2013, സെപ്റ്റം 21

ജ്വാലകള്‍ ശലഭങ്ങള്‍


പുസ്തക പരിചയം -ജ്വാലകള്‍ ശലഭങ്ങള്‍ '15 പെണ്ണനുഭവങ്ങള്‍ '

കൈതമുള്ള്‌/ശശി ചിറയില്‍ 

കൈതമുള്ള്‌ അങനെ അറിയപ്പെടനാണ് എഴുത്തുക്കാരനിഷ്ടം യഥാര്‍ത്ഥ പേര് ശശി ചിറയില്‍ . ഒരു തനി തൃശൂര്‍ക്കാരന്‍. അവിടെ ഇരിഞ്ഞാലക്കുടയ്ക്കടുത്ത് കല്ലംക്കുന്ന് സ്വദേശം.മുപ്പതില്‍ കൂടുതല്‍ വര്‍ഷങ്ങളായി പ്രവാസലോകത്തു അക്കൌണ്ട്‌ മേഖലയില്‍ ജോലിചെയ്യുന്ന ഇദേഹം സജീവ ബ്ലോഗര്‍കൂടിയാണ്. ആനുകാലീക പ്രസദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതാറുണ്ട്.ചോരയുടെ മണം എന്നൊരു നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ കൈതമുള്ള്‌ എന്ന ബ്ലോഗ്‌ ഏറെ പ്രശസ്തമാണ്. അവയില്‍ വന്ന കുറിപ്പുകളാണ് ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 

ജ്വാലകള്‍ ശലഭങ്ങള്‍ '15 പെണ്ണനുഭവങ്ങള്‍ 'എന്നതാണ് പുസ്തകത്തിന്റെ പേര്. ഈ പുസ്തകത്തെക്കുറിച്ച് ‘പെണ്ണനുഭവങ്ങള്‍ അല്ലല്ലോ, സത്യത്തില്‍ ഇത് ആണനുഭവങ്ങളല്ലേ? എന്നു സിസ്റ്റര്‍ ജേസ്മി ഒരിക്കല്‍ പറഞ്ഞതു കാര്യമല്ലേ എന്നു പ്രഥമ ദൃഷ്ടിയില്‍ വായനക്കാര്‍ക്കും തോന്നാം.സ്ത്രീപക്ഷത്തു നിന്നു എഴുതിയിരിക്കുന്നുവെന്നല്ലാതെ  പെണ്ണനുഭവങ്ങള്‍ എന്ന വിശേഷണം ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകത്തിനു യോജികുന്നുണ്ടോ? അതു മനസിലാക്കാന്‍ ഈ പുസ്തകത്തിന്റെ  പൂര്‍ണവായനയിലൂടെ സാധ്യമാണ്.




 പതിനഞ്ചു കഥകളിലെ പതിനഞ്ചു സ്ത്രീകഥാപാത്രങ്ങളും ശലഭങ്ങളാണ്  അതെ സമയം ജ്വാലകളാണ്. സ്വയം എരിയുന്ന ജ്വാലകള്‍.എഴുത്തുക്കാരന്റെ വലിയൊരു  ഓര്‍മ്മപ്പെടുത്തലാണ് ഈ വാചകം, ജ്വാലകള്‍ ശലഭങ്ങള്‍.സൌന്ദര്യം ആസ്വദിക്കാന്‍ വേണ്ടിയാണെന്നുള്ള വാദം ശരിവയ്ക്കും വിധമാണ് ഓരോ സ്ത്രീയെയും കഥാകൃത്ത്‌ പരിചയപെടുത്തുന്നത് . പതിനഞ്ചു സ്ത്രീകള്‍ക്കും, പതിനഞ്ചു രീതിയിലാണ് വര്‍ണന.എല്ലാവരും ഒന്നില്‍ നിന്ന് വ്യത്യസ്തമായി നിലകൊള്ളുമ്പോള്‍ കഥാകൃത്തിനുള്ളിലെ രവിവര്‍മ്മ ചിത്രക്കാരനെയും കള്ളകൃഷണനെയും നമുക്ക് കാണാം.എന്നാല്‍ പതിയെ അവരുടെ ജീവിതത്തിലേക്കു കടക്കുന്നതോടെ വായന, ആസ്വാദക നിലവിട്ടു ഉദ്വേഗജനകമായ നിലയിലേക്കു പരിണമിക്കുന്നതു കഥാകൃത്തിന്റെ അവതരണമികവാണ്.തുടക്കം മുതല്‍ ഒടുക്കം വരെ അതുനിലനിര്‍ത്താന്‍ ശ്രമിക്കുക വഴി അദ്ധേഹം കഥാപാത്രങ്ങളിലേക്ക് കൂടുതല്‍ ലളിതമായി ഇറങ്ങിചെല്ലാന്‍ വായനക്കാരനെയും പ്രാപ്തനാക്കുന്നു.

