Dec 19, 2013

കാട്ടാളി


പുസ്തക പരിചയം - കാട്ടാളി
എ.പി ജ്യോതിര്‍മയി

എ.പി ജ്യോതിര്‍മയി,തലശേരിയില്‍ ജനനം.സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഗവ.ബ്രണ്ണന്‍കോളേജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദംനേടി.കഥ,ചെറുകഥ,നോവല്‍ എഴുത്തിനൊപ്പം ആനുകാലികങ്ങളിലും ആകാശവാണിയിലും ചെറുകഥകളും കവിതകളും അവതരിപ്പിക്കുന്നുണ്ട്.
കൃതികള്‍: 
ആത്മാവിന്റെവിരുന്ന്,അപര്‍ണയുടെയാത്രകള്‍,തിരമാലകളുടെ വീട്,പുല്‍പ്പാട്ടിലെകുരുതി,നല്ലശമരിയക്കാരന്‍,ഇലകള്‍കൊഴിയുമ്പോള്‍,കാട്ടാളി,ഒളിവില്‍പാര്‍ക്കാന്‍ഒരിടം, 
മാതുതുല്യം,ക്രൂശിതരുടെപ്രാര്‍ത്ഥനാചക്രം. 
പുരസ്ക്കാരങ്ങള്‍:ദേവകിവാര്യര്‍പുരസ്ക്കാരം(പുല്‍പ്പാട്ടിലെകുരുതി),സി.ജെ.ശാന്തകുമാര്‍പുരസ്ക്കാരം(ഇലകള്‍ കൊഴിയുമ്പോള്‍),പുരോഗമനകലാസാഹിത്യസംഘംവനിതാസാഹിതീപുരസ്ക്കാരം
(നല്ല ശമരിയക്കാരന്‍),അബുദാബി ശക്തി പുരസ്ക്കാരം(കാട്ടാളി ).

ചുരുങ്ങിയ കാലങ്ങള്‍ കൊണ്ടു എഴുത്തില്‍ വേറിട്ട സ്ത്രീ ശബ്ദമായ എഴുത്തുക്കാരിയാണ് ശ്രീമതി എ.പി ജ്യോതിര്‍മയി. പ്രസിദ്ധീകരിച്ച പതിനഞ്ചോളം കൃതികളില്‍ ഭൂരിഭാഗവും പുരസ്ക്കാരത്തിനര്‍ഹമായവ. കാലഘട്ടത്തോടും സമൂഹത്തോടും യഥാര്‍ത്ഥജീവിതത്തോടും മുഖംതിരിച്ചു നില്‍ക്കുന്ന സാഹിത്യരചനകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനിടെ ജ്യോതിര്‍മയിയെന്ന എഴുത്തുക്കാരിയുടെ കൃതികള്‍ അതിനു അപവാദമാണ്‌. തന്റെ എല്ലാ കഥയിലും ജീവിതപരിസരം മുന്നിട്ടുനില്‍ക്കുന്നതുപ്പോലെ കാട്ടാളിയിലും ഏറെ പരിചിതമായ അന്തരീക്ഷവും ജീവിതപരിസരവും
  വര്‍ത്തമാനകാലവും കഥയ്ക്ക്‌ വിഷയമാകുന്നു. 

