2014, മേയ് 22

സ്നേഹം കറുപ്പാണ്





കടലിന്റെ നിറമാണ് ജീവിതത്തിന്. നീലയോ പച്ചയോ,ചുവപ്പോ ഏതാണ് കടലിന്റെ നിറം. കലങ്ങിമറിയുന്ന കടലിന്റെ നിറമാണ്‌  ജീവിതത്തിനും.അയാള്‍ മോളുടെ കൈവിടാതെ അകലങ്ങളില്‍ അസ്തമയത്തിലേക്കടുക്കുന്ന ചുവന്ന സൂര്യനെനോക്കി. ആര്‍ത്തിരമ്പി വരുന്ന തിരമാലകളയാളുടെ പാദങ്ങളെ സ്പര്‍ശിച്ചു കടന്നുപോയിക്കോണ്ടെയിരിക്കുന്നു.

"
അച്ഛനെന്നോടു കളവു പറഞ്ഞല്ലേ "
തിരയോടൊപ്പം കാല്‍പാദത്തിലെ മണ്ണൂര്‍ന്നു പോകുന്നതയാളറിഞ്ഞു.
"
ആരു പറഞ്ഞു"
"
അമ്മ പറഞ്ഞല്ലോ, കടലിന്റെ നിറമെന്താണച്ഛാ.സത്യം പറയില്ലേ ?.
അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു."കടലിന്റെ നിറം കറുപ്പ് "
"
അപ്പൊ , സൂര്യന്റെ ? "
"
കറുപ്പ് "
"
പകലിന്റെ ? "
"
കറുപ്പ് "
"
രാത്രിയുടെ, നിലാവിന്റെ, ചന്ദ്രന്റെ?"
"
കറുപ്പ് "

നിശബ്ദതയിലേക്കാണ്ടു പോകുന്ന കാതുകളിലേയ്ക്കു കടലിന്റെ ആര്‍ദ്രനാദവുമായി തിരയടികള്‍ മാത്രം കടന്നു വന്നപ്പോളയാള്‍ കണ്ണുകള്‍ തുറന്നവളെ നോക്കി,ആകാശവും കടലും ചുവന്നിരിരുന്നു. അവളെറെ സന്തോഷിക്കുമെന്നായാള്‍ക്കറിയാമായിരുന്നു.
അവളിപ്പോള്‍  കാണുന്നുണ്ട്  കറുത്ത കടലും ആകാശവും.
  
"പോകാം", അയാള്‍ അവളുടെ കൈപിടിച്ചു തിരിഞ്ഞുനടന്നു. അവളച്ഛന്റെ കൈയില്‍ മുറുകെ പിടിച്ചു .വഴിയില്‍ ടോര്‍ച്ചിന്റെ വെട്ടം തെളിഞ്ഞു.

"
അച്ഛാ കളവിന്റെ നിറമെന്താണച്ഛാ ?"
"
കളവിനും,നേരിനും,വെളിച്ചത്തിനും ഒരേ നിറമാണ്‌ കറുപ്പ് "

ടോര്‍ച്ചിന്റെ വെട്ടം അണച്ചയാള്‍ അവളുടെ കൈവിടാതെ നടത്തം തുടര്‍ന്നു.അവളുടെ നിഷ്കളങ്കമായ പുഞ്ചിരിയ്ക്കു പിന്നില്‍ കടലും മുന്നില്‍ അയാളും രാത്രിയിലമര്‍ന്നു.
കറുപ്പു പടര്‍ന്നു.
 

20 അഭിപ്രായങ്ങൾ:

  1. സ്നേഹം ഇരുട്ടിൽ മറയാതിരുന്നെങ്കിൽ...


    ഇത് കൊള്ളാം കാത്തി..
    നന്നായി എഴുതി..
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  2. കളവിനും നേരിനും വെളിച്ചത്തിനും ഒരേ നിറമാണ്, കറുപ്പ്.
    ഒന്നും തിരിച്ചറിയാന്‍ കഴിയാതെ.....