പെണ്ണനുഭവങ്ങളെകുറിച്ചും,സ്ത്രീപക്ഷ സാഹിത്യത്തെകുറിച്ചും വളരെ വിരളമായി മാത്രം പറഞ്ഞിരുന്ന മലയാള സാഹിത്യരംഗത്തു കൈതമുള്ളിന്റെ ഈ അനുഭവങ്ങള്‍ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജാതിമത രാഷ്ട്രഭേതമന്യേ ഓരോ കഥയിലെയും സ്ത്രീ അനുഭവിക്കുന്ന കഥകള്‍ ഒരു പോലെ എവിടെയോ ബന്ധപ്പെട്ടു കിടക്കുന്നു.ആദ്യ കഥയിലെ ഗാഥയും പിന്നെ വരുന്ന സീന, ജെന്നിഫര്‍, ശ്രീദേവി, ജ്യോത്സ്ന, മിഥുന, രുക്സാന തുടങ്ങി പെണ്ണനുഭവങ്ങള്‍  എഴുത്തുക്കാരനില്‍ നിന്നും വായനക്കാരനു പകര്‍ന്നു കിട്ടുന്ന ആഴങ്ങളിലുള്ള ചിന്തകളുണ്ട്.

രാജ്യവും അതിര്‍ത്തികളും പേരുകളും ഭാഷകളും മാറുന്നുണ്ടെങ്കിലും അവരെല്ലാം അനുഭവിക്കുന്ന ജീവിതത്തിനു മാറ്റമൊന്നുമില്ല.സ്ത്രീ എവിടെയും, എപ്പോഴും പോരാടുകയാണ്. സ്ത്രീയുടെ സൌന്ദര്യത്തിനപ്പുറം, അവളുടെ മനസിലേക്കിറങ്ങി അവരുടെ ജീവിതം കാണാന്‍ കഥാകൃത്ത്‌ കുറിപ്പുകളിലുടനീളം ശ്രമിച്ചിരിക്കുന്നു.ആ ജീവിതത്തില്‍ നന്മയും തിന്മയുമുണ്ട്,നിലനില്‍പ്പിന്റെ വേവലാതിയുണ്ട് ,സാമൂഹ്യവ്യവസ്ഥിതികളുണ്ട്.പെണ്ണായി പിറന്നതിനാല്‍ അനുഭവിക്കേണ്ടിവരുന്നത്തിന്‍റെ മുഴുവന്‍  ആകുലതകളും ആശങ്കകളും വിഹ്വലതകളും  കഥാകാരന്‍ ഇവിടെ പൊതുവായ ചര്‍ച്ചയ്ക്കുവയ്ക്കാന്‍ ശ്രമം നടത്തുന്നുണ്ട്. 

