2013, ഒക്ടോ 13

സാമ്രാജ്യത്വം





പാലസ്തീനിലെ ഗാസ ചീന്തിലെ അഭയാര്‍ഥി മേഖല. ഇടിഞ്ഞു പൊളിഞ്ഞു വീണ കെട്ടിടങ്ങളും വീഴാറായ വീടുകളും തകര്‍ന്ന വീഥികളില്‍ നിരന്നു പരന്നുകിടക്കുന്നു. ഇസ്രയേലി ബുള്‍ഡോസറുകള്‍ അദൃശ്യകരങ്ങളുടെ താളത്തില്‍ തച്ചു തകര്‍ത്ത നഗരത്തിന്റെ ബാക്കിപത്രം. തകര്‍ന്ന മണ്‍കൂനകള്‍ക്കു കീഴില്‍ ആനേകായിരം രക്തസാക്ഷികള്‍ അസ്വസ്ഥതയോടെ പ്രതികരിക്കുന്നു.മരിയ്ക്കാത്ത പോരാട്ടവീര്യം അവിടെത്തെ ചൂടുകാറ്റില്‍ പൊടിയെയും കൊണ്ടു നാലുപാടും പാറി നടക്കുന്നു. ബാക്കിയായ  ജീവനുകള്‍ അമേരിക്കന്‍ നിര്‍മ്മിത തോക്കിന്‍ കീഴില്‍.സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ വെടിയുതിര്‍ത്തു കൊന്ന അതെ തോക്കുകള്‍.
മരണം കാത്തുകിടക്കുന്ന നിരത്തുകളില്‍ അധികാരവര്‍ഗ്ഗം സമാധാന നാടകം നടത്തുന്നു. അസ്വാതന്ത്ര്യത്തിന്റെ സമാധാനം. പ്രതിരോധത്തിന്‍റെ ശ്വാസം വലിച്ചു ചുമ്മയ്ക്കുന്ന ജനതയ്ക്ക് ഇന്നു വീണ്ടും പോരാട്ടത്തിന്റെ നാളാണ്. സ്വന്തം മണ്ണില്‍ കാലുറപ്പിച്ചു നിലക്കാന്‍ അവരിന്നു *റേച്ചല്‍ കോറിയുടെ ഓര്‍മ്മയില്‍ അതിജീവനത്തിന്റെ പോരാട്ടം തുടങ്ങുന്നു.