ജ്യോതിര്‍മയിയുടെ കാട്ടാളി എന്ന ഈ നോവല്‍,ശാന്തിയുടെ മഹാതീരമായിരുന്ന കാട്ടാളി എന്ന ഗ്രാമം അശാന്തിയുടെ തീരമാകുന്ന കഥപറയുന്നു.വര്‍ത്തമാനകാലത്തെയും
  സമൂഹത്തെയും മനുഷ്യന്റെ ജീവിതരീതിയില്‍ വന്ന മാറ്റത്തെയും തന്മയത്വത്തോടെ അതിഭാവുകത്വമില്ലാതെ ആവിഷ്കരിക്കാന്‍ ഈ നോവലിലൂടെ എ.പി ജ്യോതിര്‍മയിക്ക് കഴിഞ്ഞിട്ടുണ്ട്.രണ്ടായിരത്തിപത്തിലെ അബുദാബി ശക്തി  അവാര്‍ഡ് നേടിയ നോവലാണ് കാട്ടാളി.കാട്ടാളി എന്ന ഗ്രാമത്തിന്റെയും അവിടത്തെ ഗ്രാമവാസികളുടെയും ജീവിതമാണ് ഈ നോവല്‍. ഈ കഥയും ജീവിതവും കേവലം കാട്ടാളിയുടെ മാത്രമാവാതെ എഴുത്തുക്കാരിയുടെ സൃഷ്ടി മാത്രമാവാതെ, പൂര്‍ണ്ണവായനക്കൊടുവില്‍ നമ്മുടെ ഗ്രാമത്തിന്റെയും ചുറ്റുപാടിന്റെയും കഥകൂടിയായി വായനക്കാരനു      മാറുമ്പോള്‍ സ്വയം എടുത്തണിഞ്ഞ മുഖംമൂടി നമ്മളില്‍ നിന്നും താനേ അഴിഞ്ഞുവീഴുന്നതായി തോന്നാം .പലതും കണ്ടു പ്രതികരിക്കാനാവാതെ മുഖം തിരിഞ്ഞു നിന്നണിയുന്ന മുഖം മൂടികള്‍.കണ്ടിട്ടും കാണാതെ പോകുന്ന, അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന ഇന്നത്തെ മനുഷ്യരാശിയുടെ  സമൂഹത്തിന്റെ നേര്‍ചിത്രം കാട്ടാളിയില്‍ കാണാം.ജാതിയും മതവും വര്‍ഗീയതയും കൊടികുത്തിവാഴുന്ന ഈക്കാലത്ത് അതിനിടയില്‍ പെട്ടുപോകുന്ന ജീവിതങ്ങളുടെ കഥ പറയുകയാണ്
കാട്ടാളി.


വിശ്വാസത്തിന്റെയും മതത്തിന്റെയം പേരില്‍
തട്ടിപ്പു നടത്തുന്ന,മുതലെടുപ്പു നടത്തുന്ന സമൂഹവും മനുഷ്യനും.സ്വയം ഉള്‍വലിഞ്ഞു ജീവിക്കാന്‍ തുടങ്ങുന്ന ആ സമൂഹത്തില്‍ സ്ത്രീ, 
കുട്ടികള്‍,വിശ്വാസികള്‍,വൃദ്ധര്‍, സാധാരണക്കാര്‍ അവരെല്ലാം നേരിടുന്ന പ്രശ്നങ്ങള്‍ പലരും കണ്ണടച്ചു ഇരുട്ടാക്കുന്ന ചുറ്റുപാടില്‍ നിന്നെടുത്തു സത്യസന്ധമായി എഴുത്തുക്കാരി പറഞ്ഞിരിക്കുന്നു.