 മനോഹരമായി പാറിപറക്കുന്ന ശലഭങ്ങള്‍ പെട്ടെന്നു ചിറകറ്റുവീഴുബോള്‍,അതിനെ നിസ്സഹായതയോടെ നോക്കി നില്‍ക്കാതെ, അല്പം കരുണയോടെ സഹായത്തിന്റെ  കൈത്താങ്ങു നീട്ടുന്ന ജീവനെ വായനയിലുടനീളം കാണാം .ആ ജീവനിലേക്കമരുന്ന ശലഭങ്ങളുടെ അതിജീവനത്തിന്റെ കഷ്ടതകളും നിസംഗതകളും  കാണാം. കഥകാരന്‍ അനുഭവിച്ച ജീവിതമാണ്‌, കണ്ട മുഖങ്ങളാണു ഓരോ കഥാപാത്രവും.അവര്‍ ജീവിച്ചിരുന്നവരാണ്,ജീവിച്ചിരിക്കുന്നവരാണ് .ഈ വസ്തുതയെല്ലാം വായനയുടെ പലവേളകളിലും വായനക്കാരനെ അത്ഭുതപെടുത്തും.വായനക്കാരനു ചില വെളിപാടുകള്‍ ഉണ്ടാക്കുന്ന കഥാപാത്രങ്ങളാണ് ഭൂരിഭാഗവും.

കഥാകാരന്റെ
  കൈതമുള്ള്‌ എന്ന ബ്ലോഗ്‌ പ്രശസ്തമാണ്. അവയില്‍ ആദ്യമേ എഴുതിയ  അനുഭവ കുറിപ്പുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ബ്ലോഗെഴുത്ത്‌ മലയാളസാഹിത്യത്തിനു മുതല്‍ക്കൂട്ടാവില്ലന്നുള്ള വിമര്‍ശങ്ങള്‍ക്കെല്ലാം മറുപടിയാണ്‌ ഇന്നു തുടര്‍ച്ചയായി ബ്ലോഗേര്‍സില്‍ നിന്നും ഉണ്ടാവുന്ന ഓരോ പുസ്തകസൃഷ്ടികളും.മലയാള സാഹിത്യത്തിനും മലയാളഭാഷയ്ക്കും ബ്ലോഗ്‌ ,ഇ-യെഴത്തുകള്‍ നല്‍കുന്ന നവോന്മേഷവും വ്യാപ്തിയും നിസ്സാരമായി തള്ളിക്കളയാനാവില്ല.


നല്ലൊരു എഴുത്തുക്കാരനെയും വായനക്കാരനെയും സൃഷ്ട്ടിക്കുന്നതില്‍ അതിന്റെ പങ്കു ഏറെ വലുതാണ്. കൈതമുള്ള് എന്നൊരു സാഹിത്യക്കാരന്റെ വളര്‍ച്ചയുടെയും പൂര്‍ണതയുടെയും പിന്നിലെ അടിസ്ഥാനം വിസ്മരിക്കാന്‍ കഴിയില്ല. ഈ -യെഴുത്തും
,ബ്ലോഗ്‌
  സാഹിത്യവും  പരിഹസിക്കാനുള്ള പദമല്ല, ആദരിക്കാനുള്ളതാണ് എന്നു  കൈതമുള്ളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
 

ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ഈ സമാഹാരത്തിന്റെ വില നൂറു രൂപ 

അദ്ദേഹത്തിന്റെ ബ്ലോഗ്‌ ലിങ്ക്  http://kaithamullu.blogspot.com/

16 അഭിപ്രായങ്ങൾ:

  1. ഈ എഴുത്തിന്റെയും ബ്ലോഗിങ്ങിന്‍റെയും ലക്ഷ്യം അച്ചടിയിലേക്കാണ് എന്ന നിരീക്ഷണത്തോട് യോജിക്കുന്നില്ല..പല വന്‍കിട പബ്ലിഷിംഗ് കമ്പനികളും അച്ചടി നിറുത്തി ഈ -പബ്ലിഷിങ്ങിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്...നമ്മള്‍ തിരിച്ചും..എന്തായാലും എഴുത്തുകാരന്റെ ഇഷ്ടങ്ങളാണ് അക്കാര്യത്തില്‍ അഭികാമ്യം എന്ന രീതിയില്‍ ഈ ഉദ്യമം വിജയിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പുസ്തകം കൈയിലെടുത്തുകൊണ്ടു താളുകളുടെ പുതുമണം ആവാഹിച്ചൊരു വായന,അതുപോലൊരു സുഖം ഒരു ഈ -ലേകത്തിനും നല്‍ക്കാന്‍ കഴിയില്ല.ലക്‌ഷ്യം അതാണെന്നല്ല. ഇത്തരം എഴുത്തുകള്‍ അച്ചടിയ്ക്കു യോഗ്യമല്ലെന്നുള്ള വിമര്‍ശനത്തിനൊരു മറുപടിയാണ്‌ ഇത്തരം സൃഷ്ടികള്‍ എന്നാണ് ഉദേശിച്ചത്.