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസ്രയേലി ബുള്‍ഡോസറുകള്‍ നിര്‍ത്തിയ ദൌത്യമിന്നു വീണ്ടും തുടങ്ങുന്നു. ബുള്‍ഡോസറുകള്‍ രക്തസാക്ഷികളുടെ മാറിലൂടെ ഘോരശബ്ദം മുഴക്കി കടന്നു വന്നടുത്തു കൊണ്ടിരിക്കുന്നു. അന്നവിടെകേട്ട അതെ വാചകങ്ങള്‍, ആ തെരുവീഥികളില്‍ അലയടിച്ചുയര്‍ന്നു. ഞങ്ങളും
  അമേരിക്കക്കാരാണ്  നിങ്ങളീ കാട്ടുന്നതു അനീതിയാണ്. ഈ ക്രൂരപ്രവര്‍ത്തിയില്‍ നിന്നും ഇനിയെങ്കിലും  പിന്മാറണം. ഇവരെ ഇവിടെ ജീവിക്കാന്‍ അനുവദിയ്ക്കൂ. ഇതവരുടെ മണ്ണാണ്. 
റേച്ചല്‍ കോറി പാഞ്ഞുവരുന്ന ബുള്‍ഡോസറുകള്‍ക്കു മുന്‍പില്‍ നിന്നു ഒറ്റയ്ക്ക് പറഞ്ഞതു ഇന്നോരുപാടു പേര്‍ ഏറ്റുപറയുന്നു. "ഒരാളെ നിങ്ങള്‍ക്കു ബുള്‍ഡോസര്‍ കയറ്റി കൊല്ലാം.പക്ഷേ,അവരു പകര്‍ന്ന ആവേശവുമായിതാ ഞങ്ങള്‍ ഒന്‍പതു പേര്‍ ആദ്യം. ഞങ്ങളുടെ പിന്നില്‍ സ്വന്തം രാജ്യത്തു അഭയാര്‍ത്ഥികളായി കഴിയുന്ന ഒന്‍പതായിരം പേര്‍.സ്വന്തം ഭരണാധികാരികളുടെ രാഷ്ട്രീയ നാടകത്തിന്റെ ക്രൂരവിനോദങ്ങള്‍ ഇനിവേണ്ട,അതിന്റെ പേരില്‍ ശാപപ്പെടാന്‍ നമ്മുക്കൊരു ജനതയും വേണ്ട. ഇനി ഒരു റേച്ചല്‍ കോറിയും വേണ്ട. മറിച്ചാണെങ്കില്‍  റേച്ചല്‍ കോറിയുടെ നെഞ്ചിലൂടെ നിങ്ങള്‍ കയറ്റിയിറക്കിയ ബുള്‍ഡോസറുകള്‍ ആദ്യം ഞങ്ങളുടെ നെഞ്ചിലൂടെ കയറട്ടെ.
ഇവരോടൊപ്പം ഞങ്ങളും മരിക്കട്ടെ.
നിങ്ങളാല്‍ ശാപപ്പെടുന്ന ജനതയ്ക്ക് ഞങ്ങള്‍ ജീവന്‍ കൊടുത്തു പശ്ചാത്തപിക്കട്ടെ".
റേച്ചല്‍ കോറിയുടെ ജീവനെടുത്ത അതെ ബുള്‍ഡോസറുകള്‍, പഴയ കര്‍മ്മം തുടരുന്നു.ആര്‍ത്തിരമ്പി വരുന്ന ബുള്‍ഡോസറുകള്‍ക്കു മുന്നില്‍ നിന്നും റേച്ചലിന്റെ വാചകങ്ങള്‍  ശക്തമായി ഉയര്‍ന്നു മുഴങ്ങി.
"നമ്മള്‍ തിരിച്ചറിയണം,നമ്മുടെ സ്വപ്നങ്ങളാണ് അവരും കാണുന്നത്,അവരുടെ സ്വപ്നങ്ങള്‍ നമ്മളും." ഇരമ്പിപ്പായുന്ന ബുള്‍ഡോസറിന്റെ ശബ്ദങ്ങള്‍ക്കു കീഴേ ആ പ്രതികരണ ശബ്ദങ്ങള്‍ അമര്‍ന്നിറങ്ങി.വീണ്ടും ആ മണ്ണില്‍ റേച്ചല്‍ കോറി പുനര്‍ജനിക്കുന്നു.

റേച്ചല്‍കോറിയെ അവര്‍ എങ്ങനെ മറക്കാന്‍.അവര്‍ക്കുവേണ്ടിയാണ് സ്വന്തം ജീവന്‍പോലും
റേച്ചല്‍
  ബലികഴിച്ചത്. അതും സ്വന്തം രാജ്യത്തോടു പോരാടി .അവളുടെ മുന്‍പില്‍  രാജ്യാതിര്‍ത്തികളുണ്ടായിരുന്നില്ല.വെള്ളുത്തവനും കറുത്തവനും ഉണ്ടായിരുന്നില്ല. അടിമയും മുതലാളിയും ഉണ്ടായിരുന്നില്ല .കേവലം മനുഷ്യന്‍, ഇരയായി മാറുന്ന മനുഷ്യരുടെ രോദനങ്ങള്‍ മാത്രമാണവള്‍ കേട്ടത്.ആ ഇരകള്‍ക്ക് വേണ്ടിയാണവള്‍ സംസാരിച്ചത്.പക്ഷേ കേള്‍ക്കാന്‍ വേട്ടക്കാര്‍ തയ്യാറല്ലായിരുന്നു.അടിച്ചമര്‍ത്തല്‍ മാത്രമായിരുന്നവരുടെ ലക്ഷ്യം.അന്നും, ഇന്നും.
 പക്ഷേ,
"മണ്ണില്‍ വീണ വിത്തുകള്‍ക്കു ഒരിക്കല്‍ പൊട്ടിമുളച്ചു, കായച്ചു മരമാകാതിരിക്കാന്‍ കഴിയാതെ വരില്ലല്ലോ"
 
പിന്നില്‍ നിരന്നവര്‍ നാലുപാടും ചിതറിയോടികഴിഞ്ഞിരുന്നു,അവരുടെ
  വീടുകള്‍  ഇടിഞ്ഞുവീണു തുടങ്ങി. ജനിച്ചു വളര്‍ന്ന വഴിവീഥികളെ അന്യമാക്കി കൊണ്ടവര്‍ ഓടിയകന്നു."സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി  സ്വന്തം ജനതയോടുപോലും  നീതി കാണിക്കാത്ത വര്‍ഗ്ഗം,  ഞങ്ങളോടെങ്ങനെ"
 