കാട്ടാളിയുടെ കഥ നിയന്ത്രിക്കുന്നതു  മാധവന്‍മാഷും ചേക്കുട്ടിയുമാണ്‌.ഹിന്ദുവും മുസ്ലിമുമായ അവരുമായി ബന്ധപ്പെട്ടാണു കഥ വികസിക്കുന്നതും കഥാപാത്രങ്ങള്‍ രൂപപ്പെടുന്നതും.കുട്ടിക്കാലം മുതല്‍ ഒരുമിച്ചു വളര്‍ന്ന മാധവന്‍ മാഷും ചേക്കുട്ടിയും.അവരുടെ മക്കള്‍,അയല്പക്കക്കാര്‍,കാട്ടാളിക്കുന്ന്,കാട്ടാളിയമ്മ എന്നിങ്ങനെയുള്ളവരുടെ ജീവിതവും ചരിത്രവും പറഞ്ഞുപോകുന്ന കാട്ടാളിയുടെ തുടക്കം തണുത്തമട്ടിലാണെങ്കില്‍ കൂടി, കാട്ടാളിയില്‍ വര്‍ഗീയതയുടെ വിത്തുപൊട്ടിമുളയ്ക്കുന്നത്തോടെ നോവല്‍ ശരിയായ ദിശയിലേക്കു സഞ്ചാരം തുടങ്ങുന്നു.സന്തോഷത്തോടെ സമധാനത്തോടെ ജീവിച്ചുപോകുന്ന  കാട്ടാളിയില്‍ നിന്നും ഒരു മതതീവ്രവാദി ഉണ്ടാകുന്നത്തോടെ തീവ്രവാദിയായി മുദ്രകുത്തപെട്ടവന്റെ കുടുംബത്തിനു നേരിടേണ്ടിവരുന്ന പ്രതിബദ്ധങ്ങളോടെ നോവല്‍ പൂര്‍ണതയിലേക്കു കുത്തിക്കുന്നു. ആ കുടുംബം സമൂഹത്തില്‍ ഒറ്റപ്പെടുന്നു. അവരെ സഹായിക്കാന്‍ ഒരുങ്ങുന്നവരും ഒറ്റപ്പെടുന്നു. ചെറിയവിഭാഗീയതകള്‍ അതിനു പിറകേ അന്നാട്ടില്‍ കുത്തൊഴുക്കാവുന്നു.സമധാനന്തരീക്ഷം തകരുന്ന കാട്ടാളി ഗ്രാമം.ഈ നോവലില്‍ അസാധാരണത്വമായി ഒന്നും തന്നെ ചേര്‍ക്കേണ്ടി വന്നിട്ടില്ല. നമ്മുടെ ജീവിത പരിസരത്ത് നടന്നുകഴിഞ്ഞതോ,നടക്കുന്നതോ ,നടക്കാന്‍ പോകുന്നതോ ആയ പലതും പറഞ്ഞുപോയിട്ടുണ്ട് കാട്ടാളിയില്‍. ഇതൊരു ഓര്‍മ്മപെടുത്തലാണ്, നന്മ അവശേഷിക്കുന്ന ഗ്രാമങ്ങള്‍ക്കു, അവിടെയുള്ള ജീവിതങ്ങളോടുള്ള മുന്നറിയിപ്പ്.ന്ധവിശ്വാസങ്ങളുടെയും,അന്ധമായ കാഴ്ചപ്പാടുകള്‍ക്കുമെതിരെയും, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയും ശക്തമായി തന്റെതായ രീതിയില്‍ പ്രതികരിക്കുന്നുണ്ട് എഴുത്തുക്കാരി.
   
സമകാലീകസാംസ്കാരിക സാമൂഹികജീവിതത്തില്‍ വന്ന മാറ്റങ്ങളിലേക്കും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കും വായനക്കാരെ കൂട്ടികൊണ്ടുപോകുകയാണ് കാട്ടാളിയെന്ന നോവല്‍. സാമൂഹികമാറ്റങ്ങള്‍,മതം,വിശ്വാസം തുടങ്ങിയവ കുടുംബബന്ധങ്ങളിലും മനുഷ്യനിലും വരുത്തുന്ന മാറ്റങ്ങള്‍. അതു പ്രകൃതിയെയും നാടിനെയും എങ്ങനെ ബാധിക്കുന്നുവെന്നു തുടങ്ങി വര്‍ത്തമാനകാ‍ലത്തിന്റെ പ്രതിഫലനം ഈ സൃഷ്ടിയിലുണ്ട്. ജാതിയും,മതവും ,വിശ്വാസവും,പരിസ്ഥിതിമലിനീകരണവും,വര്‍ഗീയതയും,ഭീകരവാദവും,സ്ത്രീയും,ദാമ്പത്യവും,സൌഹൃദവുമെല്ലാം വിഷയമാകുന്ന ഈ നോവല്‍ വെറും വായനമാത്രമാവാതെ  സമൂഹത്തില്‍ നിന്നും നന്മയും ശാന്തിയും സമാധാനവും അന്യമാകുന്നുവെന്നുള്ള മുന്നറിയിപ്പു കൂടി നല്‍ക്കുന്നുണ്ട്.എ.പി ജ്യോതിര്‍മയിയുടെ കാട്ടാളി എന്ന നോവല്‍ സമകാലീക മലയാളി ജീവിതത്തോട്‌ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നതാണെന്നതില്‍ തര്‍ക്കമില്ല.

സമയം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില തൊണ്ണൂറു രൂപയാണ്.