      ഇല്ലാതാക്കൂ
  2. വായന അര്‍ഹിക്കുന്ന പുസ്തകങ്ങളുടെ ഈ പരിചയപ്പെടുത്തല്‍ തികച്ചും അഭിനന്ദനീയം... കൈതമുള്ള് എന്നൊരു ബ്ലോഗുള്ള കാര്യം പോലും അറിയില്ലായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  3. പുസ്തകം പരിചയപ്പെടുത്തല്‍ നന്നായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ഈ വാര്‍ത്ത സന്തോഷം നല്‍കുന്നു; ബ്ലോഗ്ഗില്‍ നിന്നും പടവുകള്‍ ചവിട്ടികയറിയ ഒരു വ്യക്തിയുടെ സമാഹാരം എന്ന നിലയില്‍ പുസ്തകം ഒരുപാട് പ്രാധാന്യവും അര്‍ഹിക്കുന്നു. കൂടാതെ പരാമര്‍ശ വിഷയവും കാലിക പ്രാധാന്യമുള്ളതാണെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

    ഈ പരിചയപ്പെടുത്തല്‍ ഉചിതമായി അനീഷ്‌ ഭായ്. കൈതമുള്ള് എന്ന ബ്ലോഗിന്‍റെ ലിങ്ക് കൂടി ഈ പോസ്റ്റില്‍ കൊടുക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. കാത്തി മാഷേ
    ഈ പരിചയപ്പെടുത്തൽ നന്നായി.
    ഒരു വർഷത്തിലധികമായി മലയാളം
    ബ്ലോഗുലകത്തിൽ നിരന്തരം ചുറ്റിത്തിരിയുന്ന
    ഒരാളാണ് ഞാൻ, പക്ഷെ കൈതമുള്ളിനെപ്പറ്റി
    ഇപ്പോൾ മാത്രമാണ് കേള്ക്കുന്നത്. തരുണീമണികളെ
    ശലഭങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്നത് കൊള്ളാം
    ചില കാര്യങ്ങൾ കൂടി അറിയാനുണ്ട്. പുസ്തകം കിട്ടുന്ന
    വിശദ വിവരങ്ങൾ, അഡ്രസ്‌, പുസ്തകത്തിന്റെ പേജ്
    എത്ര തുടങ്ങിയ വിവരങ്ങൾ കൂടി നൽകിയാൽ നന്നായിരിക്കും
    പിന്നൊരു കാര്യം കൂടി:
    ഇതൽപ്പം സീരിയസ് വിഷയം തന്നെ
    മാഷേ, ഈ പുറം തിരിഞ്ഞുള്ള ഈ ഇരുപ്പു മതിയാക്കി ഒന്ന്
    മുഖം കാണിച്ചു കൂടെ!!!
    കൈതമുള്ള് ലിങ്ക് കോപ്പി ചെയ്യാൻ നോക്കീട്ടു പറ്റുന്നില്ലല്ലോ മാഷെ
    എന്തിനാ മാഷെ ഈ കോപ്പി thing disable ചെയ്തു വെച്ചിരിക്കുന്നത്
    അത് കൊണ്ട് എന്ത് നഷ്ടം സംഭവിക്കാനാ മാഷെ!!
    പകരം ആർക്കെങ്കിലും പോസ്റ്റിലെ ഒന്ന് രണ്ടു വരികൾ കോപ്പി ചെയ്തു
    ഒരു കമന്റു കുറിക്കണമെങ്കിൽ കഷ്ടാകുമെല്ലോ മാഷെ !
    പിന്നെ മാറ്റർ കട്ടോണ്ടു പോകുമോ എന്ന ഭയമാണോ ഇതിനു കാരണം
    അത്തരക്കാരെ പിടി കൂടാൻ ഇന്ന് പല മാർഗ്ഗങ്ങളും ഉണ്ടല്ലോ!
    വീണ്ടും കാണാം
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  6. ഏറെ സന്തോഷം ,അതിനു ഉടനടി നടപടി ഉണ്ടാക്കാം...ആദ്യമേ ചെയ്തു വച്ചതാണങ്ങനെ പിന്നെ മാറ്റിയില്ല.അദ്ധേഹത്തിന്റെ ബ്ലോഗ്‌ ശരിയാക്കിയിട്ടുണ്ട്.അതില്‍ എല്ലാവിവരങ്ങളും ലഭ്യമാണ്.ഇതൊരു പുതിയ പുസ്തകം അല്ല മൂന്നു വര്‍ഷത്തോളമായി പ്രസിദ്ധീകരിച്ചിട്ട്.