ഉത്തരം തേടിയുള്ള
  ചോദ്യങ്ങളുമായി വിലപിച്ചോടുന്നവരുടെ തോളത്തു കിടക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണിലപ്പോഴും, പുറകില്‍  പാഞ്ഞുവരുന്ന ബുള്‍ഡോസറുകള്‍ തെളിഞ്ഞു കാണുന്നുണ്ട്  !!!
 ********
* റേച്ചല്‍ കോറി :അമേരിക്കക്കാരി,പിറന്നുവീണ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട പലസ്‌തീനിലെ സാധാരണക്കാരുടെ ശബ്‌ദമാവാനെത്തി,സ്വന്തം രാജ്യത്തോടു പോരാടി ധീരതയോടെ മരണം വരിച്ച 23കാരി യുവതി.സാമ്രാജ്യത്വ-അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കായി സ്വന്തം ജനതയോടുപോലും അമേരിക്ക കാട്ടുന്ന ദാക്ഷിണ്യമില്ലായ്മയുടെയും നീതികേടിന്റെയും ഇര.സ്വന്തം രാജ്യം മറന്നുവെങ്കിലും  പലസ്‌തീനികള്‍ അവളെ മറന്നില്ല. റേച്ചലിന്റെ മൃതദേഹം അമേരിക്കന്‍ പതാകപുതപ്പിച്ചുകൊണ്ട്‌ ഫലസ്‌തീനികള്‍ നാട്ടിലേക്ക്‌ യാത്രയച്ച സന്ദര്‍ഭത്തെ ഫലസ്‌തീന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു അമേരിക്കന്‍ പതാകക്ക്‌ നല്‌കിയ ആദരവയാണ്‌ ഇന്നും ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
കഥ :സാങ്കല്‍പ്പികം 
മലയാളം ബ്ലോഗേര്‍സ് മിനിക്കഥ മത്സരത്തിനു വേണ്ടി, വിഷയം - അനീതി തെരഞ്ഞെടുത്തു എഴുതിയ കഥ.








20 അഭിപ്രായങ്ങൾ:

  1. ഒരു കഥ പറച്ചിലിന്റെ ഭാവുകത്വത്തിലുപരി ...ലേഖനത്തിലേക്ക് വഴിമാറി പോകുന്നുതായി തോന്നി.

    മറുപടിഇല്ലാതാക്കൂ
  2. മത്സരത്തിലേ ശ്രദ്ധിച്ചിരുന്നു...,
    നന്നായി എഴുതി...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. കഥയെന്ന നിലയില്‍ ശോഭിച്ചില്ലെങ്കിലും ഈ വാക്കുകളും പരാമര്‍ശിക്കപ്പെടുന്ന സംഭവവും മനുഷ്യമനസ്സിനെ ഒന്ന് ഉലയ്ക്കുന്നത് തന്നെ.

    മറുപടിഇല്ലാതാക്കൂ
  4. കഥയായില്ല.. എന്നാലും പറഞ്ഞതെല്ലാം പരമസത്യം..
    ഗ്രൂപ്പിൽ വായിച്ചിരുന്നൂ..

    മറുപടിഇല്ലാതാക്കൂ
  5. ചുറ്റും ആര്‍ത്തനാദത്തോടെ ഓടുന്ന ജനങ്ങളെ കാണുമ്പോള്‍ എനിക്കെങ്ങനെ സൌന്ദര്യത്തെകുറിച്ച് മാത്രം പാടാനാകും......മാറ്റം ഇങ്ങനെ കാണുന്നു.

    മറുപടിഇല്ലാതാക്കൂ
  6. അവസാന ഭാഗത്ത്‌ കഥ മത്സരത്തിന് വേണ്ടി എഴുതിയതാണെന്ന് പറഞ്ഞില്ലായിരുന്നു എങ്കില്‍ യഥാര്‍ത്ഥ സംഭവം ആണെന്ന് കരുതിയേനെ ..ശക്തമായ ഭാഷ ബ്ലോഗ്‌ പോലെ തന്നെ മനോഹരമായ ഭാഷ ...നന്നായിരിക്കുന്നു..ഒരു കഥയേക്കാളും ഒരു ലേഖനം എന്ന് വിളിക്കാന്‍ കഴിയുന്ന സൃഷ്ടി ...