    മറുപടിഇല്ലാതാക്കൂ
  3. കറുപ്പ് ഒരു നിറമല്ല ഒരു അവസ്ഥയാണ് കാഴ്ചകൾ പോലും കണ്ണുകൾ കട്ട് എടുത്തവന്റെ സ്വന്തം അവസ്ഥ ഒരു നീണ്ട കഥ പ്രതീക്ഷിച്ചു വായന പെട്ടെന്ന് തീര്ന്നത് പോലെ നിന്നു പോയി എന്നാലും മനസ്സ് കൊണ്ട് പൂരിപ്പിക്കാവുന്നിടത് കൊണ്ട് നിർത്തി ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. കുറഞ്ഞ വരികളിലെ കുഞ്ഞു കഥ, കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. കളവിനും കടലിനും ഒരേ ഭാവം നല്‍കിയ നല്ല കഥ...അസൂയ ഫീലിംഗ്

    മറുപടിഇല്ലാതാക്കൂ
  7. ഒരു യാത്രയ്ക്കിടയിൽ ഉബൈദ് ( ഹസീൻ ബ്ലോഗ് ) പറഞ്ഞ ഒരു കഥയുണ്ട്. കഥ ആരുടെയാണെന്നോർമ്മയില്ല. 'ശേഷഗിരിയുടെ കളിപ്പാട്ടങ്ങൾ' എന്നാണു കഥയുടെ പേരെന്നാണു ഓർമ്മ. വായിച്ചിട്ടില്ലെങ്കിലും, ഉബൈദ് ഭായിയുടെ വാക്കുകളിലൂടെ ആ കഥ ഇന്നും മനസ്സിൽ നിലനിൽക്കുന്നു.

    ഈ കഥ വായിച്ചപ്പോൾ ആ കഥയാണ് ഓർമ്മ വന്നത്. നല്ല കൈയ്യൊതുക്കം. ചുവന്നു തുടുത്ത സൂര്യനെക്കാണുമ്പോഴും മകളോട് സൂര്യന്റെ നിറം കറുപ്പാണെന്ന്, ചന്ദ്രന്റെയും കടലിന്റെയും കളവിന്റെയും എല്ലാം നിറം കറുപ്പാണെന്ന് വിശ്വസിപ്പിക്കാൻ കരുതലുള്ള ഒരച്ഛൻ, അതെല്ലാം പറഞ്ഞ് അവളെ ആഹ്ലാദിപ്പിക്കാൻ കരുതലുള്ള ആ അച്ഛന്, മകളുടെ കൈ പിടിച്ച് നയിക്കുക ഒഴിവാക്കുക വയ്യ.
    കഥയിലെന്തു കൊണ്ട് കറുപ്പു പടർന്നു എന്ന് കണ്ടെടുക്കാൻ രണ്ടൂ മൂന്നാവർത്തി വായിക്കേണ്ടി വന്നു. അതിനു ശേഷം കഥയുടെ മനസ്സ് തൊട്ടു എന്ന് വിശ്വസിക്കുമ്പോൾ നിഗൂഢമായ ഒരാഹ്ലാദം അനുഭവപ്പെടുന്നു. പക്ഷേ കഥ ഒരു മനുഷ്യാവസ്ഥയായി തുടർന്നു വായിക്കുമ്പോൾ മനസ്സിൽ ആ അച്ഛന്റെ ദു:ഖം നിറയുന്നു.

    മനോഹരം കാത്തി.

    മറുപടിഇല്ലാതാക്കൂ
  8. നെഞ്ചകത്തിലേക്കു വന്നപ്പോള്‍ കുത്തിക്കീറിയിട്ട ഒരച്ഛന്റെ ഹൃദയമാണിവിടെ കാണേണ്ടി വന്നത്.....ഒപ്പം കറുപ്പ് പടര്‍ന്ന സമൂഹ മനസാക്ഷിയെയും.......ഇഷ്ട്ടമായി ആശംസകള്‍....!

    മറുപടിഇല്ലാതാക്കൂ
  9. ചുരുങ്ങിയ വാക്കുകളിലൂടെ കഥാപാത്രങ്ങളുടെ മനോവികാരം പ്രകടമാക്കുന്ന സംഭാഷണങ്ങൾ...
    ചെറുകഥയോട്‌ നീതിപുലർത്തുന്ന അവതരണം..നല്ല കഥ
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  10. ജീവിതാനുഭവങ്ങള്‍ ഇരുള്‍ വീഴ്ത്തിയ ബിംബങ്ങള്‍ , കല്‍പ്പനകള്‍ ....നല്ല കഥ കാത്തീ .

    മറുപടിഇല്ലാതാക്കൂ
  11. നിറങ്ങൾ എല്ലാം കറുപ്പിൽ അവസാനിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. അനിഷ് എഴുതി ഈ ബ്ലോഗില്‍ കണ്ടതില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടമായ കഥ!

    മറുപടിഇല്ലാതാക്കൂ
  13. കഥയ്ക്കൊരു കടലാഴം അനുഭവപ്പെടുന്നു...

    മറുപടിഇല്ലാതാക്കൂ
  14. കറുത്ത സാമൂഹ മനസ്സും കരുവാളിച്ച ഒരു പിതാവിന്റെ നെഞ്ചകവും....

    മറുപടിഇല്ലാതാക്കൂ