    മറുപടിഇല്ലാതാക്കൂ
  7. വളരെ നന്നായി അവതരിപ്പിച്ചു.തുടരുക..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. കൈതമുള്ള് എന്ന ബ്ലോഗറെ ഈ ബുക്കിന്‍റെ പേരിലൂടെയാണ് ആരോ എന്നോട് പറഞ്ഞത്. ബുക്ക്‌ ഞാന്‍ വായിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ചില ബ്ലോഗ്‌ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്. പുസ്തക പരിചയം നന്നായി കാത്തീ :) .പിന്നെ ഏരിയല്‍ മാഷ് പറഞ്ഞ കാര്യം ഞാനും പറയുന്നു, തിരിഞ്ഞു എത്ര നാളാ നില്‍ക്കുക!! :). അപ്പൊ, അഭിനന്ദനങ്ങള്‍ -ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. പരിചയപ്പെടുത്തലിനു നന്ദി,അനീഷ്ബായ്

    മറുപടിഇല്ലാതാക്കൂ
  10. ബ്ലോഗും പുസ്തകവും പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി. ഇങ്ങോട്ട് എത്താനുള്ള ബുക്കുകളുടെ ലിസ്റ്റില്‍ ഒന്നൂടെ ചേര്‍ത്തു.. :)

    മറുപടിഇല്ലാതാക്കൂ
  11. പുസ്തക പരിചയം മാതൃകാപരം.

    'കൈതമുള്ള്' നേരത്തെ വായിച്ചിട്ടുള്ള ബ്ലോഗാണ്. അദ്ദേഹത്തിൻറെ പുതിയ വിശേഷങ്ങളിൽ സന്തോഷിക്കുന്നു. പുസ്തകം വായിക്കാൻ ശ്രമിക്കുന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  12. നല്ല പരിചയപ്പെടുത്തൽ ... ബ്ലൊഗെഴ്തു മലയാള സാഹിത്യത്തിനു മുതൽ കൂട്ടാവില്ല എന്നുള്ള വിമർശനങ്ങൾക്ക് ഒരു ചുട്ട മറുപടി തന്നെയാണ് "ജ്വാലകൾ ശലഭങ്ങൾ ".
    അഭിനന്ദനങ്ങള്‍...... !!!

    വീണ്ടും വരാം ,
    സസ്നേഹം
    ആഷിക് തിരൂർ

    മറുപടിഇല്ലാതാക്കൂ
  13. നന്നായ് .......
    ഇഷ്ടപ്പെട്ടു
    വന്നു കണ്ടു കീഴടങ്ങി

    മറുപടിഇല്ലാതാക്കൂ
  14. നന്നായി അവലോകനം ചെയ്തിരിക്കുന്നു..
    ശശിയേട്ടന്റെ ഈ 15 പെണ്ണനുഭവങ്ങളും ഞാൻ വായിച്ചിഷ്ട്ടപ്പെട്ടതാണ്

    മറുപടിഇല്ലാതാക്കൂ