15 comments:

 1. ഫീഡ് വന്നപ്പോള്‍ "കാട്ടാളത്തി " അല്ലെ ന്നു മനസിലോര്ത്താണ് ഇവിടെ എത്തിയത്. അപ്പോഴല്ലേ , അല്ല ശര്ക്കും കാട്ടാളിയെ കുറിച്ചാണ് പറയുന്നത് എന്ന് മനസിലായത് :). ജ്യോതിര്‍മയിയെ വായിച്ചിട്ടില്ല. പക്ഷെ, കാത്തിയുടെ വാക്കുകള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് :) നന്ദി

  ReplyDelete
 2. ഇങ്ങിനെ നമ്മൾ അറിയാത്ത എത്രയെത്ര നല്ല എഴുത്തുകാർ ഉണ്ടല്ലേ..?!
  വായനയിൽ ഒരാളെക്കൂടി പരിചയപ്പെട്ടു. ആശംസകൾ..

  ReplyDelete
 3. ഫോണ്ടിന്റെ വലിപ്പക്കുറവ് സഹിച്ചും വായിച്ചു.

  ReplyDelete
  Replies
  1. ഫോണ്ടിന്റെ വലിപ്പക്കുറവ് പരിഹരിയ്ക്കാന്‍ “CTRL“ “+“ കീകള്‍ ഒരുമിച്ച് അമര്‍ത്തിപ്പിടിച്ചാല്‍ മതി. കുറയ്ക്കണമെങ്കില്‍ പ്ലസിന് പകരം മൈനസ് അമര്‍ത്തിയാല്‍ മതിയാകും

   Delete
  2. ഫോണ്ടിന്റെ വലിപ്പം അല്പം കൂട്ടി പോസ്റ്റ്‌ ചെയ്യുന്നത് തന്നെയാണ് നല്ലത്. വലുതാക്കി വായിക്കലൊക്കെ ഒരു രസക്കുറവ് തോന്നിക്കുന്നു. ചൂടോടെ എന്നൊക്കെ പറയില്ലേ....അത് കുറയുന്നു.

   Delete
 4. അവലോകനം നന്നായി.
  എഴുത്തുകാരിയെയും.പുസ്തകങ്ങളെയും പരിചയപ്പെടുത്തിയതില്‍ നന്ദിയുണ്ട്‌.
  ആശംസകള്‍

  ReplyDelete
 5. അങ്ങനെ ഒരു എഴുത്തുകാരിയെക്കൂടി പരിചയപ്പെട്ടു,,,

  ReplyDelete
 6. പരിചയപ്പെടാൻ മാത്രം കഴിയുന്നു എന്നെങ്കിലും വായിക്കുവാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

  ReplyDelete
 7. ജ്യോതിര്‍മയിയെയൊക്ക ആദ്യം കേള്‍ക്കുകയാണ് കേട്ടോ.
  വായന കുറഞ്ഞതിന്റെ ഓരോ വിപരീതഫലങ്ങള്‍

  കാട്ടാളി കിട്ടുകയാണെങ്കില്‍ വായിക്കാം.

  ReplyDelete
 8. പരിചയപ്പെടുത്തല്‍ നന്നായി.

  ReplyDelete
 9. ആദ്യമായി അറിയുകയാണ് ജ്യോതിര്‍മയിയെ.. താങ്ക്സ്..

  ReplyDelete
 10. ആദ്യമായി കേള്‍ക്കുന്നു ,, നന്ദി അനീഷ്‌ ഈ പരിചയപ്പെടുത്തലിന്

  ReplyDelete
 11. ആദ്യമായാണു ഈ പുസ്തകത്തെക്കുറിച്ചും എഴുത്തുകാരിയെക്കുറിച്ചും കേള്‍ക്കുന്നത്. എന്തായാലും വായിക്കണം. നന്ദി കാത്തീ ഈ പരിചയപ്പെടുത്തലിനു..

  ReplyDelete
 12. ആദ്യായിട്ടാണ് ഇവരെ കുറിച്ച് കേള്‍ക്കുന്നത്. പുസ്തകം വായിക്കണം... നന്ദി :)

  ReplyDelete