നായി

    മറുപടിഇല്ലാതാക്കൂ
  5. കയ്യില്‍ കിട്ടട്ടെ ..ഒന്ന് വായിച്ചു കളയാം ! :)

    മറുപടിഇല്ലാതാക്കൂ
  6. പുസ്തകപരിചയം നന്നായിട്ടുണ്ട്.
    വാങ്ങണം,വായിക്കണം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ഇനിയും കൂടുതല്‍ ആളുകളെ പരിചയപ്പെടുത്തു

    മറുപടിഇല്ലാതാക്കൂ
  8. ഇനിയിപ്പോ നേരെ ബുക്ക്‌ ഷോപ്പില്‍ കാണാം, പേടിച്ചു മരിക്കുമോ അജിത്തെട്ടാ?

    മറുപടിഇല്ലാതാക്കൂ
  9. കഴിഞ്ഞ വർഷം വായിച്ച കഥാസമാഹാരങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതായിരുന്നു. മിക്കതും മികച്ച കഥകൾ. കുറച്ചുപേർക്ക് ഞാനിത് ശിപാർശ ചെയ്യുകയുമുണ്ടായി. :)

    മറുപടിഇല്ലാതാക്കൂ
  10. ഈ പുസ്തകം വായിച്ചിട്ടില്ല. പക്ഷെ ഈ കഥാകാരനെ അടുത്തറിയാം. ഞങ്ങള്‍ ഒരേ ഫ്ലാറ്റില്‍ കുറെ കാലം ജീവിച്ചിരുന്നു.(ഒരേ apartmentil അല്ല കേട്ടോ.)അപ്പോള്‍ കാനാനൃന്ദ്. പുത്രന്‍ എന്ന സിനിമ വന്ന സീരിയല്‍ കഥയും (പേര് മറന്നു)വായിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  11. പുസ്തകം വായിച്ചിട്ടില്ല - പക്ഷേ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണെന്ന് ഒരു പ്രിയ സുഹൃത്ത് പറയുകയുണ്ടായി. ഉടനെ തന്നെ വായിക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  12. നന്നായി ഈ പരിചയപ്പെടുത്തല്‍; ആദ്യമായി കേള്‍ക്കുന്നു ഈ സാഹിത്യകാരനെപറ്റി. !!

    മറുപടിഇല്ലാതാക്കൂ
  13. കാത്തി കുട്ടാ..
    എന്നെയും ഇങ്ങിനെ ഒന്ന് പരിചയപ്പെടുത്തുമോ..?? ഹ ഹ :P
    നന്നായിരിക്കുന്നു ഈ പരിചയപ്പെടുത്തൽ.

    മറുപടിഇല്ലാതാക്കൂ
  14. മാറ്റ്യൂസിനെയൊന്നും ഞാനിത് വരെ വായിച്ചിട്ടില്ല കേട്ടൊ
    ഈ പരിചയപ്പെടുത്തലിലൂടെ ഇപ്പോൾ ഈ കഥാകാരനെ അടുത്തറിഞ്ഞു ...

    മറുപടിഇല്ലാതാക്കൂ
  15. കാത്തിയുടെ പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു...ആ പുസ്തകം ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നു പറയാന്‍ കഴിയില്ലായെങ്കിലും,വായനക്കാരനെ നിരാശപ്പെടുത്തുന്നില്ല.. അതിലെ ചില കഥകള്‍ വായനക്കാരനെ ഒരു ഉന്മാദവസ്ഥയില്‍ എത്തിക്കുന്നു....പ്രത്യേകിച്ചും മരണത്തെ സാധുകരിക്കുന്ന ബിംബങ്ങളുടെ പ്രയോഗത്തില്‍ ...

    മറുപടിഇല്ലാതാക്കൂ