    മറുപടിഇല്ലാതാക്കൂ
  7. അധിനിവേശ ശക്തികളുടെ അടിവേരിളകിത്തുടങ്ങി.ഇനിയും എത്ര കാലം ?ചരിത്രം ഇരകളുടെ പക്ഷത്താണ് -എന്നും !

    മറുപടിഇല്ലാതാക്കൂ
  8. അവതരണത്തില്‍ അല്പമൊരു മാറ്റം വരുത്തിയിരുന്നുവെങ്കില്‍ മനോഹരമാകുമായിരുന്ന കഥ.
    കഥയ്ക്കനുയോജ്യമായ ശക്തമായ ഭാഷയായിരുന്നു.....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ഒത്തിരി കട്ടിയുള്ള വിഷയം. നല്ല വായനാശീലം ഉള്ള ഒരാൾക്കേ ഈ വിഷയം ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ കഴിയുകയുള്ളു; തീർച്ച.
    താങ്കൾ തീർച്ചയായും ആശംസകൾ അർഹിക്കുന്നു. :) ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  10. ഇത് കഥ ആയാലും ഒരു ട്രാജഡിയും ഇല്ലാതെ സ്വന്തം പതാകയും ഏന്തി പലെസ്റിനെ ജനതയ്ക്ക് സ്വന്തം മണ്ണിൽ ഓടാൻ കഴിയട്ടെ

    മറുപടിഇല്ലാതാക്കൂ
  11. വളരെ ഗഹനമായ വിഷയമാണ്.....ചുരുങ്ങിയ വാക്കുകളില് അവതരിപ്പിക്കാന് ഒരു കഥയുടെ ചട്ടക്കൂടിന് കഴിയുമെന്ന് തോന്നുന്നില്ല..........

    മറുപടിഇല്ലാതാക്കൂ
  12. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇന്നും പലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്നത്.
    അനീതിയുടെ പര്യായം. !!

    മറുപടിഇല്ലാതാക്കൂ
  13. വീണ്ടും വായിച്ചപ്പോൾ കുറച്ചുകൂടി ആഴത്തിൽ ഇറങ്ങുവാൻ സാധിച്ചു.
    നല്ല വിഷയം. നന്നായി എഴുതി. മത്സരത്തിനായി വേഗത്തിൽ എഴുതിയതുകൊണ്ടാവും കഥയായി തോന്നാതിരുന്നത്. എങ്കിലും ആ കൈ വഴക്കം വരികളിൽ തെളിഞ്ഞു കാണുന്നുണ്ട്.മാത്രമല്ല വിഷയം അത്ര നിസാരവും അല്ലാലോ. ഒന്ന് രണ്ടു പാരഗ്രാഫിൽ ഒതുങ്ങില്ലാലോ മനസ്സിൽ നിന്നും തിരയടിച്ചുവരുന്ന ഇരമ്പൽ. ആശംസകൾ സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  14. കഥയായി അല്ല - ഒരു അനുഭവസ്ഥന്‍റെ ഓര്‍മ്മക്കുറിപ്പ് പോലെ (മത്സരത്തില്‍ വായിച്ചിരുന്നു -ഒരു പക്ഷെ, ഒന്ന് കൂടി മിനുക്കിയെടുത്താല്‍ ഒരു മനോഹര കഥ ആയേക്കും) ശക്തമായ വിഷയ അവതരണം... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. കഥ പോലെ ഒരു ലേഖനം.. എന്നാലും കാര്യങ്ങള്‍ നന്നായി പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  16. അനീഷ്‌ അങ്ങനെ ഞങ്ങളെ പാലസ്തീനിലെയ്ക്കും കൊണ്ടുപോയി---
    എനിക്കെന്നും അത്ഭുതം തോന്നുന്ന കാര്യം, എങ്ങനെയാണ് നിങ്ങളൊക്കെ ഇടപെടുന്ന സമൂഹവുമായി ഒരു ബന്ധവും ഇല്ലാത്ത, കേട്ടും വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്നത്‌ എന്നത് !
    എനിക്കാണെങ്കില്‍ ആത്മ കഥാംശം അല്പം പോലും ഇല്ലാത്ത ഒന്നും എഴുതാന്‍ പറ്റില്ല---
    ആശംസകള്‍----

    മറുപടിഇല്ലാതാക്കൂ
  17. പാലസ്തീനരുടെ പരാധീനതകൾ ഇതൊക്കെ തന്നെ...

    മറുപടിഇല്ലാതാക്കൂ